കൊല്ലത്തിന്റെ ജൂഡോ ബ്രദേഴ്‌സ്
Thursday Nov 7, 2024
ഡി കെ അഭിജിത്
കൊച്ചി
മാറ്റിൽ കയറിയാൽ ശ്രദ്ധയും ബലവും ഒരുപോലെ ചേരേണ്ട ആയോധന കല. പോയിന്റ് നേടിത്തന്നെ ജയിക്കണമെന്നില്ല, എതിരാളിയുടെ പിഴവുകളും നമ്മളെ വിജയത്തിലെത്തിക്കും. ഗുസ്‌തിയും കരാട്ടെയും കുങ്‌ഫുവും ആരാധകരെ സൃഷ്‌ടിച്ച കേരളത്തിൽ ജൂഡോ എത്രത്തോളം സ്വീകാര്യത നേടി എന്നതിന്റെ നേർക്കാഴ്‌ചയാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിലെ നിറഞ്ഞ സദസ്സ്.
ജൂഡോയോട് ഇഷ്‌ടംതോന്നിച്ച സഹോദരനൊപ്പം സ്വപ്‌നത്തിലേക്ക് കൈപിടിച്ചുകയറിയ കഥയാണ് കൊല്ലം ടീമിന്റെ ആദിത്യരാജിന് പറയാനുള്ളത്. ആദ്യ സംസ്ഥാന കായികമേളയിൽത്തന്നെ സ്വർണമെഡൽ. പരിശീലകൻ സഹോദരൻ. സീനിയർ ബോയ്‌സ് 81 കിലോയിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് ആദിത്യരാജ് നേട്ടം എത്തിപ്പിടിച്ചത്. ജി വി രാജയുടെ കരുത്തനായ പോരാളി മുഹമ്മദ് ഷിബിലിയെ മലർത്തിയടിച്ചാണ് ആദിത്യന്റെ വിജയം. അനുജന്റെ വിജയത്തിൽ ആഹ്ലാദം പങ്കുവച്ച് ജ്യേഷ്‌ഠൻ കൃഷ്‌ണരാജും കളിക്കളത്തിന് അരികിലുണ്ട്. കൊല്ലം ടീമിന്റെ മിന്നുംതാരമായ ആദിത്യരാജിന് കരുത്തും ആത്മവിശ്വാസവുമാണ് ചേട്ടൻ. പഠനം കരുനാഗപ്പള്ളി ഗവ. എച്ച്‌എസ്‌എസ് സ്‌കൂളിലാണെങ്കിലും കൃഷ്‌ണരാജും മറ്റു മൂന്നുപേരും ചേർന്ന് നടത്തുന്ന എസ്‌എംഎച്ച്‌എസ്‌എസ് പദാരം ക്ലബ്ബിലാണ് പരിശീലനം നേടിയത്. ദേശീയ മേളയിലും ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിലും മെഡലുകൾ നേടിയ താരമാണ് കൃഷ്‌ണരാജ്. 2021ൽ സംസ്ഥാന ജൂഡോ ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയിട്ടുണ്ട്. യുഎസിൽ മെക്കാനിക്കൽ എൻജിനിയറായ രഘുരാജൻ ഉണ്ണിത്താന്റെയും ലേഖയുടെയും മക്കളാണ്.