കുപ്പിവെള്ളം ഒഴിവാക്കൂ; കൂജയിലുണ്ട് വെള്ളം

Monday Jan 2, 2023

കോഴിക്കോട് > ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ബോട്ടിലുകളുമായി എത്തുന്നവരോട് സ്നേഹപൂര്‍വം നോ പറയുകയാണ്  കോഴിക്കോട്ടെ കലോത്സവ നഗരി. കുടിവെള്ളം കൈയില്‍ ഫ്ളാസ്‌കിലോ കുപ്പിയിലോ കരുതണമെന്നാണ് ഹരിതചട്ട കമ്മിറ്റിയുടെ അഭ്യര്‍ഥന. കൈയില്‍ കുടിവെള്ളമില്ലെങ്കിലും ധൈര്യമായി പോരൂ എന്ന് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ക്ഷണം.  വലിയ മണ്‍കൂജകളില്‍ കുടിവെള്ളം എല്ലാ വേദികളിലും ഉണ്ടാവും. കൂജയിലെ വെള്ളം മണ്‍ഗ്ലാസില്‍ പകര്‍ന്ന് വേണ്ടുവോളം കുടിക്കാം. നാനൂറോളം വലിയ കൂജകളാണ് പാലക്കാട് നിന്ന് എത്തിച്ചത്. വിധികര്‍ത്താക്കള്‍ക്കും ഒഫീഷ്യലുകള്‍ക്കുമായി മണ്‍ജഗ്ഗുകളുമുണ്ട്. നാലായിരത്തോളം മണ്‍ഗ്ലാസുകളാണ് സൂറത്തില്‍നിന്ന് കലോത്സവവേദിയില്‍ എത്തിച്ചത്.

കുടിവെള്ള വിതരണത്തിന്റെയും ആരോഗ്യപരിപാലനത്തിന്റെയും ചുമതലകളുള്ള വെല്‍ഫെയര്‍ കമ്മിറ്റിക്ക് 600 അംഗ വളന്റിയര്‍ സേനയുണ്ട്. എന്‍എസ്എസ്, എസ്പിസി, ജെആര്‍സി, അധ്യാപക വിദ്യാര്‍ഥികള്‍, അധ്യാപകര്‍, വിരമിച്ച അധ്യാപകര്‍ എന്നിവരാണ് സേനാംഗങ്ങള്‍. എല്ലാ വേദികളിലും മെഡിക്കല്‍ ടീം കൗണ്‍സലിങ് സൗകര്യവും ആംബുലന്‍സ് സര്‍വീസും ഒരുക്കും.

ഹരിതചട്ടപാലനത്തിനായി  700 പേരുള്ള വളന്റിയര്‍ സേനയാണുള്ളത്. തിങ്കളാഴ്ച സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ നിന്ന് മുഖ്യവേദിയായ വിക്രം മൈതാനത്തിലേക്ക് ശുചിത്വ സന്ദേശറാലി നടക്കും. ഇതിനുശേഷം മൈതാനം ശുചീകരിക്കും.  മികച്ച രീതിയില്‍  വേദി പരിപാലിക്കുന്ന പിടിഎയ്ക്ക് പുരസ്‌കാരമുണ്ട്.