പൊന്നാണ്‌ ഈ പുഞ്ചിരി

Wednesday Nov 6, 2024
ആനന്ദ്‌ ശിവൻ
അകത്തേത്തറ എൻഎസ്എസ് സ്കൂളിലെ ഡി ഹരിണ \ ഫോട്ടോ: സുനോജ് നെെനാൻ മാത്യു


കൊച്ചി
ഒന്നരവയസ്സിൽ ഒരു പനി വന്നതാണ്‌ ഹരിണയ്‌ക്ക്‌. തലച്ചോറിനെ ബാധിച്ചതോടെ ഇടതുവശം തളർന്നു. മറ്റുപേശികളുടെ ചലനത്തെയും ബാധിച്ചു. ശരീരഭാരം താങ്ങാൻ കരുത്തില്ലാതെ കാലുകൾ ശോഷിച്ചു. ആശുപത്രികൾ കയറിയിറങ്ങി. ശസ്‌ത്രക്രിയകൾ പലതുചെയ്‌തു. ഫലമുണ്ടായില്ല. കൂടുതലായി ഇനിയൊന്നും ചെയ്യാനില്ലെന്ന്‌ ഡോക്ടർമാർ വിധിയെഴുതി. വാട്ടർ തെറാപ്പി ഒന്നു ശ്രമിച്ചുനോക്കാനുള്ള ഡോക്ടറുടെ ഉപദേശം പിന്തുടർന്ന്‌ മലമ്പുഴ ചെക്ക്‌ ഡാമിൽ മുൻ വ്യോമസേന ഉദ്യോഗസ്ഥൻ കെ ശശീന്ദ്രന്റെ അടുത്തെത്തുമ്പോഴേക്കും ഹരിണയ്‌ക്ക്‌ 12 വയസ്സ്‌ പിന്നിട്ടിരുന്നു.

നിരവധിപേർക്ക്‌ നീന്തലിലേക്ക്‌ വഴിതുറന്ന ശശീന്ദ്രൻ ഹരിണയെയും ഏറ്റെടുത്തു. വെള്ളത്തിലിറക്കുകയായിരുന്നു വെല്ലുവിളി. ചലനമില്ലാതെ ദൃഢമായ പേശികളെ ഫിസിയോ തെറാപ്പിയിലൂടെ മയപ്പെടുത്തി ഹരിണയെ വെള്ളത്തിലിറക്കി. ഒന്നരവർഷത്തിനിപ്പുറം സംസ്ഥാന സ്‌കൂൾ കായികമേളയിൽ പൊതുവിഭാഗത്തിൽ 100 മീറ്റർ ബാക്ക്‌സ്ട്രോക്കിൽ നീന്തിക്കയറുമ്പോൾ ഹരിണയുടെ പുഞ്ചിരി ഏതു സ്വർണനേട്ടത്തിനും മുകളിൽ തിളങ്ങിനിന്നു. ഭിന്നശേഷിക്കാർക്കുള്ള മത്സരയിനങ്ങളിൽ നീന്തലും ഉൾപ്പെടുത്തണമെന്നതാണ്‌ ഹരിണയുടെയും ശശീന്ദ്രന്റെയും ആവശ്യം.

കോയമ്പത്തൂരിൽ നിർമാണ കരാറുകാരനായ മലമ്പുഴ സ്വദേശി ദേവരാജിന്റെയും മലമ്പുഴയിൽ കൃഷിവകുപ്പിൽ ജീവനക്കാരിയായ കൃഷ്‌ണകുമാരിയുടെയും മകളാണ്‌ ഡി ഹരിണ. അകത്തേത്തറ എൻഎസ്‌എസ്‌ സ്‌കൂളിൽ ഒമ്പതാംക്ലാസ്‌ വിദ്യാർഥിനിയാണ്‌. പാലക്കാട്‌ ജില്ലയിൽനിന്ന്‌ മൂന്നാംസ്ഥാനവുമായാണ്‌ ഹരിണ സംസ്ഥാന മേളയ്‌ക്ക്‌ കോതമംഗലം എംഎ കോളേജിലെ നീന്തൽക്കുളത്തിലെത്തിയത്‌.