സവിശേഷം സുന്ദരം
Wednesday Nov 6, 2024
ഡി കെ അഭിജിത്
ഉൾക്കാഴ്‌ചയായിരുന്നു, ഉൾക്കരുത്തും. ലക്ഷ്യങ്ങൾക്കും സ്വപ്‌നങ്ങൾക്കും പരിമിതികളില്ലായിരുന്നു. കളത്തിൽ അവർ ഇറങ്ങിയപ്പോൾ കൈ യടികൾ ഉയർന്നു. ദൂരങ്ങൾ ചെറുതായി. ‘സവിശേഷ പറവകളായി’ പറന്നു. സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിലാദ്യമായി ഭിന്നശേഷിക്കാരായ കുട്ടികളും കളത്തിലിറങ്ങിയ നിമിഷങ്ങളായിരുന്നു ഇത്. ഇൻക്ലൂസീവ് സ്‌പോർട്‌സിൽ ഏഴ് ഇനങ്ങളിലായിരുന്നു മത്സരം. എല്ലാ ഇനങ്ങളിലും ഉശിരുള്ള, ആവേശകരമായ പോരാട്ടങ്ങളാണ് നടന്നത്...
കൊച്ചി
പരിമിതികളല്ല, ആത്മവിശ്വാസത്താൽ പ്രസന്നമായ മുഖങ്ങളായിരുന്നു ബാഡ്‌മിന്റൺ കോർട്ടിൽ. ഒറ്റക്കൈയിൽ എല്ലാ കരുത്തും നിറച്ച് കൊല്ലം ടീമിന്റെ അലൻ ജയ്‌ൻസൺ കളത്തിലെ ശ്രദ്ധാകേന്ദ്രമായി.
മൈലോട് ടിഇഎം വിഎച്ച്‌എസ്‌എസ് ഒമ്പതാംക്ലാസ് വിദ്യാർഥിയാണ്. ഒറ്റകൈയാൽ നീന്തൽക്കുളത്തിലും അലൻ മിന്നും. റുബിക്‌സ് ക്യൂബിൽ ഏഷ്യൻ ബുക് ഓഫ് റെക്കൊഡ്‌സ്, ഇന്ത്യ ബുക് ഓഫ് റെക്കൊഡ്‌സ് എന്നിവയിലും പേരുണ്ട്. ഡൽഹി പൊലീസ് ഉദ്യോഗസ്ഥനായ ജെയ്‌ൻസണിന്റെയും ഗോൾഡിയുടെയും മകനാണ്.
അറുപത്തഞ്ച് ശതമാനം ഭിന്നശേഷിക്കാരനായ മുണ്ടക്കയം സ്വദേശി ജ്യോതിഷ്‌കുമാർ 14 വയസ്സിനുമുകളിലുള്ളവരുടെ ബാഡ്‌മിന്റൺ ഡബിൾസിൽ തിളങ്ങി.
പൂർണമായും വളവുള്ള നട്ടെല്ല്, ഒരു കൈക്ക് സ്വാധീനക്കുറവ്, കാലിന് നീളക്കുറവ്... എന്നിട്ടും കളം നിറഞ്ഞ് കളിച്ചു. കാഞ്ഞിരപ്പള്ളി മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥി ജീവിതപരാധീനതകൾക്കിടയിൽനിന്നാണ് സംസ്ഥാന മേളയിലെത്തിയത്. സർക്കാരിൽനിന്ന് ലഭിച്ച വീട്ടിലാണ് താമസം. അച്ഛൻ സുരേഷും അസുഖബാധിതനാണ്. കിടപ്പുരോഗിയായ മുത്തശ്ശിയും ചേട്ടനും അമ്മയുമടങ്ങുന്ന കുടുംബം.
പത്തുമാസത്തെ പരിശീലനംകൊണ്ടാണ് സംസ്ഥാനതലത്തിൽ എത്തിയത്. താൽപ്പര്യംകൊണ്ടാണ് വീടിനടുത്തുള്ള സ്വകാര്യ ബാഡ്മിന്റൺ പരിശീലനക്കളരിയിൽ കാഴ്‌ചക്കാരനായത്. മുടങ്ങാതെ കോർട്ടിലെത്തുന്ന ജ്യോതിഷിന്റെ താൽപ്പര്യം തിരിച്ചറിഞ്ഞ പരിശീലകനായ കെ ജെ ജാക്‌സൺ സൗജന്യമായി പഠിപ്പിക്കുകയായിരുന്നു.