അരനൂറ്റാണ്ട് വഴിമാറി ; വൻമതിലായി ‘ശ്രീ’

Saturday Aug 3, 2024


പാരിസ്‌
ഒളിമ്പിക്‌സ്‌ പുരുഷ ഹോക്കിയിൽ അരനൂറ്റാണ്ടിനുശേഷം ഇന്ത്യ ഓസ്‌ട്രേലിയയെ കീഴടക്കി. ഗ്രൂപ്പിൽ അവസാനമത്സരത്തിൽ 3–-2ന്‌ ഇന്ത്യ ജയിച്ചുകയറി. ഇതിനുമുമ്പ്‌ 1972 മ്യൂണിക്ക്‌ ഒളിമ്പിക്‌സിലായിരുന്നു ഇന്ത്യയുടെ വിജയം. 52 വർഷംമുമ്പ്‌ സ്‌കോർ 3–-1 ആയിരുന്നു. ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ് ഇരട്ടഗോൾ നേടി. അഞ്ച്‌ കളിയിൽ ഹർമൻപ്രീത്‌ ആറ്‌ ഗോളടിച്ചു. അഭിഷേകാണ്‌ ആദ്യഗോൾ കണ്ടെത്തിയത്‌. തോമസ്‌ ക്രെയ്‌ഗും ബ്ലേക്‌ ഗ്രോവേഴ്‌സും ഓസീസിനായി ലക്ഷ്യംകണ്ടു. മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ തകർപ്പൻ പ്രകടനം വിജയത്തിൽ നിർണായകമായി. ഒളിമ്പിക്‌സോടെ വിരമിക്കുന്ന എറണാകുളത്തുകാരൻ എല്ലാ മത്സരത്തിലും മികച്ച പ്രകടനമാണ്‌ കാഴ്‌ചവയ്‌ക്കുന്നത്‌.

അഞ്ചു കളിയിൽ മൂന്നു ജയവും ഒരു സമനിലയുമടക്കം 10 പോയിന്റോടെയാണ്‌ ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചത്‌. ഒരു കളി തോറ്റു. ബി ഗ്രൂപ്പിൽ രണ്ടാംസ്ഥാനമാണ്‌. നാളെ ക്വാർട്ടറിൽ എ ഗ്രൂപ്പിലെ മൂന്നാംസ്ഥാനക്കാരെ നേരിടും. ബി ഗ്രൂപ്പിൽ ബൽജിയമാണ്‌ ഒന്നാംസ്ഥാനത്ത്‌. അർജന്റീന, ഓസ്‌ട്രേലിയ ടീമുകളും ക്വാർട്ടറിലെത്തി. നെതർലൻഡ്‌സ്‌, ജർമനി, ബ്രിട്ടൻ, സ്‌പെയ്‌ൻ ടീമുകളാണ്‌ എ ഗ്രൂപ്പിൽനിന്ന്‌ മുന്നേറിയത്‌.


Olympics In History
Events