ആദ്യമേളയ്‌ക്ക് 65
Tuesday Jan 3, 2023
സി പ്രജോഷ് കുമാര്‍
ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി മൗലാനാ അബ്ദുള്‍ കലാം ആസാദാണ് സര്‍വകലാശാലാ തലത്തില്‍ യുവജനോത്സവമെന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപം കൊണ്ടപ്പോള്‍ വിദ്യാഭ്യാസ ഡയറക്ടറായി ചുമതലയേറ്റേ ഡോ.വെങ്കിടേശ്വരന്‍ സ്‌കൂള്‍ തലത്തില്‍ യുവജനോത്സവം എന്ന ആശയം മുന്നോട്ടുവച്ചു. 1956 നവംബറില്‍ അദ്ദേഹം ഡിഇഒമാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം വിളിച്ച് ആശയം അവതരിപ്പിച്ചു. കലാഭിരുചിയുള്ള കുട്ടികളെ മേളയില്‍ പങ്കെടുപ്പിക്കാന്‍ പ്രധാനാധ്യാപകര്‍ മുന്‍കൈയെടുക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് മുഖേന സ്‌കൂളുകള്‍ക്ക് നിര്‍ദേശം നല്‍കി. ഡിസംബറില്‍ ജില്ലാ മേളകള്‍ നടന്നു. 1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്‌കൂള്‍ ആദ്യ സംസ്ഥാന സ്‌കൂള്‍ കലാമേളക്ക് വേദിയായി.
തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ മേള നടത്താനായിരുന്നു ലക്ഷ്യമിട്ടത്.എന്നാല്‍, ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനുവേണ്ടിയുള്ള സമരം തലസ്ഥാനത്ത് ശക്തിപ്പെട്ടതിനാല്‍ അവസാന നിമിഷം മേള എറണാകുളത്തേക്ക് മാറ്റി. 60 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രസംഗം, പദ്യപാരായണം, ഉപകരണ സംഗീതം, വായ്പാട്ട്, ഏകാംഗ നൃത്തം, കരകൗശല പ്രദര്‍ശനം, കലാപ്രദര്‍ശനം, സംഘഗാനം, സംഘനൃത്തം, നാടകം, ടാബ്ലോ, ഷാഡോപ്ലേ എന്നിവയായിരുന്നു ഇനങ്ങള്‍. ഭക്ഷണമൊരുക്കിയിരുന്നില്ല. സമീപത്തെ ഹോട്ടലിലേക്ക് ടോക്കണ്‍ നല്‍കുകയായിരുന്നു. പങ്കെടുക്കുന്നവര്‍ക്ക് യാത്രാപ്പടി നല്‍കിയിരുന്നു.
1966,67,72,73 വര്‍ഷങ്ങളില്‍ ഇന്ത്യ-- പാകിസ്ഥാന്‍ യുദ്ധത്തെ തുടര്‍ന്ന് ദേശീയ അടിയന്തരാവസ്ഥ നിലനിന്നതിനാല്‍ കലോത്സവങ്ങള്‍ നടന്നില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ മേള ഒഴിവാക്കുകയായിരുന്നു. 61--ാമത് മേളക്കാണ് കോഴിക്കോട് ആതിഥ്യമരുളുന്നത്.