ഇതാണ് സ്വര്‍ണക്കപ്പിന്റെ കഥ

Tuesday Jan 3, 2023

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന ജില്ലയ്ക്ക് സ്വര്‍ണക്കപ്പ് എന്ന ആശയം അവതരിപ്പിച്ചത് മലയാളത്തിന്റെ പ്രിയകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍. 1985ലെ എറണാകുളം കലോത്സവത്തില്‍ പദ്യപാരായണത്തിനും കവിതാരചനയ്ക്കും വൈലോപ്പിള്ളിയായിരുന്നു വിധികര്‍ത്താവ്. തൊട്ടടുത്ത് മഹാരാജാസ് ഗ്രൗണ്ടില്‍ നെഹ്റു ട്രോഫി  ഫുട്ബോള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് സ്വര്‍ണക്കപ്പായിരുന്നു സമ്മാനം.  കലോത്സവ വിജയികള്‍  വെറുംകൈയോടെ മടങ്ങുന്ന  വിവേചനം കവി മനസ്സിനെ വിഷമിപ്പിച്ചു. 101 പവനുള്ള സ്വര്‍ണക്കപ്പ് നല്‍കണമെന്ന ആഗ്രഹം അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബിന് മുന്നില്‍ വച്ചു. 

തൃശൂരിലെ അടുത്ത കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. നടരാജ വിഗ്രഹം പ്രതിഷ്ഠിച്ച കപ്പില്‍ ആറു പവന്റെ സ്വര്‍ണം പൂശി നല്‍കി. എന്നാല്‍, 1987ല്‍ കോഴിക്കോട് നടന്ന കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് യാഥാര്‍ഥ്യമായി. ചിറയന്‍കീഴ് ശ്രീകണ്ഠന്‍ നായര്‍ രൂപകല്‍പ്പന ചെയ്ത കപ്പ്   പണി പൂര്‍ത്തിയായപ്പോള്‍ 117.5 പവനായി. രണ്ടേകാല്‍ ലക്ഷം രൂപയായിരുന്നു ചെലവ്.

വീട്ടിയില്‍ തീര്‍ത്ത പീഠത്തില്‍ 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുള്ള കപ്പ് വളയിട്ട കൈയില്‍ വലംപിരി ശംഖ് പിടിച്ചതുപോലെയാണ് രൂപകല്‍പ്പന ചെയ്തത്.  1987ല്‍ ഓവറോള്‍ ചാമ്പ്യന്മാരായ തിരുവനന്തപുരം ജില്ല ആദ്യമായി സ്വര്‍ണക്കപ്പില്‍ മുത്തമിട്ടു.

കപ്പിന് താഴെ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബിന്റെ പേര് കൊത്തിയത് വിവാദമായി. 87ല്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വന്നപ്പോള്‍ കപ്പില്‍ നിന്നും മന്ത്രിയുടെ പേര് മായ്ച്ചു. 88ല്‍ കൊല്ലത്തു നടന്ന കലോത്സവത്തില്‍ പേരുമായ്ച്ച കപ്പാണ് നല്‍കിയത്.

2009ല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കൂടി കലോത്സവത്തില്‍ പങ്കാളിയായതോടെ കപ്പിന്റെ അവകാശികളെ കണ്ടെത്തുന്നതില്‍ പുതിയ നിയമം വന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് കപ്പ് നല്‍കാന്‍ തീരുമാനിച്ചു. സ്വര്‍ണക്കപ്പില്‍ ഏറ്റവും കൂടുതല്‍ മുത്തമിട്ട ഖ്യാതി കോഴിക്കോടിനാണ്.