പന്തലിലാണ് ഉമ്മറിന്റെ ഹീറോയിസം

Sunday Jan 1, 2023

കോഴിക്കോട് > ഉമ്മര്‍ പടപ്പ് കെട്ടിയുയര്‍ത്തിയ പന്തലില്‍നിന്നുകൊണ്ട് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ നെഹ്റു മുതല്‍ നരേന്ദ്രമോദി വരെയുള്ളവര്‍ പ്രസംഗിച്ചിട്ടുണ്ട്. ഉമ്മര്‍ പണിത വേദിയില്‍ ആടുകയും പാടുകയും ചെയ്തവര്‍ ലോകം ആരാധിക്കുന്ന താരങ്ങളായി മാറിയിട്ടുണ്ട്. 1987ല്‍ കോഴിക്കോട്ടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് പന്തല്‍ കെട്ടി, പിന്നീടിങ്ങോട്ടുള്ള എല്ലാ കലോത്സവങ്ങളിലും പന്തലുടമയായി. പന്തല്‍ പണിയാനുള്ള സാമഗ്രികളുമായി ഉമ്മറിന്റെയും പരിവാരങ്ങളുടെയും കോഴിക്കോട്ടേക്കുള്ള അഞ്ചാം വരവാണിത്.

1964ല്‍ കേരള കലാമണ്ഡലത്തില്‍ ഒരുക്കിയ പന്തലിലെ വിഐപി പ്രധാനമന്ത്രി നെഹ്റുവായിരുന്നു.  തുടര്‍ന്നിങ്ങോട്ട് കേരളത്തില്‍ മിക്കയിടത്തും പ്രധാനമന്ത്രിമാര്‍ വരുന്ന വന്‍പരിപാടികള്‍ക്ക് പന്തലൊരുക്കി. ഇന്ദിരയും മൊറാര്‍ജിയും രാജീവ് ഗാന്ധിയും വി പി സിങ്ങും മന്‍മോഹനും  ഉള്‍പ്പെടെയുള്ളവര്‍ ഈ ഉത്സാഹിയുടെ ആതിഥേയരായി. വയനാടും പത്തനംതിട്ടയും ഒഴികെയുള്ള ജില്ലകളിലെല്ലാം ഭാരത് പന്തല്‍ വര്‍ക്സിന്റെ പന്തലുയര്‍ന്നിട്ടുണ്ട്.

സ്‌കൂള്‍ കലോത്സവപ്പന്തല്‍ പൊല്ലാപ്പുള്ള പണിയല്ലേയെന്ന ചോദ്യത്തിന് അതല്ലേ ഹീറോയിസമെന്ന മട്ടിലുള്ള ചിരിയായിരുന്നു ഉത്തരം. കോട്ടയത്തുകാരനായ ജേക്കബില്‍നിന്നാണ് ഉമ്മറിന് പന്തല്‍ പണി ക്വട്ടേഷനിലൂടെ കൈമാറിക്കിട്ടുന്നത്. മാനാഞ്ചിറയിലായിരുന്നു ആദ്യ പന്തല്‍. 24,000 മെടഞ്ഞ തെങ്ങോലയായിരുന്നു ഉപയോഗിച്ചത്.  2020ലെ കാഞ്ഞങ്ങാട് കലോത്സവംവരെ ഓലപ്പന്തലായിരുന്നു. ഓലപ്പന്തല്‍ ഇല്ലാതായതോടെ പണി കുറേക്കൂടി എളുപ്പമായെന്ന് ഉമ്മര്‍. 160 തൊഴിലാളികളുടെ സംഘവുമായാണ് പത്തുനാള്‍മുമ്പ് എത്തിയത്. ഒപ്പം മകന്‍ ഹര്‍ഷാദുമുണ്ട്. 

കാഴ്ച മറയാത്ത വിധമുള്ള പന്തലാണ് പ്രധാനവേദിയായ വിക്രം മൈതാനിയിലേത്. 80 തൂണുകളുണ്ട്. മൂവായിരത്തോളം ഷീറ്റുകള്‍ മേല്‍ക്കൂരയ്ക്കായി ഉപയോഗിച്ചു. പ്രളയത്തിനുശേഷം ആലപ്പുഴയില്‍  നടന്ന സംസ്ഥാന കലോത്സവത്തിന് സൗജന്യമായാണ് പന്തല്‍ പണിതത്. സിപിഐ എം ചെറുതുരുത്തി ലോക്കല്‍ കമ്മിറ്റി അംഗമാണ് ഉമ്മര്‍.