ഗൾഫിന്റെ കേരളസ്വപ്‌നം

Tuesday Nov 5, 2024
ഡി കെ അഭിജിത്‌
യുഎഇയിൽനിന്നെത്തിയ അത്ലീറ്റുകൾ അധ്യാപകർക്കൊപ്പം


കൊച്ചി
അടുത്ത ഏഴുദിവസം എംജി റോഡിലെ ദ്വാരക ഹോട്ടൽ കേരളത്തിന്റെ 15–-ാംജില്ലയാണ്‌! സംസ്ഥാന സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാൻ കടൽ കടന്നെത്തിയ താരങ്ങളുടെ സ്വന്തം "ഗൾഫ്‌'. 50 അംഗ ടീമിലെ 45 താരങ്ങളും നാല്‌ അധ്യാപകരും എത്തി. ദുബായിൽ സെലക്‌ഷൻ ട്രയൽസിനും പത്തു ദിവസത്തെ ക്യാമ്പിനും ശേഷമാണ്‌ വരവ്‌. ചരിത്രത്തിൽ ആദ്യമായി അക്കരെയുള്ള മലയാളിതാരങ്ങൾക്ക്‌ അവസരമൊരുക്കിയ സംസ്ഥാന സർക്കാരിനോട്‌ നന്ദിയുണ്ടെന്ന്‌ ദുബായ്‌ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂൾ കായികവിഭാഗം മേധാവി എം എ നിസ്‌താർ പറഞ്ഞു.

കോഴിക്കോട്‌ വടകര സ്വദേശിയായ അഭിഷ്‌ണവ്‌ ഷിജീന്ദ്രൻ ഒരുവർഷത്തിനുശേഷം സംസ്ഥാനമേളയിൽ പങ്കെടുക്കുന്നതിന്റെ ആഹ്ലാദത്തിലാണ്‌. "പത്താംക്ലാസ്‌ വരെ നാട്ടിലാണ്‌ പഠിച്ചത്‌. വോളിബോൾ ടീമിൽ അംഗമായിരുന്നു. പ്ലസ്‌വണിന്‌ നിംസ്‌ ഷാർജയിൽ ചേർന്നു. മറുനാട്ടിൽ പഠിച്ചുകൊണ്ട്‌ വീണ്ടും കേരളത്തിലെ കായികമേളയിൽ പങ്കെടുക്കാൻ കഴിയുന്നത്‌ സ്വപ്‌നം തിരികെ പിടിച്ചതുപോലെയാണ്‌’– -അഭിഷ്‌ണവ്‌ പറഞ്ഞു.കർണാടകം ഉഡുപ്പി സ്വദേശി മുഹമ്മദ്‌ വസീം മുബാറക്കും സംഘത്തിലുണ്ട്.

ആദ്യമായി മത്സരത്തിൽ പങ്കെടുക്കുന്നതിനാൽ അണ്ടർ 19 വിഭാഗത്തിലുള്ള ആൺകുട്ടികൾ മാത്രമാണ് എത്തിയത്. അടുത്തതവണ എല്ലാ വിഭാഗത്തിലുള്ള കുട്ടികളെയും പങ്കെടുപ്പിക്കുമെന്ന് ദുബായ് ഗൾഫ്‌ മോഡൽ സ്‌കൂൾ ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി സുമേഷ് കുമാർ പറഞ്ഞു.ജനുവരിയിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും പങ്കെടുക്കാൻ ക്ഷണം ലഭിക്കുമെന്നാണ് ലഭിക്കുന്ന വിവരമെന്ന് അധ്യാപകർ പറഞ്ഞു. ലോക കേരളസഭ നടന്നപ്പോൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ഗൾഫ് സ്‌കൂളുകളിൽനിന്നുള്ള കുട്ടികളെയും കായിക, കലാ മേളകളിൽ പരിഗണിക്കണമെന്നത്.

യുഎഇയിൽനിന്നെത്തിയ അത്ലീറ്റുകൾ അധ്യാപകർക്കൊപ്പം

യുഎഇയിൽനിന്നെത്തിയ അത്ലീറ്റുകൾ അധ്യാപകർക്കൊപ്പം