ട്രാക്ക് ; കായിക കൗമാരം ഇന്നുമുതൽ ട്രാക്കിലും ഫീൽഡിലും
Thursday Nov 7, 2024
ജിജോ ജോർജ്
കേരളത്തിന്റെ കായിക കൗമാരം ഇന്നുമുതൽ ട്രാക്കിലും ഫീൽഡിലും. മുൻഗാമികൾ വരച്ചിട്ട വഴികളിലൂടെ, കേരള അത്‌ലറ്റിക്‌സിന്റെ ആവേശകരമായ ചരിത്രത്തിലൂടെ അവർ വരുന്നു. ഉണരുകയാണ് പ്രതീക്ഷയുടെ, സ്വപ്‌നങ്ങളുടെ
കൊച്ചി
കോരുത്തോട് സികെഎംഎച്ച്എസ്എസും കോതമംഗലം സെന്റ് ജോർജും മാർ ബേസിലും അടക്കിവാണ സംസ്ഥാന സ്‌കൂൾ കായികമേളയുടെ അത്‌ലറ്റിക്‌സിൽ പുതുശക്തികൾ പിറക്കുമോ. മഹാരാജാസ് കോളേജിലെ സിന്തറ്റിക് ട്രാക്ക് പുത്തൻ താരോദയങ്ങൾക്കായി കാത്തിരിക്കുന്നു.
പാലക്കാട്, മലപ്പുറം, എറണാകുളം ജില്ലകൾ ചാമ്പ്യൻ കിരീടം ലക്ഷ്യമിട്ടെത്തുന്നു. പാലക്കാട് നാലാംകിരീടം ഉറപ്പിക്കാൻ ഇറങ്ങുമ്പോൾ നഷ്ടപ്രതാപം വീണ്ടെടുക്കാനാകും സ്വന്തംതട്ടകത്തിൽ എറണാകുളത്തിന്റെ ശ്രമം. ചരിത്രത്തിൽ ആദ്യമായി ട്രാക്കിൽ കിരീടമുയർത്താൻ ഉറപ്പിച്ചാണ് മലപ്പുറത്തിന്റെ വരവ്. രണ്ടു വർഷമായി മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്‌എസ്‌എസ് ആണ് ചാമ്പ്യൻ സ്‌കൂൾ. ഐഡിയലിന് വെല്ലുവിളിയുയർത്താൻ മാർബേസിലും പറളിയും നാവാമുകുന്ദയുമുണ്ട്.
അത്‌ലറ്റിക്‌സിൽ 98 ഇനങ്ങൾ
സംസ്ഥാന സ്‌കൂൾ കായികമേളയുടെ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് ഇന്ന് രാവിലെ 6.10ന് സീനിയർ ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തമത്സരത്തോടെ തുടക്കം. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ് മത്സരം. പകലും രാത്രിയുമായാണ് മത്സരം. 2623 അത്‌ലീറ്റുകളാണ് മാറ്റുരയ്‌ക്കുന്നത്.