കേൾക്കുന്നുണ്ടോ, ഈ ഗോൾ ഇരമ്പം
Wednesday Nov 6, 2024
എസ് ശ്രീലക്ഷ്‌മി
കൊച്ചി
പത്താംതവണയും വലനിറച്ച് അതുല്യ ചിരിച്ചു. നിറഞ്ഞ കൈയടി. കൂട്ടുകാരുടെ ആരവം. പക്ഷേ, അവളൊന്നും കേട്ടില്ല. ഭിന്നശേഷി കുട്ടികളുടെ ഹാൻഡ്‌ബോൾ ഫൈനലായിരുന്നു വേദി. കേൾവിപരിമിതിയെ മറികടന്ന് അതുല്യബാബു മിന്നിത്തിളങ്ങിയ മത്സരത്തിൽ തിരുവനന്തപുരം ജേതാക്കളായി. 14 വയസ്സിനുമുകളിലുള്ളവരുടെ മത്സരത്തിൽ കോഴിക്കോടിനെ 14–-4ന് തോൽപ്പിച്ചു. മികച്ചതാരത്തിനുള്ള പുരസ്‌കാരവും അതുല്യയ്‌ക്കാണ്.
ഒറ്റക്കൈകൊണ്ട് പൊരുതിയ എച്ച് ആർ കരുണപ്രിയയുടെ കരുത്തിൽ 14 വയസ്സിനു താഴെയുള്ളവരുടെ വിഭാഗത്തിലും തിരുവനന്തപുരം സ്വർണം നേടി. മലപ്പുറത്തെ 5–-2ന് കീഴടക്കി. പരിമിതികളെ പിന്നിലാക്കി കുട്ടികൾ കളംനിറഞ്ഞപ്പോൾ തേവര സ്‌കൂളിലെ മൈതാനത്ത് അഭിനന്ദനപ്രവാഹം.
ഇൻക്ലൂസീവ് സ്‌പോർട്‌സ് നിയമാവലിയനുസരിച്ച് നടത്തിയ മത്സരത്തിൽ ടീമിലെ ഏഴുപേരിൽ ഗോളി ഒഴികെയുള്ളവർ സവിശേഷ പരിഗണന അർഹിക്കുന്നവരാണ്. പരിശീലനം ശ്രമകരമായിരുന്നുവെങ്കിലും കുട്ടികൾ അതിവേഗം പഠിച്ചെടുത്തുവെന്ന് അധ്യാപകർ പറഞ്ഞു. 14 വയസ്സിനു മുകളിലുള്ളവരുടെ മത്സരത്തിൽ പാലക്കാടിന്റെ എസ് നയന ഭാവിവാഗ്ദാനമായി. 14 വയസ്സിനുതാഴെയുള്ളവരുടെ വിഭാഗത്തിൽ മലപ്പുറത്തിന്റെ ഫാത്തിമ സല മികച്ചതാരവും തിരുവനന്തപുരത്തിന്റെ എച്ച് ആർ കരുണപ്രിയ ഭാവിവാഗ്ദാനവുമായി. ഇരുവിഭാഗത്തിലുമായി 26 ടീമുകൾ മത്സരത്തിനെത്തി.
14 വയസിന് താഴെയുള്ള കുട്ടികളുടെ സ്ന്റാന്റിങ് ജമ്പില്‍ മത്സരിക്കുന്ന കാസര്‍കോടിന്റെ ആദില്‍ മുഹമ്മദ്