‘ശ്രീ’യായി ശ്രീലക്ഷ്‌മി

Tuesday Nov 5, 2024
മന്ത്രിക്കൊപ്പം ദീപശിഖയുമായി ശ്രീലക്ഷ്മി

കൊച്ചി
സംസ്ഥാന സ്‌കൂൾ കായികമേളയുടെ ‘ശ്രീ’യായി ശ്രീലക്ഷ്‌മി. മേളയ്‌ക്ക്‌ തുടക്കംകുറിച്ച്‌ ദീപശിഖ കൊളുത്തിയത്‌ ഹാൻഡ്‌ബോൾ താരമായ ആർ ശ്രീലക്ഷ്‌മിയും മന്ത്രി വി ശിവൻകുട്ടിയും ഒളിമ്പ്യൻ പി ആർ ശ്രീജേഷും ചേർന്നായിരുന്നു.

എറണാകുളം ഫോർട്ട്‌ കൊച്ചി വെളി ഇഎംജിഎച്ച്‌എസിലെ ആറാംക്ലാസ്‌ വിദ്യാർഥിനിയാണ്‌. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടിയാണ്‌. ദീപശിഖ കൊളുത്താൻ ക്ഷണിച്ചപ്പോൾ ആദ്യം ഒന്നുമടിച്ചു. ഫോട്ടോയെടുക്കാമെന്ന വാഗ്‌ദാനത്തിൽ സമ്മതം പറഞ്ഞു. മന്ത്രിക്കും ഒളിമ്പ്യനുമൊപ്പം ഉഷാറായി ദീപശിഖ കൊളുത്തി കൈയടിയും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി. സ്‌കൂളിൽനിന്നാണ്‌ ശ്രീലക്ഷ്‌മി ഹാൻഡ്‌ബോൾ പഠിക്കുന്നത്‌. ഒന്നു ശ്രമിച്ചുനോക്കിയെന്നും ശ്രീലക്ഷ്‌മി മിന്നിയെന്നും സ്‌പെഷ്യൽ എഡ്യുക്കേറ്റർ വി കെ വി മിനി പറഞ്ഞു. ആദ്യം സ്‌കൂൾ ടീമിലും തുടർന്ന്‌ ജില്ലാടീമിലും എത്തി. ഇന്നാണ്‌ ശ്രീക്കുട്ടിയടങ്ങുന്ന ടീമിന്റെ മത്സരം.

അങ്കണവാടി ഹെൽപ്പറായ രാജിയുടെയും കൂലിപ്പണിക്കാരനായ രാജേഷിന്റെയും മകളാണ്‌. തമിഴ്‌നാട്‌ സ്വദേശികളായ ഇവർ വർഷങ്ങളായി കൊച്ചിയിലാണ്‌ താമസം. സ്‌കൂളിനുസമീപമാണ്‌ വീട്‌.