മഴയിലൊരു 
മിന്നൽ

Sunday Aug 4, 2024

പാരിസ്‌> ജൂലിയൻ ആൽഫ്രഡ്‌ ഇടിമിന്നലായി. ആ വെളിച്ചത്തിലും മുഴക്കത്തിലും എതിരാളികൾ നിഷ്‌പ്രഭമായി. എൺപതിനായിരം കാണികൾ നിറഞ്ഞ സ്റ്റാഡ്‌ ഡേ ഫ്രാൻസ്‌ സ്‌റ്റേഡിയത്തിലെ നനഞ്ഞുകുതിർന്ന ട്രാക്കിൽ ഇരുപത്തിമൂന്നുകാരി പ്രഖ്യാപിച്ചു; ‘ഞാൻ ജൂലിയൻ ആൽഫ്രഡ്‌, 100 മീറ്റർ വനിതാ ഒളിമ്പിക്‌ ചാമ്പ്യൻ’. പാരിസിലെ തിളങ്ങിയ രാവിൽ ജൂലിയൻ ഓടിക്കയറിയത്‌ ചരിത്രത്തിലേക്കായിരുന്നു. സെന്റ്‌ ലൂസിയ എന്ന കരീബിയൻ രാജ്യത്തിന്റെ ബിംബമായി അവൾ മാറിയത്‌ 9.72 സെക്കൻഡുകൾകൊണ്ട്‌. രണ്ടുലക്ഷത്തിൽ താഴെമാത്രം ജനസംഖ്യയുള്ള ദ്വീപിന്റെ ആദ്യ ഒളിമ്പിക്‌ ചാമ്പ്യൻ.

അമേരിക്കയുടെ ലോക ചാമ്പ്യൻ ഷകാരി റിച്ചാർഡ്‌സൺ, ഐവറികോസ്റ്റിന്റെ മേരി ഹൊസെ ത ലൗ തുടങ്ങിയ പേരുകേട്ട അത്‌ലീറ്റുകളെ പിന്തള്ളിയാണ്‌ ജൂലിയൻ പുതിയ വേഗറാണിപ്പട്ടം അണിഞ്ഞത്‌. ഷകാരിക്ക്‌ (10.87 സെക്കൻഡ്‌) വെള്ളികൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. ഹീറ്റ്‌സിലും സെമിയിലും മികച്ച പ്രകടനം നടത്തിയ മേരി (13.84 സെക്കൻഡ്‌) എട്ടാമതായി. അമേരിക്കക്കാരി മെലീസ ജേഫേഴ്‌സനാണ്‌ (10.92 സെക്കൻഡ്‌) വെങ്കലം. ഇരട്ട ചാമ്പ്യനും എട്ട്‌ മെഡലുകളുമുള്ള ജമൈക്കൻ ഇതിഹാസം ഷെല്ലി ആൻഫ്രേസർ പ്രൈസ്‌ സെമിക്കുമുമ്പ്‌ പിന്മാറിയത്‌ ശോഭകെടുത്തി.

വനിതാ സ്‌പ്രിന്റിൽ കേട്ടുകേൾവിയില്ലാത്ത പേരാണ്‌ ജൂലിയൻ. സ്വപ്നങ്ങളിൽപ്പോലും ആരും സാധ്യത കൽപ്പിച്ചിരുന്നില്ല. 12–-ാംവയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട ജൂലിയന്‌ താങ്ങും കരുത്തുമായത്‌ വിദ്യാഭ്യാസമാണ്‌. ഓട്ടത്തിനൊപ്പം പഠനത്തിലും ഒന്നാമതായി കുതിച്ചു. ജമൈക്കയിലായിരുന്നു ഹയർ സെക്കൻഡറി പഠനം. 2017ൽ കോമൺവെൽത്ത്‌ യൂത്ത്‌ ഗെയിംസ്‌ 100 മീറ്ററിൽ ചാമ്പ്യനായി. 2018ൽ അമേരിക്കയിലെത്തിയത്‌ വഴിത്തിരിവായി. ടെക്‌സാസ്‌ സർവകലാശാലയിൽനിന്നുള്ള പരിശീലനം അവളിലെ സ്‌പ്രിന്ററെ പാകപ്പെടുത്തി. ഉശിരും ചുണയും കൂടി. ശാരീരികക്ഷമതയിൽ കൂടുതൽ ശ്രദ്ധിച്ചു. അമേരിക്കൻ അത്‌ലീറ്റുകളുടെ അഭിമാനമായ സർവകലാശാലാ ചാമ്പ്യൻഷിപ്പിൽ മെഡലുകൾ വാരിക്കൂട്ടി. 2018 യൂത്ത്‌ ഒളിമ്പിക്‌സിൽ വെള്ളി നേടി. 2022 കോമൺവെൽത്ത്‌ ഗെയിംസിലും രണ്ടാമതായി വരവറിയിച്ചു. ഈവർഷം ഗ്ലാസ്‌ഗോയിൽ നടന്ന ലോക ഇൻഡോർ അത്‌ലറ്റിക്‌ ചാമ്പ്യൻഷിപ്പിൽ 60 മീറ്ററിൽ പൊന്നണിഞ്ഞു.  

പാരിസിൽ ഹീറ്റ്‌സിലും സെമിയിലും ഒന്നാമതായാണ്‌ ഫൈനലിലേക്ക്‌ കുതിച്ചത്‌. മഴയെ തുടർന്ന്‌ നനഞ്ഞ ട്രാക്കിൽ സ്വർണപ്പോരിലും ജൂലിയൻ തളർന്നില്ല. ആദ്യ 30 മീറ്ററിൽത്തന്നെ മുന്നിലെത്തി. അവസാനംവരെ ആധിപത്യം നിലനിർത്തി. ‘ഈ മെഡൽ അച്ഛനുള്ളതാണ്‌. മകൾ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്നത്‌ കാണാൻ അദ്ദേഹമില്ല. പക്ഷേ, എവിടെയായാലും അഭിമാനമുണ്ടാകും. തീർച്ച’– -ജൂലിയൻ പ്രതികരിച്ചു. ഇനി 200 മീറ്റർ മത്സരം ബാക്കി.



ലൂസിയയുടെ ഒപ്പ്‌


പാരിസിൽ നൂറിന്റെ വെടിയൊച്ച മുഴങ്ങി 10.72 സെക്കൻഡ്‌ കഴിഞ്ഞപ്പോഴാണ്‌ സെന്റ്‌ലൂസിയയുടെ പതാകയിലേക്ക്‌ കാമറക്കണ്ണുകൾ ചെന്നെത്തിയത്‌. അമേരിക്കയുടെയും ജമൈക്കയുടെയും ബ്രിട്ടന്റെയും പതാകകൾ നിറഞ്ഞ സ്‌റ്റേഡിയത്തിൽ ഒറ്റത്തുരുത്തായിരുന്നു സെന്റ്‌ലൂസിയക്കാർ. ജൂലിയൻ ആൽഫ്രഡ്‌ സ്വപ്‌നത്തിലെന്നപോലെ ഒഴുകിവന്നപ്പോൾ അവർ ആവേശത്തോടെ ഗ്യാലറിയുടെ പടികൾ ഇറങ്ങി. പരസ്‌പരം പുണർന്നു. രാജ്യംകണ്ട ഒരേയൊരു ഒളിമ്പിക്‌ മെഡൽ. ജൂലിയൻ ലൂസിയയുടെ പൊന്നായി മാറി. ‘ഇത്‌ ഞങ്ങളുടെ സ്വർണം’ എന്ന്‌ അവരേറ്റുപാടി. ഈ രാജ്യത്തിന്റെ ചരിത്രത്തിൽ ഇതുപോലൊരു മുഹൂർത്തം ഉണ്ടായിട്ടില്ല. സ്റ്റാഡ്‌ ഡി ഫ്രാൻസ്‌ സ്‌റ്റേഡിയത്തിൽ 69,000 കാണികളാണ്‌ നൂറിന്റെ ഫൈനൽ കാണാനെത്തിയത്‌. ലൂസിയയിലെ ജനസംഖ്യയേക്കാൾ 1.10 ലക്ഷംമാത്രം കുറവ്‌.

തല ഉയർത്തിനിൽക്കുന്ന രണ്ട്‌ അഗ്നിപർവതങ്ങളാണ്‌ ലൂസിയയുടെ മായാത്ത ചിത്രം. ഈ കരീബിയൻ കുഞ്ഞുദ്വീപിന്‌ ക്രിക്കറ്റാണ്‌ പ്രധാന കായികവിനോദം. വെസ്റ്റിൻഡീസ്‌ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റനായിരുന്ന ഡാരൻ സമ്മിയാണ്‌ കായികഭൂപടത്തിൽ അവർ അടയാളപ്പെടുത്തിയ ആദ്യപേര്‌.
ഉസൈൻ ബോൾട്ട്‌ നടത്തിയ വിസ്‌മയക്കുതിപ്പുകൾ കണ്ടുതുടങ്ങിയ ബാല്യമായിരുന്നു ജൂലിയന്റേത്‌. പാരിസിലെ ഇറങ്ങുംമുമ്പ്‌ ബോൾട്ടിന്റെ ഓട്ടങ്ങൾ അവൾ വീണ്ടും വീണ്ടും കണ്ടു. ഒടുവിൽ കരീബിയയുടെ അത്‌ലറ്റിക്‌സ്‌ പാരമ്പര്യത്തിലേക്ക്‌ ജൂലിയൻ സെന്റ്‌ലൂസിയയുടെ കൈ യൊപ്പ്‌ ചാർത്തി.


Olympics In History
Events