ഹാരിസ് വീണ്ടും വരും; വലകുലുക്കാൻ
Wednesday Nov 6, 2024
കൊച്ചി
പരിമിതികൾക്കപ്പുറം സ്കൂൾ കായികമേളയുടെ ചരിത്രത്തിന്റെ ഭാഗമായി മുഹമ്മദ് ഹാരിസ്. 14 വയസ്സിനുതാഴെയുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ ഫുട്ബോളിൽ മധ്യനിരയിലെ മിന്നുംതാരമായി. പാലക്കാട് ടീമിനുവേണ്ടിയാണ് ബൂട്ടണിഞ്ഞത്. ആദ്യമത്സരത്തിൽ പത്തനംതിട്ടയോട് വിജയിച്ചെങ്കിലും സെമിയിൽ കോഴിക്കോടിനോട് പരാജയപ്പെട്ടു.
പാലക്കാട് കോങ്ങാട് ഗവ. യുപി സ്കൂളിലെ ആറാംക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞവർഷം ജില്ലാ മത്സരത്തിൽ പങ്കെടുത്തു. ഇത്തവണ സംസ്ഥാനത്തേക്ക് അവസരം ലഭിച്ചു.
മകന്റെ കളത്തിലെ മുന്നേറ്റം അഭിമാനത്തോടെ മൊബൈലിൽ പകർത്തി അച്ഛൻ ഹാഷിം ഗ്യാലറിയിലുണ്ടായിരുന്നു. ""ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഒരുപാട് അവസരങ്ങൾ ഇപ്പോഴുണ്ട്. ഹാരിസിന്റെ പരിമിതികൾ അവനെ തളർത്താറില്ല. ആത്മവിശ്വാസമുള്ള കളിക്കാരനാണ്''–- കായികാധ്യാപിക പ്രീജ പറഞ്ഞു.
ഒഴിവുസമയങ്ങളിൽ യൂട്യൂബിൽ ഫുട്‌ബോൾ വീഡിയോകൾ കണ്ടും വീടിന്റെ ഉമ്മറത്ത് കളിച്ചുമാണ് പരിശീലനം. ഹാരിസിന്റെ ഫുട്ബോൾപ്രേമം കണ്ട് സഹോദരി ഹനീനയും ഫുട്‌ബോൾ ആരാധികയായി. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഹാരിസിന്റെ ഇഷ്ടതാരം. വലിയ കളിക്കാരനാകണമെന്നാണ് ആഗ്രഹം. പരാജയത്തിന്റെ വേദനയിൽ കണ്ണുനിറഞ്ഞെങ്കിലും വീണ്ടും വരാമെന്ന ആത്മവിശ്വാസം ഹാരിസിന്റെ മുഖത്ത് വീണ്ടും പുഞ്ചിരി നിറച്ചു.