സ്കൂൾ കായികമേള; സവിശേഷ പരിഗണന അർഹിക്കുന്നവരെ മുന്നോട്ടു കൊണ്ടുവരിക ലക്ഷ്യം: മന്ത്രി വി ശിവൻ കുട്ടി
Sunday Nov 3, 2024
കൊച്ചി > സവിശേഷ പരിഗണന അർഹിക്കുന്നർക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകി അവരെ മുന്നോട്ടു കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഇതിൻ്റെ ഭാഗമായാണ് സംസ്ഥാന സ്കൂൾ കായിക മേളയിൽ ആദ്യമായി ഇൻക്ലൂസീവ് ഇനങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇൻക്ലൂസീവ് സ്പോർട്സ് ഒഫിഷ്യൽസിനുള്ള ഏകദിന ശിൽപശാല എസ് ആർ വി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെയും സഹപാഠികളായ മറ്റു കുട്ടികളെയും ഉൾപ്പെടുത്തി തുല്യത ഉറപ്പാക്കും വിധം തയ്യാറാക്കിയ ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിൻ്റെ അടിസ്ഥാനത്തിലാണ് വിവിധ അത്‌ലറ്റിക്സ് ഗെയിംസ് ഇനങ്ങളിൽ കുട്ടികളെ പരിശീലിപ്പിച്ചിട്ടുള്ളത്.
പെൺകുട്ടികൾക്കുള്ള ഹാൻഡ് ബോൾ, ആൺകുട്ടികൾക്കുള്ള ഫുട്ബോൾ, മിക്സഡ് ബാഡ്മിൻ്റൻ, 4x100 മീറ്റർ മിക്സഡ് റിലേ, 100 മീറ്റർ ഓട്ടം, സ്റ്റാൻഡിംഗ് ജംബ്, സ്റ്റാൻഡിംഗ് ത്രോ എന്നീ ഇനങ്ങളിൽ 14 ജില്ലകളിലായി 1600 ലധികം കുട്ടികൾ പങ്കെടുക്കും.
സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ വിവിധ ഇൻക്ലൂസീവ് കായിക ഇനങ്ങളിൽ ജില്ലാതല പരിശീലനം ലഭിച്ച കുട്ടികളാണ് സംസ്ഥാന കായിക മേളയിൽ പങ്കെടുക്കുന്നതിനായി എത്തിച്ചേരുന്നത്. ഇവർക്കു വേണ്ട ജെഴ്സി, ട്രാക്ക് സ്യൂട്ട് തുടങ്ങിയവ പൊതുവിദ്യാഭ്യാസ വകുപ്പ്, ജില്ലാ പഞ്ചായത്ത്, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ അതത് ജില്ലകൾ തയ്യാറാക്കിയിട്ടുണ്ട്.
എസ്‍സിഇആർടിയും എസ്എസ്കെയും സംയുക്തമായി തയ്യാറാക്കിയ ഇൻക്ലൂസിവ് സ്പോർട്സ് മാന്വൽ പ്രകാരമാണ് വിവിധ കായിക ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുള്ളത്. ഇതിനായി എസ്എസ്കെയുടെ സ്പെഷ്യലിസ്റ്റ് കായിക അധ്യാപകർക്കും സ്പെഷ്യൽ എഡ്യൂക്കേറ്റർമാർക്കും പ്രത്യേക പരിശീലനം നൽകിയതായും മന്ത്രി പറഞ്ഞു.
യോഗത്തിൽ ജനറൽ എഡ്യൂക്കേഷൻ അഡീഷണൽ ഡയറക്ടർ സി എ സന്തോഷ്, എസ്എസ്കെ അഡീഷണൽ പ്രൊജക്ട് ഡയറക്ടർ എം കെ ഷൈൻ മോൻ, ജനറൽ എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ധന്യ ആർ കുമാർ, സ്പോർട്സ് ഓർഗനൈസർ സി എസ് പ്രദീപ്, എസ്എസ്കെ സ്റ്റേറ്റ് പ്രോഗ്രാം ഓഫീസർ ടി എൽ രശ്മി, പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ കായിക അധ്യാപകർ, സ്പെഷ്യലിസ്റ്റ് കായിക അധ്യാപകർ, സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ എന്നിവർ പങ്കെടുത്തു.