ആരോഗ്യമന്ത്രിക്കെന്താ കലയിൽ കാര്യമെന്നല്ലേ
Monday Jan 2, 2023
സി പ്രജോഷ് കുമാർ
കോഴിക്കോട്> മുപ്പതുവർഷംമുമ്പ് പാഞ്ചാലിയുടെ രൗദ്രഭാവവുമായി കലോത്സവവേദി കീഴടക്കിയ പത്താംക്ലാസുകാരി ഇന്ന് വിശിഷ്‌ടാതിഥി. മന്ത്രിമാരായ വി ശിവൻകുട്ടിക്കും പി എ മുഹമ്മദ് റിയാസിനുമൊപ്പം പായസംകുടിച്ച് കലോത്സവ പാചകപ്പുര ഉദ്‌ഘാടനം ചെയ്‌തതും ആ പഴയ പ്രതിഭതന്നെ. പത്തനംതിട്ട മൈലപ്ര എംബിഇഎംഎച്ച്‌എസിലെ വീണാ കുര്യാക്കോസ് എന്ന കലാകാരി ഇപ്പോൾ കേരളത്തിന്റെ ആരോഗ്യമന്ത്രി വീണാ ജോർജ്.
‘‘മനസ്സിൽ വേദികളുടെയും ലൈറ്റുകളുടെയും കാണികളുടെയും ആരവം. സ്കൂൾ യുവജനോത്സവകാലങ്ങൾ ഓർമയിൽ ഉണർന്നു. വീട്, പ്രിയപ്പെട്ടവർ, ഗുരുക്കന്മാർ, വേദികൾ, കൂട്ടുകാർ, കാത്തിരിപ്പ്... മഞ്ജു വാര്യർ, ഗിന്നസ് പക്രു തുടങ്ങിയ എത്രയെത്ര കലാപ്രതിഭകൾ... എത്രയെത്ര നിറംമങ്ങാത്ത ഓർമകൾ...’’ കലോത്സവകാല അനുഭവം മന്ത്രി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.
മഞ്‌ജു വാര്യരായിരുന്നു അന്ന് കലാതിലകം. ഗിന്നസ് പക്രുവിനായിരുന്നു (ആർ അജയകുമാർ) ആൺകുട്ടികളുടെ ഏകാഭിനയത്തിൽ രണ്ടാംസ്ഥാനം.
തിരൂരിൽ 1991ൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഏകാഭിനയത്തിലെ ഒന്നാംസ്ഥാനക്കാരിയായിരുന്നു വീണ. പാഞ്ചാലി, യുധിഷ്‌ഠിരൻ, ദുര്യോധനൻ, ദുശ്ശാസനൻ തുടങ്ങിയ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച് കൈയടി നേടി. ആവർഷം പത്തനംതിട്ട ജില്ലാ കലോത്സവത്തിലെ കലാതിലകവുമായിരുന്നു. മോഹിനിയാട്ടം, ഭരതനാട്യം, മോണോ ആക്ട്, നാടോടിനൃത്തം, പദ്യപാരായണം, ഉപന്യാസം, പ്രസംഗം എന്നിവയിലെല്ലാം താരം. കോളേജ് പഠനകാലത്തും കലോത്സവവേദികളിൽ നിറഞ്ഞു. തിരുവനന്തപുരം വനിതാ കോളേജ് വിദ്യാർഥിയായിരിക്കെ കേരള സർവകലാശാല കലോത്സവങ്ങളിലും തിളങ്ങി.