തിരുവനന്തപുരത്തിന്‌ സ്വർണച്ചിറക്‌

Thursday Nov 7, 2024
ജെയ്‌സൻ ഫ്രാൻസിസ്
നീന്തലിൽ ഇരട്ട റെക്കോഡിട്ട തിരുവനന്തപുരത്തിന്റെ എസ് അഭിനവ് /ഫോട്ടോ: സുനോജ്‌ നൈനാൻ മാത്യൂ


കൊച്ചി
നീന്തൽക്കുളത്തിൽ തിരുവനന്തപുരം സ്വർണം വാരുന്നു. രണ്ടാംദിനത്തിലും ഏഴ്‌ റെക്കോഡുകൾ. ഇതോടെ മൊത്തം റെക്കോഡുകൾ 14 ആയി. തലസ്ഥാന ജില്ല 353 പോയിന്റുമായാണ്‌ കുതിക്കുന്നത്‌. സ്വർണം 41, വെള്ളി 29, വെങ്കലം 33. രണ്ടാംസ്ഥാനത്തുള്ള എറണാകുളത്തിന്‌ 101 പോയിന്റുണ്ട്‌. എട്ട്‌ സ്വർണവും 14 വെള്ളിയും ഏഴ്‌ വെങ്കലവുമാണ്‌ അക്കൗണ്ടിൽ. 59 പോയിന്റുമായി കോട്ടയമാണ്‌ മൂന്നാമത്‌. നാല്‌ സ്വർണവും ഒമ്പത്‌ വെള്ളിയും മൂന്ന്‌ വെങ്കലവുമാണ്‌ നേടിയത്‌.

തീർഥു സാമദേവ്‌, എസ്‌ അഭിനവ്‌, പാവണി സരയു എന്നിവർ റെക്കോഡ്‌ ഡബിൾ തികച്ചു. ജൂനിയർ വിഭാഗം 800 മീറ്റർ ഫ്രീസ്റ്റൈലിലാണ്‌ തീർഥു സ്വന്തംസമയം തിരുത്തിയത്‌. ഫ്രീസ്‌റ്റൈലിൽ ആദ്യദിനം റെക്കോഡിട്ടിരുന്നു. പാവണി സരയു ആദ്യദിനം 200 മീറ്റർ ബ്രെസ്‌റ്റ്‌ സ്‌ട്രോക്കിലാണ്‌ റെക്കോഡിട്ടതെങ്കിൽ രണ്ടാംദിനം നേട്ടം ആവർത്തിച്ചത്‌ 200 മീറ്റർ മെഡ്‌ ലേയിലാണ്‌. എസ്‌ അഭിനവ്‌ 200 മീറ്റർ ബാക്ക്‌ സ്‌ട്രോക്കിൽ പുതിയസമയം സ്വന്തമാക്കി. 100 മീറ്റർ ബാക്ക്‌സ്‌ട്രോക്കിലും റെക്കോഡോടെ സ്വർണം നേടിയിരുന്നു.

രണ്ടാംദിനം റെക്കോഡ്‌ നേടിയ മറ്റുതാരങ്ങൾ: പി പി അഭിജിത്ത്‌ (സബ്‌ജൂനിയർ 50 മീറ്റർ ബ്രസ്‌റ്റ്‌സ്‌ട്രോക്ക്‌, കളമശേരി ഗവ. വിഎച്ച്എസ്എസ് എച്ച്എസ്എസ്), ജി സമ്പത്ത്‌ കുമാർ (സീനിയർ ബോയ്‌സ്‌ 200 മീറ്റ‌ർ ഫ്രീസ്റ്റൈൽ). സീനിയർ ഗേൾസ് വ്യക്തിഗതമെഡ്‌ലേയിൽ നിലവിലെ റെക്കോഡ്‌ കളമശേരി ഗവ. വിഎച്ച്എസ്എസ് എച്ച്എസ്എസിലെ നദിയ ആസിഫും തുണ്ടത്തിൽ എംവിഎച്ച്എസ്‌എസിലെ എം ആർ അഖിലയും മറികടന്നു. അഖിലയുടെ പേരിലാണ്‌ പുതിയ മീറ്റ്‌ റെക്കോഡ്‌.  4 x 100 മീറ്റ‌ർ ഫ്രീസ്റ്റൈൽ റിലേയിൽ തിരുവനന്തപുരം റെക്കോഡിട്ടു.