നിറകുളം ; നീന്തൽക്കുളത്തിൽ തിരുവനന്തപുരത്തിന്‌ പൊൻചാകര

Wednesday Nov 6, 2024
എസ്‌ അഭിനവ്‌


കൊച്ചി
നീന്തൽക്കുളത്തിൽ തിരുവനന്തപുരത്തിന്‌ പൊൻചാകര. ഓളപ്പരപ്പിൽ 17 സ്വർണവും 12 വെള്ളിയും 17 വെങ്കലവുമായി ഒന്നാമത്‌ കുതിക്കുകയാണ്‌. ആകെ 138 പോയിന്റായി. നാല്‌ സ്വർണവും ആറ്‌ വെള്ളിയും മൂന്ന്‌ വെങ്കലവുമായി 41 പോയിന്റോടെ എറണാകുളമാണ്‌ രണ്ടാമത്‌. കോട്ടയം (18) മൂന്നാമതും തൃശൂർ (12) നാലാമതും നിൽക്കുന്നു. സ്‌കൂളുകളിൽ തിരുവനന്തപുരത്തെ തുണ്ടത്തിൽ എംവിഎച്ച്‌എസ്‌എസിനാണ്‌ (49) ആധിപത്യം.

ഏഴ്‌ മീറ്റ്‌ റെക്കോഡുകളാണ്‌ കോതമംഗലം എംഎ കോളേജിലെ നീന്തൽക്കുളത്തിൽ പിറന്നത്‌. സീനിയർ ആൺകുട്ടികളുടെ 100 മീറ്റർ ബാക്ക്‌ സ്‌ട്രോക്കിൽ എസ്‌ അഭിനവ്‌ (1:02.12), ജൂനിയർ പെൺകുട്ടികളുടെ 50 മീറ്റർ ബട്ടർഫ്ലൈയിൽ ആർ വിദ്യ ലക്ഷ്‌മി (31.40), 200 മീറ്റർ ബ്രസ്‌റ്റ്‌ സ്‌ട്രോക്കിൽ എൻ പാവണി സരയൂ (2:59.75), 100 മീറ്റർ ബാക്ക്‌ സ്‌ട്രോക്കിൽ കെ ദേവിക (1:15:16), ജൂനിയർ ആൺകുട്ടികളുടെ 50 മീറ്റർ ബട്ടർഫ്ലൈയിൽ ആദിദേവ്‌ പി പ്രദീപ്‌ (27.50), 400 മീറ്റർ ഫ്രീസ്‌റ്റൈലിൽ എം തീർഥൂ സമദേവ്‌ (4:16.25), സബ്‌ ജൂനിയർ പെൺകുട്ടികളുടെ ബ്രസ്‌റ്റ്‌ സ്‌ട്രോക്കിൽ ആർ ബി ഭാഗ്യ കൃഷ്‌ണ (3:12.14) എന്നിവരാണ്‌ പുതിയ റെക്കോഡുകാർ. മേളയിൽ ഗെയിംസ്‌ മത്സരങ്ങൾ 50 ശതമാനം പൂർത്തിയായപ്പോൾ തിരുവനന്തപുരം (701) ബഹുദൂരം മുന്നിലാണ്‌. തൃശൂരാണ്‌ രണ്ടാമത്‌ (378).