കാർണിവലൊരുക്കി കൊച്ചി
Tuesday Nov 5, 2024
സ്വന്തം ലേഖിക
കൊച്ചി
കായികമേളയ്‌ക്ക് തുടക്കംകുറിച്ച് വർണശബളമായ കലാവിരുന്ന്. മൈതാനത്ത് അത്തച്ചമയവും കൊച്ചിൻ കാർണിവലുമൊരുക്കി. ക്രിസ്‌മസ് പാപ്പയുടെ വേഷത്തിലെത്തിയ കൊച്ചുകൂട്ടുകാരും മാവേലിയും പുലികളിസംഘവും താളമേളങ്ങളുടെ അകമ്പടിയോടെ അണിനിരന്നു. ഒപ്പനയും കോൽക്കളിയും ദഫ്‌മുട്ടും തിരുവാതിരയും മാർഗംകളിയും കരഘോഷങ്ങളുടെ നടുവിലൂടെ നടന്നുനീങ്ങി. കേരളത്തിന്റെ തനത് കലാരൂപങ്ങളെല്ലാം സംഗമിച്ച മഹാരാജാസ് കോളേജ് മൈതാനത്ത് 1000 കുട്ടികൾ പങ്കെടുത്ത സൂംബയും എയറോബിക്‌സും മുഖ്യ ആകർഷണമായി. ഒപ്പം 100 മുത്തുക്കുടകളുടെ അകമ്പടിയോടെ കൊച്ചിയെ പ്രതിനിധാനം ചെയ്‌ത് ക്യൂനും ഫ്ലവർ ഗേൾസും വേദിയിലെത്തി. ചെണ്ടമേളവും ബാൻഡ് സംഘവും സാംസ്‌കാരിക സമ്മേളനത്തിന്റെ മാറ്റുകൂട്ടി. നേവൽ എൻസിസി കേഡറ്റുകളുടെ ട്വന്റിഫോർ കൊച്ചി ഫോർമേഷനും നടന്നു. ആകാശത്ത് വർണ്ണപ്പടക്കങ്ങൾ നിറഞ്ഞതോടെ മൈതാനമാകെ ആവേശത്തിലായി.
മാർച്ച്‌പാസ്‌റ്റിൽ 3500 അത്‌ലീറ്റുകൾ അക്ഷരമാലാക്രമത്തിൽ അണിനിരന്നു. ഭിന്നശേഷിക്കാരായ കുട്ടികളായിരുന്നു മാർച്ച്‌പാസ്റ്റിന്റെ മുൻനിരയിൽ. പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി സല്യൂട്ട് സ്വീകരിച്ചു. ഗൾഫിൽനിന്നെത്തിയ കുട്ടികൾ 14–-ാമതും ആതിഥേയരായ എറണാകുളം ജില്ല 15–-ാമതും പങ്കെടുത്തു. രണ്ടുമണിക്കൂറോളം നീണ്ട പരിപാടിക്ക് നിറഞ്ഞ ഗ്യാലറി സാക്ഷിയായി.
മാർച്ച്‌പാസ്‌റ്റിൽ
കോട്ടയം
ഉദ്‌ഘാടനച്ചടങ്ങിലെ മാർച്ച്‌പാസ്‌റ്റിൽ കോട്ടയം ഒന്നാംസ്ഥാനം നേടി. കൊല്ലം രണ്ടും എറണാകുളം മൂന്നും സ്ഥാനം സ്വന്തമാക്കി.