കുതിക്കുംമുമ്പേ തിരുവനന്തപുരം ; പൂർത്തിയായ ഗെയിംസ് ഇനങ്ങളിൽ തലസ്ഥാനജില്ലയ്‌ക്ക് 73 സ്വർണം
Tuesday Nov 5, 2024
സ്വന്തം ലേഖകൻ
കൊച്ചി
സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഗെയിംസ് മത്സരങ്ങൾ ഇന്ന് ആരംഭിക്കാനിരിക്കെ തിരുവനന്തപുരം പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത്. ദേശീയമത്സരങ്ങൾ നേരത്തേ നടക്കുന്ന ചില ഇനങ്ങളുടെ സംസ്ഥാന മത്സരം പൂർത്തിയായപ്പോഴാണ് തലസ്ഥാനജില്ല മുന്നിലെത്തിയത്. 529 ഗെയിംസ് ഇനങ്ങളിൽ 252 എണ്ണം പൂർത്തിയായി. ഇന്നുമുതൽ 277 ഇനങ്ങളാണ് തുടങ്ങുക.
നീന്തൽ, വാട്ടർപോളോ എന്നിവയിൽ 103 ഇനങ്ങളും ആരംഭിക്കും. 98 ഇനങ്ങളുള്ള അത്‌ലറ്റിക്‌സ് ഏഴുമുതൽ 11 വരെയാണ്. ഓവറോൾ കിരീടത്തിൽ ബഹുദൂരം മുന്നിലുള്ള തിരുവനന്തപുരത്തെ പിടിച്ചുകെട്ടാൻ മറ്റു ജില്ലകൾ വിയർപ്പൊഴുക്കേണ്ടിവരും. തിരുവനന്തപുരം 73 സ്വർണവും 59 വെള്ളിയും 61 വെങ്കലവുമടക്കം 643 പോയിന്റുമായാണ് കുതിപ്പ് നടത്തുന്നത്. കണ്ണൂർ 36 സ്വർണത്തോടെ 316 പോയിന്റുള്ള കണ്ണൂരാണ് രണ്ടാംസ്ഥാനത്ത്. തൃശൂരിന് 30 സ്വർണവും 295 പോയിന്റുമുണ്ട്. ഓവറോൾ ജേതാക്കൾക്ക് മുഖ്യമന്ത്രിയുടെ എവർറോളിങ് ട്രോഫിയുണ്ട്. മികച്ച സ്‌കൂൾ വിഭാഗത്തിൽ തിരുവനന്തപുരം സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസ് 73 പോയിന്റുമായി മുന്നിലുണ്ട്. വട്ടിയൂർക്കാവ് ജിവിഎച്ച്‌എസ്‌എസ് 52 പോയിന്റോടെ രണ്ടാംസ്ഥാനത്താണ്. കോട്ടൺഹിൽ ജിജിഎച്ച്‌എസ്‌എസ് 43 പോയിന്റുമായി മൂന്നാമതാണ്. ടെന്നീസ്, ബാഡ്‌മിന്റൺ, ടേബിൾ ടെന്നീസ്, ജുഡോ, ഫുട്‌ബോൾ, ത്രോ ബോൾ, സോഫ്‌റ്റ്‌ബോൾ, വോളിബോൾ, ഖോഖോ, ബോക്‌സിങ്, പവർ ലിഫ്‌റ്റിങ്, ഫെൻസിങ്, ക്രിക്കറ്റ്, നീന്തൽ, വാട്ടർപോളോ മത്സരങ്ങളാണ് ആദ്യദിനം ആരംഭിക്കുക. ടെന്നീസ്, ബാഡ്‌മിന്റൺ, ടേബിൾ ടെന്നീസ്, ജൂഡോ എന്നിവ കടവന്ത്ര റീജണൽ സ്‌പോർട്‌സ് സെന്ററിലാണ്.
ഫുട്‌ബോളിന് പനമ്പിള്ളി നഗർ ജിഎച്ച്‌എസ്‌എസാണ് കളിക്കളം. സീനിയർ പെൺകുട്ടികളുടെ മത്സരത്തിനാണ് ഇന്ന് കിക്കോഫ്. സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ത്രോബോൾ മത്സരത്തിന് ഫോർട്ട് കൊച്ചി വെളി ഗ്രൗണ്ടിലും സീനിയർ ആൺകുട്ടികളുടെ സോഫ്‌റ്റ്‌ബോളിന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലും തുടക്കമാകും. സീനിയർ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വോളിബോൾ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലും സെന്റ് പീറ്റേഴ്‌സ് വിഎച്ച്‌എസ്‌എസിലുമായി നടക്കും.
സീനിയർ വിഭാഗം ഹാൻഡ്‌ബോളിനും പുത്തൻകുരിശ് എംജിഎം എച്ച്‌എസ്‌എസിൽ തുടക്കമാകും. തോപ്പുംപടി രാജീവ് ഗാന്ധി സ്‌റ്റേഡിയത്തിലാണ് ഖോഖോ മത്സരം. ഫെൻസിങ് മത്സരം എറണാകുളം ടൗൺ ഹാളിൽ ഒരുക്കിയ വേദിയിലാണ്. സീനിയർ പെൺകുട്ടികളുടെ ക്രിക്കറ്റിന് തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ തുടക്കമാകും. നീന്തൽ, വാട്ടർപോളോ മത്സരങ്ങൾ കോതമംഗലം എംഎ കോളേജിലെ നീന്തൽക്കുളത്തിലാണ്.
അത്‌ലറ്റിക്‌സ് രാത്രിയിലും
കായികമേളയുടെ മുഖ്യ ആകർഷണമായ അത്‌ലറ്റിക്‌സ് വ്യാഴാഴ്ചമുതൽ മഹാരാജാസ് കോളേജ് മൈതാനത്ത് തുടങ്ങും. 11 വരെ 98 ഇനങ്ങളിലാണ് മത്സരം. രാത്രി എട്ടുവരെ മത്സരമുണ്ടാവും. അതിനുള്ള വെളിച്ചസംവിധാനം ഒരുക്കിയിട്ടുണ്ട്. വ്യാഴം രാവിലെ 6.10ന് സീനിയർ ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തോടെയാണ് തുടക്കം. ആദ്യ ദിവസം 15 ഫൈനലുണ്ട്. വേഗക്കാരെ നിശ്‌ചയിക്കുന്ന 100 മീറ്റർ ഫൈനൽ വെള്ളി വൈകീട്ട് 4.45ന് തുടങ്ങും.