മനു ഭാകർ ഫൈനലിൽ; ഇന്ത്യയ്‌ക്ക് വീണ്ടും പ്രതീക്ഷ
Friday Aug 2, 2024
പാരിസ് > പാരിസ് ഒളിമ്പിക്‌സിൽ രണ്ട് വെങ്കല മെഡൽ നേടിയ ഇന്ത്യയുടെ മനു ഭാകർ വീണ്ടും ഫൈനലിൽ പ്രവേശിച്ചു. ഗെയിംസിലെ മനുവിന്റെ അവസാന ഇനമായ 25 മീറ്റർ പിസ്റ്റളിലാണ് 22 കാരിയുടെ ഫൈനൽ പ്രവേശനം. യോഗ്യതാ റൗണ്ടിൽ 590 പോയിന്റ് നേടി രണ്ടാമതായാണ് ഇന്ത്യൻ താരം തന്റെ മൂന്നാം ഫൈനലിന്റെ ടിക്കറ്റെടുത്തത്. ഇതേ ഇനത്തിൽ മത്സരിച്ച ഇഷ സിങ്ങിന് ഫെെനലിലേക്ക് യോഗ്യത ലഭിച്ചില്ല. യോഗ്യതാ റൗണ്ടിൽ 18–ാമത് ഫിനിഷ് ചെയ്യാനെ ഇഷയ്ക്ക് സാധിച്ചുള്ളൂ.
പാരിസിൽ ഇന്ത്യയ്‌ക്ക് ഇതുവരെ മൂന്ന് മെഡലുകളാണ് ലഭിച്ചത്. മൂന്നും വന്നത് ഷൂട്ടിങ്ങിൽ നിന്ന്, അതിൽ രണ്ട് മെഡലുകളിലും മനുവിന്റെ പേരുണ്ട് താനും. 10 മീറ്റർ എയർ പിസ്റ്റൾ, 10 മീറ്റർ എയർ പിസ്റ്റൾ മിക്സഡ് വിഭാഗത്തിലാണ് മനുവിന്റെ മെഡൽ നേട്ടം. സരബ്ജോത് സിങ്ങായിരുന്നു മിക്സഡ് ടീമിൽ മനുവിനോടൊപ്പം മത്സരിച്ചത‍്. സ്വാതന്ത്രത്തിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി രണ്ട് മെഡലുകൾ നേടിയ ആദ്യ താരമായും ഹരിയാനക്കാരി മാറിയിരുന്നു.
യോഗ്യതാ റൗണ്ടിൽ രണ്ട് പോയിന്റ് അകലെയാണ് മനു ഭാകറിന് ഒന്നാം സ്ഥാനം നഷ്ടമായത‍്.592 പോയിന്റുമായി ഹംഗറിയുടെ വെറോണിക്ക മേജർ ഒന്നാം സ്ഥാനത്തെത്തി. 581 പോയിന്റാണ് ഇഷയ്ക്ക് ലഭിച്ചത‍്.
സ്വപ്നിൽ കുസാലെ മെഡൽ നേടിയെങ്കിലും പാരിസ് ഒളിമ്പിക്സിലെ ഇന്ത്യയുടെ മോശം ദിനമായിരുന്നു വ്യാഴാഴ്ച. പി വി സിന്ധു ഉൾപ്പെടെയുള്ള പല താരങ്ങളും ഗെയിംസിൽ നിന്ന് വ്യാഴാഴ്ച പുറത്തായിരുന്നു. ഷൂട്ടിങ്ങിൽ സിഫ്ത് കൗർ സമ്രയും പുറത്തായി. മനു ഫെെനലിൽ പ്രവേശിച്ചതോടെ ഗെയിംസിൽ ഇനി അവശേഷിക്കുന്ന ഇന്ത്യയുടെ വളരെ കുറച്ച് മെഡൽ പ്രതീക്ഷകളിൽ ഒന്നാണ് ഇനി 25 മീറ്റർ എയർ റൈഫിൾ. ശനിയാഴ്ചയാണ് ഫെെനൽ.