ഒരുമയുടെ ഒളിമ്പിക്‌സ്

Thursday Aug 1, 2024
എം സി വസിഷ്ഠ്


2024 ഒളിമ്പിക്‌സിന്‌ ഫ്രഞ്ച്‌ നഗരമായ പാരീസിൽ ദീപം തെളിഞ്ഞു. പുതിയ ദൂരവും ഉയരവും വേഗവും തേടി ലോകമാകെയുള്ള കായികതാരങ്ങൾ മാറ്റുരച്ചുതുടങ്ങി. മൂന്നാമത്തെ പ്രാവശ്യമാണ് പാരീസ് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്. 1900 ലും 1924 ലുമാണ് മുമ്പ് പാരീസ് മഹാകായികമേളയ്‌ക്ക്‌ ആതിഥേയത്വം വഹിച്ചത്.  ഒരു നൂറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഒളിമ്പിക്‌സ്‌ വീണ്ടും ഫ്രഞ്ച് മണ്ണിലേക്ക്, പാരീസിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. 


ഒളിമ്പിക്‌സിനോളം ചരിത്രം അവകാശപ്പെടാന്‍ ലോകത്ത് ഒരു കായികമേളയും ഇല്ല. രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഒളിമ്പിക്‌സ് 776 ബിസി യിലാണ് നടന്നത്‌. പ്രാചീന ഗ്രീക്കുകാര്‍ ലോകത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയായ ഒളിമ്പിക്‌സ് നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും കൂടുതല്‍ കരുത്തോടെ മുന്നോട്ടുപോവുകയാണ്‌.

സംഘര്‍ഷഭരിതമായ, രൂക്ഷമായ വർഗവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന ആധുനിക ലോകത്ത് മാനവരാശിക്ക് പ്രതീക്ഷയായി, മാനവരാശിയെ ഒന്നിപ്പിക്കുന്ന ഒരു മഹാപ്രസ്ഥാനമായി ഒളിമ്പിക്‌സ് നിലനില്‍ക്കുന്നു.

പാരീസിലെ മൂന്നാമത്തെ ഒളിമ്പിക്‌സ്‌


2024 ഒളിമ്പിക്‌സിന്‌ ഫ്രഞ്ച്‌ നഗരമായ പാരീസിൽ ദീപം തെളിഞ്ഞു. പുതിയ ഉയരവും ദൂരവും വേഗവും തേടി ലോകമാകെയുള്ള കായികതാരങ്ങൾ മാറ്റുരച്ചു തുടങ്ങി. മൂന്നാമത്തെ പ്രാവശ്യമാണ് ഫ്രാന്‍സിന്റെ ആസ്ഥാനമായ പാരീസ് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്. 1900ലും 1924 ലുമാണ് മുമ്പ് പാരീസ് മഹാകായികമേളയ്‌ക്ക്‌ ആതിഥേയത്വം വഹിച്ചത്.

ഒരു നൂറ്റാണ്ടിന്റെ ഇടവേളക്ക് ശേഷം ഒളിമ്പിക്‌സ്‌ വീണ്ടും ഫ്രഞ്ച് മണ്ണിലേക്ക്, പാരീസിലേയ്ക്ക് തിരിച്ചെത്തുന്നു. ഒളിമ്പിക്‌സിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പാരീസ്. വോള്‍ട്ടെയറും റൂസോവും ആശയാടിത്തറ പാകിയ ഫ്രഞ്ച് വിപ്ലവത്തിനും (1789) ലോകത്തിലെ ആദ്യത്തെ തൊഴിലാളിവര്‍ഗ ഭരണകൂടത്തിനും പാരീസ് കമ്യൂണിനും (1871) സാക്ഷ്യം വഹിച്ച കലയുടേയും ചരിത്രത്തിന്റേയും കളിത്തൊട്ടിലായ പാരീസ് അല്ലാതെ ഒളിമ്പിക്‌സിന് വേദിയാകാന്‍ മറ്റേത് നഗരത്തിനാണ് ഇത്രയധികം ഇതേപോലെ യോഗ്യതയുള്ളത് അല്ലെങ്കില്‍ അര്‍ഹതയുള്ളത്?

പ്രാചീന ഗ്രീസിലെ ഒളിമ്പിക്‌സ്‌

ലോക സംസ്‌കാരത്തിന് അതുല്യമായ സംഭാവനകള്‍ നല്‍കിയ പ്രാചീന ഗ്രീസിലാണ് ഒളിമ്പിക്‌സിന്റെ ജനനം. പ്രാചീന ഗ്രീക്കുകാരെ ഒന്നിപ്പിച്ച പ്രധാന ഘടകങ്ങള്‍ മതവും ഒളിമ്പിക്‌സുമായിരുന്നു. തത്വശാസ്ത്ര സംവാദങ്ങളും ഒളിമ്പിക്‌സിന്റെ ഭാഗമായതുകൊണ്ട് സോക്രട്ടീസിന്റെയും പ്ലാറ്റോവിന്റെയും സാന്നിധ്യം ഒളിമ്പിക്‌സിനുണ്ടായിരുന്നു.

ഗ്രീക്ക് നഗര രാഷ്ട്രങ്ങളുടെ തകര്‍ച്ചയ്‌ക്ക് വഴിതെളിയിച്ച പെല്‍പ്പോനേഷ്യന്‍ യുദ്ധങ്ങളോടെ (ബി സി  431‐404) അഥവാ ആതന്‍സും സ്പാര്‍ട്ടയും തമ്മിലുള്ള യുദ്ധങ്ങളോടെ ഗ്രീസിലെ ഒളിമ്പിക്‌സിന് അന്ത്യമായി. അലക്സാണ്ടര്‍ക്കു ശേഷം രൂപം കൊണ്ട ഹെലനിസ്റ്റിക് ലോകത്തും (ഗ്രീക്ക്, ഗ്രീക്കേതര സംസ്‌കാരങ്ങളുടെ സങ്കലനത്തെയാണ് ഹെലനിസ്റ്റിക് സംസ്‌കാരമെന്ന് വിശേഷിപ്പിക്കുന്നത്) ഒളിമ്പിക്‌സ്‌ സംഘടിപ്പിക്കപ്പെട്ടിരുന്നു.

ബി സി 146ല്‍ റോം, ഗ്രീസ് ആക്രമിച്ച് കീഴടക്കിയതോടെ ഒളിമ്പിക്‌സ്‌ റോമിലും പ്രവേശിച്ചു. എന്നാല്‍ റോമില്‍ ഒളിമ്പിക്‌സ്‌ നഗ്നമായ അഴിമതികളുടെ വേദികളായി മാറി. മതത്തിന്റെ പേരില്‍ ആരംഭിക്കപ്പെട്ട ഒളിമ്പിക്‌സ്‌ ക്രിസ്തുമതത്തിന്റെ പേരിലാണ് നിരോധിക്കപ്പെട്ടത്. റോമാ സാമ്രാജ്യത്തില്‍ മർദിതരുടെയും ചൂഷിതരുടെയും പിന്തുണയോടെ ക്രിസ്തുമതം ജനപ്രിയ മതമായി വളര്‍ന്നു.

ക്രിസ്തുമതത്തിന്റെ ജനപ്രീതി അതിനെ അംഗീകരിക്കാന്‍ റോമാ ചക്രവര്‍ത്തിമാരെ നിര്‍ബന്ധിച്ചു. റോമാ ചക്രവര്‍ത്തി തിയോഡോഷ്യസ് ഒന്നാമന്‍ എ ഡി 393ല്‍ ക്രിസ്തുമതത്തെ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ചു. ക്രൈസ്തവമല്ലാത്ത, ഒളിമ്പിക്‌സ്‌ ഉള്‍പ്പടെയുള്ള ഗ്രീക്ക് റോമന്‍ ആഘോഷങ്ങള്‍ നിരോധിക്കപ്പെട്ടു. അങ്ങനെ പ്രാചീന ഒളിമ്പിക്‌സിന്‌ അന്ത്യമായി.

 ആധുനിക ഒളിമ്പിക്‌സ്‌


പിയറി ഡി ക്യൂബേര്‍ട്ടിന്‍

പിയറി ഡി ക്യൂബേര്‍ട്ടിന്‍

പ്രാചീന ഒളിമ്പിക്‌സിന് വിരാമമിട്ട റോമാ ചക്രവര്‍ത്തിയുടെ ഉത്തരവിന് ഏതാണ്ട് 15 നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒളിമ്പിക്‌സ് പുനര്‍ജനിച്ചു. ഒളിമ്പിക്‌സിന്റെ ജന്മസ്ഥലമായ ഗ്രീസില്‍, ഗ്രീസിന്റെ ആസ്ഥാനമായ ആതന്‍സില്‍ 1896ല്‍ ആധുനിക ഒളിമ്പിക്‌സിന് ആരംഭമായി. വിക്‌ടോറിയന്‍ കായിക സംസ്‌കാരത്തിന്റെ ആരാധകനായിരുന്ന, ഫ്രഞ്ച് കായികപ്രേമിയായിരുന്ന പിയറി ഡി ക്യൂബേര്‍ട്ടിന്‍ ആണ് ആധുനിക ഒളിമ്പിക്‌സിന് ജന്മമേകിയത്. അതുകൊണ്ടു തന്നെ ഒളിമ്പിക്‌സിന്റെ പിതാവ് എന്ന പേരിലും അദ്ദേഹം അറിയപ്പെടുന്നു. അന്താരാഷ്ട്ര ഒളിമ്പിക്‌സ്‌ കമ്മിറ്റിയുടെയും സ്ഥാപകരില്‍ ഒരാള്‍ ക്യുബേര്‍ട്ടിനായിരുന്നു.

1896ല്‍ ആതന്‍സില്‍ ആരംഭിച്ച ആധുനിക ഒളിമ്പിക്‌സ് പ്രതിസന്ധികളേയും സംഘര്‍ഷങ്ങളേയും അതിജീവിച്ചുകൊണ്ട് അതിന്റെ മുപ്പതാമത്തെ അധ്യായത്തിലേക്ക് കടക്കുന്നു.അന്താരാഷ്ട്ര സംഘര്‍ഷങ്ങളും സംഭവങ്ങളും എപ്പോഴും ഒളിമ്പിക്‌സിനെ സ്വാധീനിച്ചിട്ടുണ്ട്. ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന് 1916ലെ ബർലിന്‍ ഒളിമ്പിക്‌സും രണ്ടാം ലോകയുദ്ധത്തെ തുടര്‍ന്ന് 1940 ടോക്കിയോ ഒളിമ്പിക്‌സും 1944 ലെ ലണ്ടന്‍ ഒളിമ്പിക്‌സും ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്.

1896ല്‍ ആതന്‍സില്‍ ആരംഭിച്ച ആധുനിക ഒളിമ്പിക്‌സ് പ്രതിസന്ധികളേയും സംഘര്‍ഷങ്ങളേയും അതിജീവിച്ചുകൊണ്ട് അതിന്റെ മുപ്പതാമത്തെ അധ്യായത്തിലേക്ക് കടക്കുന്നു.അന്താരാഷ്ട്ര സംഘര്‍ഷങ്ങളും സംഭവങ്ങളും എപ്പോഴും ഒളിമ്പിക്‌സിനെ സ്വാധീനിച്ചിട്ടുണ്ട്. ഒന്നാം ലോകയുദ്ധത്തെ തുടര്‍ന്ന് 1916ലെ ബർലിന്‍ ഒളിമ്പിക്‌സും രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് 1940 ടോക്കിയോ ഒളിമ്പിക്‌സും 1944 ലെ ലണ്ടന്‍ ഒളിമ്പിക്‌സും ഉപേക്ഷിക്കപ്പെടുകയാണുണ്ടായത്.

രണ്ടാം ലോകയുദ്ധത്തിന് ശേഷം കമ്യൂണിസ്റ്റ്‐മുതലാളിത്ത രാജ്യങ്ങള്‍ തമ്മിലാരംഭിച്ച ശീതസമരവും ഒളിമ്പിക്‌സിനെ സ്വാധീനിച്ചു. ഒളിമ്പിക്‌സിലെ പഴയ സോവിയറ്റ് റഷ്യയും അമേരിക്കയും തമ്മിലുള്ള മത്സരങ്ങള്‍ വർഗസമരങ്ങളായിട്ടു പോലും ചിത്രീകരിക്കപ്പെട്ടു.

ഇതിനുദാഹരണമായിരുന്നു 1972 ഒളിമ്പിക്‌സിലെ ബാസ്‌ക്കറ്റ് ബോള്‍ ഫൈനല്‍. നിർണായകമായ മത്സരത്തില്‍ ഒരു പോയിന്റിനാണ് യുഎസ്എസ്ആർ അന്ന് യുഎസ്എയെ അട്ടിമറിച്ചത് (യുഎസ്എസ്ആര്‍ 51, യുഎസ്എ 50). ശീതസമരത്തെത്തുടര്‍ന്ന് 1980ലെ മോസ്‌കോ ഒളിമ്പിക്‌സ് അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളും 1984 ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സ്  സോവിയറ്റ് റഷ്യ ഉള്‍പ്പെടെയുള്ള പതിമൂന്നോളം കമ്യൂണിസ്റ്റ് രാജ്യങ്ങളും ബഹിഷ്‌കരിച്ചു. ഈ ബഹിഷ്‌കരണത്തിന്റെ കോട്ടങ്ങള്‍ അനുഭവിക്കേണ്ടി വന്നത് വിശ്വപ്രസിദ്ധരായ കായികതാരങ്ങളായിരുന്നു.

അമേരിക്കയുടെ മെഡലുകളില്‍ ഭൂരിപക്ഷം ലഭിക്കുന്നത് നീന്തലില്‍നിന്നും അത്‌ലറ്റിക്‌സിൽ നിന്നുമാണ്. അത് ലറ്റിക്‌സില്‍ കറുത്ത ശക്തിയുടെ തേരോട്ടമാണ് എല്ലാ ഒളിമ്പിക്‌സുകളിലും നമ്മള്‍ കാണുന്നത്. ഒളിമ്പിക്‌സില്‍ ആഫ്രിക്കയുടെ സാന്നിധ്യം നമ്മള്‍ കാണുന്നത് പ്രധാനമായും ദീര്‍ഘദൂര ഓട്ടങ്ങളിലാണ്. കെനിയയില്‍ നിന്നും എത്യോപ്യയില്‍ നിന്നുമുള്ള താരങ്ങള്‍ എപ്പോഴും തങ്ങളുടെ സ്വർണമെഡല്‍ നേട്ടങ്ങള്‍ ആര്‍ക്കും വിട്ടുകൊടുക്കാറില്ല.

ഏഷ്യന്‍ ഭൂഖണ്ഡത്തിനും ഒളിമ്പിക്‌സിന് വേദിയാവാനുള്ള അവസരം നാല് പ്രാവശ്യം ഉണ്ടായിട്ടുണ്ട്. 1964 ലും 2020ലും ജപ്പാൻ തലസ്ഥാനമായ ടോക്കിയോ ആണ്‌ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ചത്‌.  1988ല്‍ ദക്ഷിണകൊറിയന്‍ നഗരമായ സിയോളും 2008 ല്‍ ബീജിങ്ങും ആതിഥേയരായി. എന്നാല്‍ ഇന്നേവരെ ആതിഥേയത്വം വഹിക്കാനുള്ള അവസരം ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്‌  ലഭിച്ചിട്ടില്ല.

ഒളിമ്പിക്‌സുകളില്‍ ഏറ്റവും അധികം നേട്ടങ്ങളുണ്ടാക്കിയത് യുഎസ്എസ്ആര്‍, ജിഡിആര്‍, ചൈന എന്നീ രാജ്യങ്ങളാണ്. ഇതില്‍ യുഎസ്എസ്ആറും, ജിഡിആറും ഇന്നില്ല. അവ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. സോഷ്യലിസ്റ്റ് രാജ്യങ്ങളെന്നോ കമ്യൂണിസ്റ്റ് രാജ്യങ്ങളെന്നോ വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ രാജ്യങ്ങളിലെ കായിക പരിശീലനരീതി ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

പക്ഷേ ഈ രാജ്യങ്ങളുള്‍പ്പെടെയുള്ള സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിൽ ഗവണ്‍മെന്റുകള്‍ കായികതാരങ്ങള്‍ക്ക് നല്‍കിയ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ അവിടങ്ങളിലെ കായികതാരങ്ങള്‍ക്ക് മികച്ച പ്രകടനങ്ങള്‍ നടത്താനുള്ള സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്.

യൂണിയന്‍ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് അഥവാ യുഎസ്എസ്ആര്‍ 1952 ഹെല്‍സിങ്കി ഒളിമ്പിക്‌സിലാണ് ആദ്യമായി പങ്കെടുക്കുന്നത്. അന്ന് 22 സ്വർണമെഡലുകളും 30 വെള്ളി മെഡലുകളും 19 വെങ്കലമെഡലുകളും നേടി അവര്‍ മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി.

1956 ലെ മെല്‍ബണ്‍ ഒളിമ്പിക്‌സില്‍ 37 സ്വർണമെഡലുകളും 29 വെള്ളിമെഡലുകളും 32 വെങ്കലമെഡലുകളും നേടി. അങ്ങനെ ആകെ 98 മെഡലുകള്‍ നേടി യുഎസ്എസ്ആര്‍ മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. 1988ലാണ് യുഎസ്എസ്ആര്‍ എന്ന രാജ്യം അവസാനമായി ഒളിമ്പിക്‌സില്‍ മത്സരിച്ചത്.

അതിനുശേഷം യുഎസ്എസ്ആര്‍ ഇല്ലാതാവുകയും അത് നിരവധി രാജ്യങ്ങളായി വിഭജിക്കപ്പെടുകയും ചെയ്തു. 1988 ലെ സിയോള്‍ ഒളിമ്പിക്‌സില്‍ 55 സ്വർണവും 31 വെള്ളിയും 46 വെങ്കലമെഡലുകളും അങ്ങനെ ആകെ 132 മെഡലുകളായി അവര്‍ ഉജ്വല പ്രകടനം കാഴ്‌ച വെച്ചു. മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

ജിഡിആര്‍ അഥവാ ജർമന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് എന്ന കിഴക്കന്‍ ജർമനിക്കും മികച്ച നേട്ടങ്ങള്‍ ഒളിമ്പിക്‌സില്‍ അവകാശപ്പെടാനുണ്ട്. 1949ല്‍ രണ്ടാം ലോകയുദ്ധത്തിനു ശേഷം ജർമന്‍ ജനതയെ വേര്‍തിരിച്ചുകൊണ്ട് ബെർലിന്‍ മതില്‍ ഉയര്‍ന്നു. അങ്ങനെ ജർമനി രണ്ടായി വിഭജിക്കപ്പെട്ടു. മുതലാളിത്ത ജർമനി അഥവാ പശ്ചിമ ജർമനിയും സോഷ്യലിസ്റ്റ്/കമ്യൂണിസ്റ്റ് ജർമനി അഥവാ ജിഡിആറും.

1949ല്‍ രൂപം കൊണ്ടെങ്കിലും 1968 ലാണ് ജിഡിആര്‍ ആദ്യമായി ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. 1988ലാണ് യുഎസ്എസ്ആറിനെപ്പോലെ ജിഡിആറിന്റെ അവസാനത്തെ ഒളിമ്പിക്‌സ്. അന്ന് 37 സ്വർണമെഡലുകളും 35 വെള്ളിമെഡലുകളും 30 വെങ്കലമെഡലുകളും അടക്കം 102 മെഡലുകള്‍ നേടുകയും മെഡല്‍ പട്ടികയില്‍ അമേരിക്കയെ മൂന്നാം സ്ഥാനത്ത് തള്ളി മെഡല്‍ പട്ടികയില്‍ അവര്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

ഒളിമ്പിക്‌സില്‍ ഇന്ന് അമേരിക്ക കഴിഞ്ഞാലുള്ള ഏറ്റവും വലിയ ശക്തി ചൈനയാണ്. ചൈനയുടെ ആദ്യത്തെ ഒളിമ്പിക് പ്രവേശനം 52 ലാണെങ്കിലും അവര്‍ മെഡല്‍ പട്ടികയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ തുടങ്ങിയത് 1984 ലാണ്. 1956നും 1980നും ഇടയില്‍ അവര്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തിരുന്നില്ല. 1984 ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സില്‍ 15 സ്വർണമെഡലുകളടക്കം 32 മെഡലുകള്‍ അവര്‍ നേടി.

ഒളിമ്പിക്‌സില്‍ ഇന്ന് അമേരിക്ക കഴിഞ്ഞാലുള്ള ഏറ്റവും വലിയ ശക്തി ചൈനയാണ്. ചൈനയുടെ ആദ്യത്തെ ഒളിമ്പിക് പ്രവേശനം 1952 ലാണെങ്കിലും അവര്‍ മെഡല്‍ പട്ടികയില്‍ നേട്ടങ്ങളുണ്ടാക്കാന്‍ തുടങ്ങിയത് 1984 ലാണ്. 1956നും 1980നും ഇടയില്‍ അവര്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്തിരുന്നില്ല. 1984 ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സില്‍ 15 സ്വർണമെഡലുകളടക്കം 32 മെഡലുകള്‍ അവര്‍ നേടി. 2000 സിഡ്‌നി ഒളിമ്പിക്‌സില്‍ 58 മെഡലുകളോടെ അവര്‍ ആദ്യമായി മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി.

2004 ആതന്‍സ് ഒളിമ്പിക്‌സില്‍ 63 മെഡലുകളുമായി അവര്‍ മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 2008 ല്‍ ആദ്യമായി ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിച്ചപ്പോള്‍ 48 സ്വർണമെഡലുകളും 22 വെള്ളിയും 30 വെങ്കലവുമടക്കം 100 മെഡലുകളോടുകൂടി  ചൈന മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിച്ചേര്‍ന്നു.

ഒളിമ്പിക്‌സിലെ ഇതിഹാസ താരങ്ങള്‍


മനുഷ്യന്റെ സർഗാത്മകതയുടെ ഏറ്റവും വലിയ ഇടങ്ങളിലൊന്നാണ് ഒളിമ്പിക്‌സ്. നിരവധി ഇതിഹാസ താരങ്ങളെ ഒളിമ്പിക്‌സ് ലോകത്തിന് സംഭാവന ചെയ്‌തിട്ടുണ്ട്‌. ജോണി വെസ് മുള്ളര്‍, പാവോ നൂര്‍മി, ജെസ്സി

 ജോണി വെസ്മുള്ളര്‍

ജോണി വെസ്മുള്ളര്‍

പാവോ നൂർമി

പാവോ നൂർമി

ഓവന്‍സ്, നിക്കോളായ് ആന്‍ഡ്രിയാനോവ്, കാള്‍ ലൂയിസ്, ഉസൈന്‍ ബോള്‍ട്ട്, മൈക്കല്‍ ഫെല്‍പ്‌സ്, ധ്യാന്‍ ചന്ദ് തുടങ്ങിയവര്‍ അവരിലുൾപ്പെടുന്നു.

ജോണി വെസ്‌മുള്ളര്‍ അമേരിക്കയില്‍ നിന്നുള്ള ഇതിഹാസ നീന്തല്‍ താരമാണ്. 1924, 1928 ഒളിമ്പിക്‌സുകളിലായി അഞ്ച്‌ സ്വർണമെഡലുകളാണ് വെസ്‌മുള്ളര്‍ നേടിയത്. വിശ്വപ്രസിദ്ധനായ മധ്യദൂര ഓട്ടക്കാരനാണ് ഫിൻലാൻഡില്‍ നിന്നുള്ള പാവോ നൂര്‍മി. ഫ്‌ളൈയിങ് ഫിന്‍ എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു. ഒളിമ്പിക്‌സില്‍ നിന്ന് 9 സ്വർണമെഡലുകളും 3 വെള്ളി മെഡലുകളുമാണ് പാവോ നൂര്‍മി നേടിയത്. ആന്റ്‌വെർപ്പ്‌ (1920), പാരീസ് (1924), ആംസ്റ്റര്‍ഡാം (1928) ഒളിമ്പിക്‌സുകളിലാണ് പാവോ നൂര്‍മി നേട്ടം കൊയ്തത്.

ഒളിമ്പിക്‌സിലെ സുവർണാധ്യായമാണ് 1936 ലെ ബെർലിന്‍ ഒളിമ്പിക്‌സില്‍  ജെസ്സി ഓവന്‍സ് നേടിയ വിജയം. ഹിറ്റ്‌ലറെ സാക്ഷി നിര്‍ത്തി അദ്ദേഹത്തിന്റെ ആര്യസിദ്ധാന്തത്തെ കാറ്റില്‍ പറത്തി ജെസ്സി ഓവന്‍സ് നാല്‌ സ്വർണമെഡലുകളാണ് അന്ന് സമ്പാദിച്ചത്. അമേരിക്കയില്‍ നിന്നുള്ള നീന്തല്‍ ഇതിഹാസം മാര്‍ക്ക് സ്‌പിറ്റ്‌സ് 1972 മ്യൂണിച്ച് ഒളിമ്പിക്‌സില്‍ ഏഴ്‌ സ്വർണമെഡലുകളാണ് നേടിയത്.

ജെസ്സി ഓവൻസ്‌

ജെസ്സി ഓവൻസ്‌

മാർക്ക്‌ സ്‌പിറ്റ്‌സ്‌

മാർക്ക്‌ സ്‌പിറ്റ്‌സ്‌

ഒരൊറ്റ ഒളിമ്പിക്‌സില്‍ ഏറ്റവും കൂടുതല്‍ സ്വർണമെഡലുകള്‍ നേടുന്ന കായികതാരം എന്ന റെക്കോര്‍ഡ് ഏറെക്കാലം അദ്ദേഹത്തിന്റെ പേരിലായിരുന്നു. റൊമാനിയയില്‍ നിന്നുള്ള ജിംനാസ്റ്റിക്‌സ്‌ താരം നാദിയ കൊമനേച്ചി 1976 മോണ്‍ട്രിയല്‍ ഒളിമ്പിക്‌സില്‍ 10 ല്‍ 10 പോയിന്റ് നേടി ലോകത്തെ ഞെട്ടിച്ചു.

മ്യൂണിച്ച് (1972), മോണ്‍ട്രിയല്‍ (1976), മോസ്‌കോ (1980) ഒളിമ്പിക്‌സുകളിലായി ഏഴ് സ്വർണമെഡലുകള്‍ നേടിയ റഷ്യന്‍ ജിംനാസ്‌റ്റിക്‌സ്‌ താരമാണ് നിക്കോളായ് ആന്‍ഡ്രിയാനോവ്. ഒളിമ്പിക്‌സിലെ മറ്റൊരു ഇതിഹാസതാരമാണ് കാള്‍ ലൂയിസ്. 1984ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്‌സില്‍ നാല്‌ സ്വർണമെഡലുകള്‍ നേടിക്കൊണ്ട് ജെസ്സി ഓവിന്‍സ് നേട്ടം ആവര്‍ത്തിച്ചു.

കാള്‍ ലൂയിസ്

കാള്‍ ലൂയിസ്

1988 ലെ സിയോള്‍ ഒളിമ്പിക്‌സില്‍ രണ്ട്‌ സ്വർണമെഡലുകളും 1992 ലെ ബാഴ്‌സലോണ ഒളിമ്പിക്‌സില്‍ രണ്ട്‌ സ്വർണമെഡലുകളും തന്റെ അവസാനത്തെ ഒളിമ്പിക്‌സായ അറ്റ്‌ലാന്റയിൽ ഒരു സ്വർണമെഡലും. ആകെ ഒമ്പത്‌ സ്വർണമെഡലുകളാണ് കാള്‍ ലൂയിസ് നേടിയത്.

ഒളിമ്പിക്‌സിലെ പറക്കുന്ന ഇതിഹാസ താരമാണ് ഉസൈന്‍ ബോള്‍ട്ട്. ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യനെന്ന ബഹുമതി നേടിയ അദ്ദേഹം 2008 ലെ ബീജിങ്‌ ഒളിമ്പിക്‌സിലും 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലും 2016 ലെ റിയോ ഒളിമ്പിക്‌സിലും നേട്ടമുണ്ടാക്കി. എട്ട്‌ സ്വർണമെഡലുകളാണ് ഒളിമ്പിക്‌സുകളില്‍ നിന്ന് അദ്ദേഹം നേടിയത്.

മൈക്കല്‍ ഫെല്‍പ്‌സ്

മൈക്കല്‍ ഫെല്‍പ്‌സ്

ഒളിമ്പിക്‌സിന്റെ ഏറ്റവും വലിയ സ്വർണമെഡല്‍ വേട്ടക്കാരന്‍ മൈക്കല്‍ ഫെല്‍പ്‌സ് എന്ന അമേരിക്കന്‍ നീന്തല്‍ക്കാരനാണ്. 23 സ്വർണമെഡലുകളും മൂന്ന്‌ വെള്ളിമെഡലുകളും രണ്ട് വെങ്കലമെഡലുകളുമാണ് മൈക്കല്‍ ഫെല്‍പ്‌സ് ഒളിമ്പിക്‌സില്‍ നിന്ന് നേടിയത്.

2004 ലെ ആതന്‍സ് ഒളിമ്പിക്‌സില്‍ ആറ്‌ സ്വർണമെഡലുകള്‍, 2008 ലെ ബീജിങ്‌ ഒളിമ്പിക്‌സില്‍ എട്ട്‌ സ്വർണം, 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നാല്‌ സ്വർണം, 2016 ലെ റിയോ ഒളിമ്പിക്‌സില്‍ അഞ്ച്‌ സ്വർണമെഡലുകള്‍. അങ്ങനെ ആകെ 23 സ്വർണമെഡലുകള്‍  നാല്‌ ഒളിമ്പിക്‌സുകളില്‍ നിന്നായി  ഫെല്‍പ്‌സ് നേടി. ഒരു ഒളിമ്പിക്‌സില്‍ ഏറ്റവുധികം സ്വർണമെഡല്‍ നേടിയ താരമാണ് അദ്ദേഹം. ഈ റെക്കോര്‍ഡുകൾ ഇപ്പോഴും  ഫെല്‍പ്സിന്റെ പേരിലാണ്.

ഉസൈൻ ബോൾട്ട്‌

ഉസൈൻ ബോൾട്ട്‌

വിശ്വപ്രസിദ്ധരായ കായികതാരങ്ങളും ഒളിമ്പിക്‌സില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2008 ബീജിങ്‌  ഒളിമ്പിക്‌സില്‍ ടെന്നീസിലെ മിന്നും താരങ്ങളായ റാഫേല്‍ നദാലും റോജര്‍ ഫെഡററും സ്വര്‍ണം നേടിയിട്ടുണ്ട്. ടെന്നീസ് സഹോദരിമാരായ വീനസ് വില്യംസും (2000, 2008, 2012), സെറീന വില്യംസും (2000, 2008, 2012) നാലു വീതം സ്വര്‍ണമെഡലുകള്‍ വിവിധ ഒളിമ്പിക്‌സുകളില്‍ നിന്നായി നേടിയിട്ടുണ്ട്.

1988ല്‍ സ്റ്റെഫി ഗ്രാഫ് വനിതകളുടെ ടെന്നീസ്‌ സിംഗിള്‍സില്‍ സ്വര്‍ണമെഡല്‍ നേടിയതോടെ നാല് ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളും ഒളിമ്പിക്‌സ്‌ സ്വര്‍ണവും നേടുന്ന ആദ്യതാരമായി മാറി. ലയണല്‍ മെസ്സി 2008ല്‍ ഒളിമ്പിക്‌സ്‌ സ്വര്‍ണമെഡല്‍ നേടിയ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ടീം ക്യാപ്‌റ്റനായിരുന്നെങ്കില്‍ നെയ്‌മര്‍ നയിച്ച ബ്രസീല്‍ ഫുട്‌ബോള്‍ ടീം 2016 റിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുകയുണ്ടായി.


ഒളിമ്പിക്‌സിന്റെ വാണിജ്യവല്‍ക്കരണം

ഒളിമ്പിക്‌സ്‌ രംഗത്തുണ്ടായ ഏറ്റവും വലിയ മാറ്റം അതിന്റെ വാണിജ്യവല്‍ക്കരണമാണ്. 1984 ല്‍ ലോസാഞ്ചലസ് ഒളിമ്പിക്‌സോടു കൂടിയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കൂടുതല്‍ വാണിജ്യവല്‍ക്കരണത്തിന് വിധേയമാകുന്നത്. ഇന്ന്  ഐഒസിയുടെ  വലിയ സ്‌പോണ്‍സര്‍മാര്‍ ലോകത്തെ വലിയ ബഹുരാഷ്ട്ര കുത്തകകളാണ്. അന്‍പതോളം അന്താരാഷ്ട്ര ബ്രാൻഡുകളാണ് 2024 പാരീസ് ഒളിമ്പിക്‌സിനെ സാമ്പത്തികമായി പിന്തുണക്കുന്നത്.

ഒളിമ്പിക്‌സ്‌ രംഗത്തുണ്ടായ ഏറ്റവും വലിയ മാറ്റം അതിന്റെ വാണിജ്യവല്‍ക്കരണമാണ്. 1984 ല്‍ ലോസാഞ്ചലസ് ഒളിമ്പിക്‌സോടു കൂടിയാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി കൂടുതല്‍ വാണിജ്യവല്‍ക്കരണത്തിന് വിധേയമാകുന്നത്. ഇന്ന്  ഐഒസിയുടെ  വലിയ സ്‌പോണ്‍സര്‍മാര്‍ ലോകത്തെ വലിയ ബഹുരാഷ്ട്ര കുത്തകകളാണ്. അന്‍പതോളം അന്താരാഷ്ട്ര ബ്രാൻഡുകളാണ് 2024 ലെ പാരീസ് ഒളിമ്പിക്‌സിനെ സാമ്പത്തികമായി പിന്തുണക്കുന്നത്. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെയും ഒളിമ്പിക്‌സിന്റെയും ഏറ്റവും വലിയ സ്‌പോണ്‍സര്‍ കൊക്കോകോളയാണ്. ഒളിമ്പിക്‌സിന്റെ പിതാവ് ക്യുബേര്‍ട്ടിൻ മുന്നോട്ടുവെച്ച അമേച്വര്‍ സങ്കല്പം ഇന്ന് ഐഒസി പ്രൊഫഷണലിസത്തിലൂടെ ഇല്ലാതാക്കിയിരിക്കുന്നു.


ഒളിമ്പിക്‌സിലെ ഇന്ത്യ


വലിയ മികവുകളൊന്നും അവകാശപ്പെടാനില്ലെങ്കിലും ശ്രദ്ധേയമായ ചില നേട്ടങ്ങൾ ഇന്ത്യയ്‌ക്കും ഒളിമ്പിക്‌സിലുണ്ടായിട്ടുണ്ട്. ഇന്ത്യയ്‌ക്ക്‌ വേണ്ടി ആദ്യമായി ഒളിമ്പിക്‌ മെഡൽ സമ്മാനിച്ചത് 1900 പാരീസ് ഒളിമ്പിക്‌സില്‍ നോര്‍മന്‍

കെ ഡി ജാദവ്‌

കെ ഡി ജാദവ്‌

പിച്ചാര്‍ഡാണ്. രണ്ടു വെള്ളിമെഡലാണ് പിച്ചാര്‍ഡ്   നേടിയത്. പിച്ചാര്‍ഡിന്റെ പൗരത്വത്തെച്ചൊല്ലി ചില അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ആ മെഡലുകള്‍ ഇന്ത്യയ്‌ക്ക്‌ അവകാശപ്പെട്ടതാണ്‌.

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വർണമെഡല്‍ ഹോക്കിയില്‍ നിന്നായിരുന്നു-1928 ലെ ആംസ്റ്റര്‍ഡാം ഒളിമ്പിക്‌സില്‍. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണമെഡലും ഹോക്കിയില്‍ നിന്നു തന്നെയായിരുന്നു, 1948 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍. ഒളിമ്പിക്‌സില്‍ പങ്കെടുത്ത ആദ്യത്തെ ഇന്ത്യന്‍ വനിത നീലിമ ഘോഷാണ്‌.

1952 ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സിലാണ് നീലിമ അത്‌ലറ്റിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത്‌. ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത മെഡല്‍ കെ ഡി ജാദവിന്റേതായിരുന്നു. 1952 ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സില്‍ ഗുസ്‌തിയിൽ ജാദവ് ഇന്ത്യക്ക് വെങ്കലമെഡല്‍ സമ്മാനിച്ചു.

രണ്ട് ഇന്ത്യക്കാര്‍ക്കു മാത്രമേ വ്യക്തിഗത സ്വര്‍ണമെഡല്‍ ലഭിച്ചിട്ടുള്ളൂ.

അഭിനവ്‌ ബിന്ദ്ര

അഭിനവ്‌ ബിന്ദ്ര

അഭിനവ് ബിന്ദ്രയ്‌ക്കും നീരജ് ചോപ്രയ്‌ക്കും. 2008ലെ ബീജിങ്‌ ഒളിമ്പിക്‌സില്‍ ഷൂട്ടിങ്ങിലാണ് ബിന്ദ്രയ്‌ക്ക് സ്വര്‍ണമെഡല്‍ ലഭിച്ചത്‌. 2020ലെ ടോക്കിയോ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിലാണ്‌  നീരജ് ചോപ്ര സ്വർണത്തിൽ മുത്തമിട്ടത്‌. ഒളിമ്പിക്‌സ്‌ ചരിത്രത്തിൽ അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വർണപ്പതക്കം.

ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി കൂടുതൽ നേട്ടമുണ്ടാക്കിയത്‌ ഹോക്കി ടീമാണ്‌. എട്ട് സ്വർണമെഡലുകളാണ് വിവിധ ഒളിമ്പിക്‌സുകളില്‍ നിന്നായി ഇന്ത്യന്‍ ഹോക്കി ടീം നേടിയത് (1928, 1932, 1936, 1948, 1952, 1956, 1964, 1980). ഇതിലേറ്റവും ശ്രദ്ധേയമായത് 1936 ലെ ബെർലിന്‍ ഒളിമ്പിക്‌സിലേതായിരുന്നു.

ഫൈനലില്‍ ഇന്ത്യ അന്ന് ജർമനിയെ ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കാണ് തകര്‍ത്തത്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഒളിമ്പിക്‌സുകളില്‍ ഇന്ത്യന്‍ ഹോക്കി ടീമിന്റെ വിജയത്തില്‍ നിർണായകപങ്ക് വഹിച്ചത്  ധ്യാന്‍ ചന്ദ് ആയിരുന്നു. 1928, 1932,

നീരജ്‌ ചോപ്ര

നീരജ്‌ ചോപ്ര

1936 വർഷങ്ങളിലെ ഒളിമ്പിക്‌സുകളില്‍ സ്വര്‍ണമെഡലുകള്‍ നേടിക്കൊണ്ട് ഇന്ത്യന്‍ ഹോക്കിയെ ലോകത്തിന്റെ നെറുകയില്‍ എത്തിക്കാന്‍ ധ്യാൻചന്ദിന് കഴിഞ്ഞു.

ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ മെഡല്‍ ജേതാക്കളെക്കുറിച്ച് ഓർക്കുമ്പോള്‍ തലനാരിഴയ്‌ക്ക്‌ മെഡല്‍ നഷ്ടപ്പെട്ടുപോയ രണ്ട് പേരുടെ മുഖം മുന്നിൽ വരും. ഒന്ന് 1960ലെ റോം ഒളിമ്പിക്‌സില്‍ മില്‍ഖാ സിംഗിനും 1984ലെ ലോസാഞ്ചലസ് ഒളിമ്പിക്‌സില്‍ പി ടി ഉഷയ്‌ക്കും നേരിയ വ്യത്യാസത്തിനാണ്‌ മെഡൽ നഷ്‌ടമായത്‌.

ചില ഒളിമ്പിക്‌സുകളില്‍ ഇന്ത്യയ്‌ക്ക്‌ മെഡലൊന്നും ലഭിച്ചിട്ടില്ല. 1996 മുതലുള്ള ഒളിമ്പിക്‌സുകളിൽ ഇന്ത്യ സ്ഥിരമായി മെഡലുകള്‍ നേടുന്നുണ്ട്. മോണ്‍ട്രിയല്‍ (1976 ), ലോസാഞ്ചലസ് (1984), സിയോള്‍ (1988), ബാഴ്‌സലോണ (1992 ) ഒളിമ്പിക്‌സുകളാണ് ഇന്ത്യയ്ക്ക് ഒരു മെഡലും നേടാന്‍ പറ്റാതെ പോയത്.

ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും മെച്ചപ്പെട്ട പ്രകടനമുണ്ടായത് 2020 ലെ ടോക്യോ ഒളിമ്പിക്‌സിലാണ്. നീരജ് ചോപ്രയുടെ സ്വർണമുൾപ്പെടെ ഏഴ് മെഡലുകളാണ് ഇന്ത്യ നേടിയത്.


പാരീസ് ഒളിമ്പിക്‌സിലെ ഇന്ത്യ


2024ലെ പാരീസ് ഒളിമ്പിക്‌സില്‍ 16 ഇനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ആര്‍ച്ചറി, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബോക്‌സിങ്, അശ്വാഭ്യാസം, ഹോക്കി, ഗോള്‍ഫ്, ജൂഡോ, റോയിങ്, സെയിലിങ്, ഷൂട്ടിങ്, നീന്തല്‍, ടേബിള്‍ ടെന്നീസ്, ടെന്നീസ്, വെയ്‌റ്റ്‌ ലിഫ്‌റ്റിങ്‌, ഗുസ്തി എന്നിവയാണ് ഈ ഇനങ്ങള്‍.

ഒളിമ്പിക്‌സിനെ  വരവേൽക്കാനൊരുങ്ങി പാരീസ്‌

ഒളിമ്പിക്‌സിനെ വരവേൽക്കാനൊരുങ്ങി പാരീസ്‌

ഇതില്‍ ഇന്ത്യയ്‌ക്ക് ഏറ്റവും കൂടുതല്‍ മെഡല്‍ പ്രതീക്ഷകളുള്ളത് ഷൂട്ടിങ്ങിലാണ്. ഇരുപത്തൊന്ന് അംഗങ്ങളുള്ള വൻസംഘമാണ് ഷൂട്ടിങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പാരീസില്‍ എത്തുന്നത്. മറ്റു രണ്ട് പ്രധാന മെഡല്‍ പ്രതീക്ഷകള്‍ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയും വനിതകളുടെ വെയ്‌റ്റ് ലിഫ്റ്റിങ്ങില്‍ മീരാഭായ് ചാനുവുമാണ്.

ബോക്‌സിങ്ങിലും ബാഡ്മിന്റണിലും ഇന്ത്യ മെഡൽ പ്രതീക്ഷിക്കുന്നുണ്ട്‌.  ബോക്‌സിങ്ങില്‍ പ്രധാനപ്പെട്ട മത്സരാർഥികള്‍ പുരുഷന്മാരുടെ 51 കിലോ വിഭാഗത്തില്‍ അമിത് പങ്കാല്‍, വനിതകളുടെ 50 കിലോ വിഭാഗത്തില്‍ നിഖാത്ത് സറീന്‍, വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തില്‍ 2020 ഹോക്കി ഒളിമ്പിക്‌സിലെ വെങ്കലമെഡല്‍ ജേതാവായ ലൗലിന ബോര്‍ഗോഹൈന്‍ എന്നിവരാണ്. ബാഡ്മിന്റണില്‍ ചിരാഗ് ഷെട്ടി‐ സാത്വിക് സൈരാജ് സഖ്യം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. ഈ സഖ്യം 2018 ഗോള്‍ഡ് കോസ്റ്റ്, 2022 ബെർമിങ്‌ഹാം കോമൺവെല്‍ത്ത് ഗെയിംസുകളിലും, 2022 ഹാം‌‌ഗ്‌സൗ ഏഷ്യന്‍ ഗെയിംസിലും, 2022 ബാങ്കോക്ക് തോമസ് കപ്പിലും ഇന്ത്യക്ക് സുവര്‍ണ നേട്ടങ്ങള്‍ സമ്മാനിച്ച ജോഡികളാണിവർ. ടെന്നീസില്‍ ഡബിള്‍സില്‍ ശ്രീരാം ബാലാജി‐ റോഹന്‍ ബൊപ്പണ്ണ സഖ്യത്തിലും ഇന്ത്യയ്‌ക്ക്‌ പ്രതീക്ഷയുണ്ട്‌.

ഹോക്കിയില്‍ ഓസ്‌ട്രേലിയയും ബെല്‍ജിയവും ഉള്‍പ്പെട്ട  ഗ്രൂപ്പില്‍ കടുത്ത മത്സരമാണ് ഇന്ത്യ നേരിടേണ്ടി വരിക. മികച്ച ഫോമിലായാല്‍ മാത്രമേ ഇന്ത്യയ്‌ക്ക്‌ കഴിഞ്ഞവര്‍ഷത്തെ നേട്ടം ആവര്‍ത്തിച്ച് സെമിഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കൂ. ഗുസ്തിയില്‍ ഒരു പുരുഷതാരവും അഞ്ചു വനിതാ താരങ്ങളുമാണ്  ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

ഹോക്കിയില്‍ ഓസ്‌ട്രേലിയയും ബെല്‍ജിയവും ഉള്‍പ്പെട്ട  ഗ്രൂപ്പില്‍ കടുത്ത മത്സരമാണ് ഇന്ത്യ നേരിടേണ്ടി വരിക. മികച്ച ഫോമിലായാല്‍ മാത്രമേ ഇന്ത്യയ്‌ക്ക്‌ കഴിഞ്ഞവര്‍ഷത്തെ നേട്ടം ആവര്‍ത്തിച്ച് സെമിഫൈനലില്‍ പ്രവേശിക്കാന്‍ സാധിക്കൂ. ഗുസ്തിയില്‍ ഒരു പുരുഷതാരവും അഞ്ചു വനിതാ താരങ്ങളുമാണ്  ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

ഇതില്‍ വനിതകളുടെ 50 കിലോഗ്രാം ഇനത്തില്‍ മത്സരിക്കുന്ന വിനീഷ് ഫോഗട്ട്, ആന്റിം പങ്കല്‍ എന്നിവര്‍ എതിരാളികൾക്ക്‌ വെല്ലുവിളി ഉയര്‍ത്താന്‍ കഴിവുള്ളവരാണ്. അത്‌ലറ്റിക്സില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുന്ന രണ്ട് മത്സര ഇനങ്ങള്‍ പുരുഷന്മാരുടെ 4 x 400 മീറ്റര്‍ റിലേയും പുരുഷന്മാരുടെ 300 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസുമാണ്.

സ്റ്റീപ്പിള്‍ ചേസില്‍ അവിനാഷ് സേബിള്‍ ഓരോ മത്സരം കഴിയുംതോറും കൂടുതല്‍ മെച്ചപ്പെട്ടുവരുന്നു. 2022ലെ ബര്‍മിങ്‌ഹാം കോമൺവെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ ജേതാവും 2022 ലെ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ ജേതാവുമാണ് സേബിള്‍.

ഒളിന്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ കായികതാരങ്ങളിൽ ഭൂരിപക്ഷവും വരുന്നത് ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. മഹാരാഷ്ട്ര, കർണാടക, ഡൽഹി എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കായികതാരങ്ങളുമുണ്ട്.

ഒളിമ്പിക്‌സിലെ മലയാളികള്‍


1924 ലെ പാരീസ് ഒളിമ്പിക്‌സ്‌ മുതല്‍ 2024 ലെ പാരീസ് ഒളിമ്പിക്‌സ്‌ വരെ 58 മലയാളി താരങ്ങളാണ് ഇന്ത്യക്കു വേണ്ടി മത്സരിച്ചത്. 100 വര്‍ഷങ്ങൾക്ക്‌ മുമ്പ് അതായത് 1924 ജൂലൈ എട്ടിനാണ് ഒളിമ്പിക്‌സില്‍ ആദ്യമായി ഒരു മലയാളി സാന്നിധ്യം

1924 പാരീസ്‌ ഒളിമ്പിക്‌സിന്റെ ഉദ്‌ഘാടനച്ചടങ്ങ്‌

1924 പാരീസ്‌ ഒളിമ്പിക്‌സിന്റെ ഉദ്‌ഘാടനച്ചടങ്ങ്‌

ഉണ്ടായത്.

1924ലെ പാരീസ് ഒളിമ്പിക്‌സില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയ്‌ക്കായി മത്സരിച്ചത് ഒരു മലയാളിയായിരുന്നു. ചെറുവാരി ലക്ഷ്മണന്‍ എന്ന സി ലക്ഷ്മണൻ. ഹീറ്റ്സില്‍ പരാജയപ്പെട്ടെങ്കിലും ലക്ഷ്മണന്റെ ഒളിമ്പിക്‌സ്‌ അരങ്ങേറ്റം ഇന്ത്യന്‍ സ്‌പോര്‍ട്സ് ചരിത്രത്തിലെ  ഒരു രജതരേഖയായി ഇന്നും നിലനില്‍ക്കുന്നു.

1924ല്‍ ഡല്‍ഹിയില്‍ നടന്ന നാഷണല്‍  അത്‌ലറ്റിക്‌സ്‌ മീറ്റില്‍ 120 അടി ഹര്‍ഡില്‍സില്‍ വിജയിയായിരുന്നു ലക്ഷ്മണന്‍. ഈ വിജയമാണ് ലക്ഷ്മണനെ ഒളിമ്പിക്‌സില്‍ എത്തിച്ചത്.  ക്രിക്കറ്റ് കളിക്കാരനും കൂടിയായിരുന്നു ലക്ഷ്മണന്‍. അദ്ദേഹം പില്‍ക്കാലത്ത് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചു.

പാരീസില്‍ ഏഴു മലയാളികളാണ് ഇന്ത്യയുടെ ജേഴ്സിയണിയുന്നത്. പുരുഷ ഹോക്കി ഗോള്‍ കീപ്പറായ ശ്രീജേഷ്, അത്‌ലറ്റിക്സില്‍ 4x 400 പുരുഷ റിലേ ടീമില്‍ മത്സരിക്കുന്ന മുഹമ്മദ് അനസ്, മുഹമ്മദ് അജ്‌മല്‍, അമോജ് ജേക്കബ്‌, മിജോ ചാക്കോ

1924ലെ പാരീസ്‌ ഒളിമ്പിക്‌സിൽ നിന്ന്‌

1924ലെ പാരീസ്‌ ഒളിമ്പിക്‌സിൽ നിന്ന്‌

കുര്യന്‍, പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ മത്സരിക്കുന്ന അബ്ദുള്ള അബൂബക്കര്‍, പുരുഷന്മാരുടെ ബാഡ്മിന്റണില്‍ സിംഗിള്‍സില്‍ മത്സരിക്കുന്ന പ്രണോയ് എന്നിവരാണവര്‍.

ഇതില്‍ പുരുഷന്മാരുടെ റിലേ ടീം ഏറെ  പ്രതീക്ഷ നല്‍കുന്നു. ഒരു കാലത്ത്‌ ഒളിന്പിക്‌സിൽ ഇന്ത്യയ്‌ക്കായി, പ്രത്യേകിച്ചും അത്‌ലറ്റിക്‌സിൽ ധാരാളം മലയാളി വനിതകൾ മത്സരിച്ചിരുന്നു. പി ടി ഉഷ, ഷൈനി വിൽസൺ, കെ എം ബീനാമോൾ എന്നിവർ ഉദാഹരണം.

എന്നാല്‍ കഴിഞ്ഞ രണ്ട് ഒളിമ്പിക്‌സുകളില്‍ കേരളത്തില്‍ നിന്നുള്ള ഒരു വനിത പോലും ഇന്ത്യയ്ക്ക് മത്സരിക്കാനില്ല എന്നുള്ളത് നിര്‍ഭാഗ്യകരമാണ്.

ഗാസയില്‍ അതിക്രൂരമായ മനുഷ്യാവകാശലംഘനം നടക്കുന്ന സമയത്ത്, നൂറുകണക്കിന് കുട്ടികള്‍ ബോംബുകളാല്‍ കൊല്ലപ്പെടുന്ന സമയത്ത്, ഉക്രയ്‌നെതിരെയുള്ള റഷ്യന്‍ ആക്രമണം ഇപ്പോഴും തുടരുന്ന സന്ദര്‍ഭത്തില്‍, ലോകത്തിനു മുകളില്‍ കോർപറേറ്റുകള്‍ ആധിപത്യം സ്ഥാപിച്ച കാലഘട്ടത്തില്‍ സമാധാനത്തിന്റെ മഹാപ്രതീകമായി ചരിത്രം മാനവരാശിക്ക് നല്‍കിയ ഒളിമ്പിക്‌സ് ഇപ്പോഴും നിലനില്‍ക്കുന്നു.

നാളെയെക്കുറിച്ചുള്ള, സംഘര്‍ഷരഹിതമായൊരു ലോകത്തെക്കുറിച്ചുള്ള പ്രതീക്ഷകളുമായി നമുക്ക് ഒളിമ്പിക്‌സിനെ വരവേൽക്കാം.

 

ദേശാഭിമാനി വാരികയിൽ നിന്ന്

 


Olympics In History
Events