സൗഹൃദമേ എന്തൊരു ചന്തം, വേഗം

Wednesday Nov 6, 2024
​അഞ്ജലി ഷിബു (​ഗൈഡ്), ഗ്രീറ്റിയ ബിജു അണ്ടര്‍ ​14 ഗേള്‍സ് 100 മീറ്റർ, എറണാകുളം


കൊച്ചി
സൗഹൃദത്തിൽ കരംകൊരുത്ത്‌ അവർ കുതിച്ചു. വിജയവര കടന്നപ്പോൾ പുണർന്നു. ഭിന്നശേഷി വിഭാഗം 100 മീറ്റർ ഓട്ടമത്സരത്തിലെ വിജയങ്ങൾക്ക്‌ വേഗവും അഴകും ഏറെ. കാഴ്‌ചപരിമിതിയുള്ള മത്സരാർഥികളെ സഹായിക്കാൻ പൊതുവിഭാഗത്തിൽനിന്നുള്ള ഗൈഡ്‌ റണ്ണറുണ്ടായിരുന്നു.

മഹാരാജാസ്‌ മൈതാനത്തായിരുന്നു 100 മീറ്റർ ഓട്ടമത്സരം. ആദ്യം നടന്നത്‌ 14 വയസ്സിനുമുകളിലുള്ള ആൺകുട്ടികളുടേത്‌. പരിശീലനത്തിൽ ഒപ്പമുണ്ടായിരുന്ന ഗൈഡ്‌ റണ്ണർ ആൽബിയില്ലാതെ ഓടുന്നതിന്റെ പരിഭ്രമമുണ്ടായിരുന്നു പാലക്കാടിന്റെ താരമായ മുഹമ്മദ്‌ ഉനൈസിന്‌. പകരക്കാരനായി എത്തിയത്‌ മിഫ്രാ. കൂട്ടുകാരന്റെ മനസ്സറിഞ്ഞ്‌ മിഫ്രായും ഓടിയപ്പോൾ മുഹമ്മദ്‌ ഉനൈസ്‌ ഒന്നാമത്‌. പെൺകുട്ടികളുടെ മത്സരത്തിൽ പാലക്കാടിന്റെതന്നെ കെ അനിഷയാണ് സ്വർണം നേടിയത്. എസ് അഭിനയയായിരുന്നു ഗൈഡ് റണ്ണർ.

പതിനാല്‌ വയസ്സിനുതാഴെയുള്ള ആൺകുട്ടികളിൽ അഖിൽരാജ്‌ മത്സരിക്കാനിറങ്ങിയത്‌ ഗോത്ര കരുത്തുമായാണ്‌. കാട്ടുനായ്‌ക്ക വിഭാഗത്തിൽനിന്നാണ്‌ വരവ്‌. ഗൈഡ്‌ റണ്ണറായത്‌ പണിയവിഭാഗത്തിലെ എം ജി അപ്പു. ഓടാനിറങ്ങുംമുമ്പെ അപ്പു കൂട്ടുകാരനോട്‌ പറഞ്ഞു ‘ഫസ്‌റ്റടിക്കണം’. ആ ലക്ഷ്യം ഇരുവരും നേടി. വയനാട്‌ കാക്കവയൽ ജിഎച്ച്‌എസ്‌എസിലെ എട്ടാംക്ലാസ്‌ വിദ്യാർഥിയാണ്‌ അഖിൽരാജ്‌. മാനന്തവാടി ജിവിഎച്ച്‌എസ്‌എസിലാണ്‌ അപ്പു പഠിക്കുന്നത്‌.

അഞ്‌ജലിക്കൊപ്പമാണ്‌ സ്‌കൂളിലേക്ക്‌ ഗ്രീറ്റിയ വരുന്നത്‌. ട്രാക്കിലേക്ക്‌ വന്നപ്പോഴും പതിവ്‌ തെറ്റിച്ചില്ല. ഇരുവരും സെന്റ് തോമസ് എച്ച്എസ് അയിരൂരിലെ എട്ടാംക്ലാസ് വിദ്യാർഥികളാണ്. ഗ്രീറ്റിയ ബിജു ഒന്നാമതെത്തിയപ്പോൾ അഞ്‌ജിലി ഷിബു ഗൈഡ്‌ റണ്ണറായി.