ബെല്ലടിച്ച്‌ ബൈൽസ്‌ ; ജിംനാസ്‌റ്റിക്‌സ്‌ ഇതിഹാസത്തിന്‌ സ്വർണനേട്ടം

Wednesday Jul 31, 2024
image credit Simone Biles facebook


പാരിസ്‌
സിമോണി ബൈൽസ്‌ തിരിച്ചുവരവിന്റെ ബെൽ മുഴക്കുന്നു. പാരിസിൽ അമേരിക്കൻ വനിതാ ജിംനാസ്‌റ്റിക്‌സ്‌ ഇതിഹാസത്തിന്‌ സ്വർണനേട്ടം. ആർടിസ്‌റ്റിക്‌ ഓൾറൗണ്ട്‌ ടീം ഇനത്തിൽ കൂട്ടുകാരികളായ സുനിസ ലീ, ജോർദാൻ ചിലെസ്‌, ജെയഡ്‌ കാരി, ഹൈസ്‌ലി റിവേറ എന്നിവർക്കൊപ്പം അഞ്ചാം ഒളിമ്പിക്‌ സ്വർണം ചൂടി. ‘ഇനി ജീവിതത്തിൽ ഫ്ലാഷ്‌ബാക്കുകളില്ല. ഇത്‌ പുതിയ തുടക്കം’–-ഇരുപത്തേഴുകാരി വാചാലയായി.

മൂന്ന്‌ വർഷംമുമ്പ്‌ ടോക്യോയിൽ നിശ്ചലമായ ശരീരവും മനസ്സുമായി ട്രാക്ക്‌ വിട്ടതാണ്‌. അഭ്യാസത്തിന്‌ തയ്യാറെടുക്കുംമുമ്പ്‌ മനസ്സ്‌ ശൂന്യമായി. ശരീരം വിറച്ചു. ഇനി വയ്യെന്ന്‌ കൂട്ടുകാരികളോട്‌ തുറന്നുപറഞ്ഞു. കണ്ണീരോടെ മടങ്ങി. 2016 റിയോയിൽ നാല്‌ സ്വർണവും ഒരു വെങ്കലവും നേടി ലോകത്തെ അതിശയിപ്പിച്ച പെൺകുട്ടി ടോക്യോയിൽ തലതാഴ്‌ത്തി. ഒരു വെള്ളിയും വെങ്കലവും മാത്രം നേടി. പാതിയിൽ നിർത്തി. പല ഇനങ്ങളിൽനിന്ന്‌ പിൻമാറി. പിന്നീട്‌ രണ്ടുവർഷം വിശ്രമമായിരുന്നു. മനസ്സ്‌ ക്ഷീണിച്ചു. തിരിച്ചുവരവില്ലെന്ന്‌ ഉറപ്പിച്ചു. പക്ഷേ, ഉള്ളിലെ തീ കെട്ടിരുന്നില്ല. ഉറ്റവരുടെ പിന്തുണ നഷ്ടമായ ഉന്മേഷം അവളിൽ തിരിച്ചെത്തിച്ചു. മനസ്സുണർന്നു. ഒപ്പം ശരീരവും. 2023 ജൂണിൽ വീണ്ടും കളത്തിൽ. നാല്‌ സ്വർണവും ഒരു വെള്ളിയും നേടി ഉജ്വലമായ തിരിച്ചുവരവ്‌. 23 ലോകചാമ്പ്യൻഷിപ് സ്വർണമുണ്ട്‌. ആകെ 30 മെഡലും. 

പാരിസിൽ ‘ടോക്യോ’വേട്ടയാടുമെന്ന്‌ ഭയമുണ്ടായിരുന്നു. ഫൈനൽദിനം രാവിലെ ടീം തെറാപിസ്റ്റിനെ കണ്ടു. ‘ഒരു നിമിഷത്തെ ഏകാഗ്രത മതിയായിരുന്നു എല്ലാം തിരിച്ചുപിടിക്കാൻ. അതിന്‌ കഴിയുമെന്ന്‌ ഉറപ്പായിരുന്നു. ഇനി ഒന്നിനെയും ഭയക്കില്ല’–-ചാമ്പ്യൻ പറഞ്ഞു. ഒളിമ്പിക്‌സിൽ ആകെ എട്ട്‌ മെഡലായി. മറ്റൊരു അമേരിക്കൻ താരത്തിനുമില്ലാത്ത നേട്ടം. പാരിസിൽ ഇനി നാല്‌ വിഭാഗത്തിൽക്കൂടി മത്സരമുണ്ട്‌.


Olympics In History
Events