ഒളിമ്പിക്സ് ഓളം
Tuesday Nov 5, 2024
എസ് ശ്രീലക്ഷ്മി
കൊച്ചി
സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശവുമായി ടീമുകൾ പല വർണങ്ങളിൽ മഹാരാജാസ് കോളേജ് മൈതാനത്ത് ചുവടുവച്ചു. ഒളിമ്പിക്‌സ് മാതൃകയിൽ കേരള സ്‌കൂൾ കായികമേള എന്ന ആശയത്തിന്റെ നടത്തിപ്പുകാരനായ മന്ത്രി വി ശിവൻകുട്ടി മാർച്ച്‌പാസ്‌റ്റിനെ അഭിവാദ്യം ചെയ്‌തു. മാർച്ച് നടന്നുകൊണ്ടിരിക്കെ ആകാംക്ഷയുടെ കെട്ടുപൊട്ടിച്ച് നടൻ മമ്മൂട്ടി വേദിയിലെത്തി.
പല ജില്ലകൾതാണ്ടി വന്ന ദീപശിഖ ദേശീയ സ്‌കേറ്റിങ് താരം എസ് സായന്ത് ഏറ്റുവാങ്ങി മൈതാനത്തേക്ക് കൊണ്ടുവന്നു. തുടർന്ന് ഹൈജമ്പ് താരം ജുവൽ തോമസും ഫുട്‌ബോൾ താരങ്ങളായ അഖില രാജനും ഷിൽജി ഷാജിയും ദീപമേന്തി. സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥികളായ എസ് യശ്‌വിതയും അനുബിനുവും ചേർന്ന് ചക്രക്കസേരയിലിരുന്ന് ഏറ്റുവാങ്ങി. അവരിൽനിന്ന് ഒളിമ്പ്യൻ പി ആർ ശ്രീജേഷിലേക്ക്. തുടർന്ന് മന്ത്രി വി ശിവൻകുട്ടിയും സവിശേഷ പരിഗണന അർഹിക്കുന്ന വിദ്യാർഥിയായ ശ്രീലക്ഷ്‌മിയും ഒപ്പംചേർന്ന് ഭാഗ്യചിഹ്നമായ തക്കുടുവിന്റെ കൈകളിലേക്ക് ദീപം പകർന്നു.
മാർച്ച്‌പാസ്‌റ്റോടെയാണ് ഉദ്‌ഘാടനച്ചടങ്ങ് തുടങ്ങിയത്. ഏറ്റവും മുന്നിലായി ആലപ്പുഴയും പിന്നിലായി ആതിഥേയരായ എറണാകുളവും അണിനിരന്നു. എറണാകുളത്തിന് തൊട്ടുമുന്നിലായി ഗൾഫിൽനിന്നുള്ള വിദ്യാർഥികൾ മാർച്ച്‌പാസ്‌റ്റിൽ കണ്ണിയായി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ മിക്ക ജില്ലകളുടെയും മാർച്ച്‌പാസ്‌റ്റിന്റെ ഭാഗമായി.
കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലെ പ്ലസ്‌ടു വിദ്യാർഥിയും ദേശീയ ഫുട്‌ബോൾ താരവുമായ ഷിൽജി ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു പതാക ഉയർത്തി. പൊതുവിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതം പറഞ്ഞു.