നെല്ലിമൂടുകാരും പെർഡാലക്കാരും

Tuesday Jan 3, 2023
കാസർകോട്‌ ബദിയഡുക്ക പെർഡാല നവജീവന സ്‌കൂളിലെ യക്ഷഗാന ടീം വേഷമണിഞ്ഞശേഷം

കോഴിക്കോട്‌ > കുട്ടികളുടെ ആനന്ദോത്സവത്തിന്‌ എത്രത്തോളം നീളവും പരപ്പുമുണ്ടാകും? അതൊരു ഭൂപടമാക്കിയാൽ കേരളത്തിന്റെ ആഴവും കവിയുമല്ലോ. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്‌ക്ക്‌ കോഴിക്കോട്‌ കൈകൊടുക്കുമ്പോൾ തിരുവനന്തപുരംമുതൽ കാസർകോടുവരെയുള്ള കലയുടെ സുന്ദരമധുരം ചികയുകയാണിവിടെ.

ആദ്യം ബാലരാമപുരം ഉപജില്ലയിലെ നെല്ലിമൂട്‌ സെന്റ്‌ ക്രിസോസ്‌റ്റംസ്‌ ജിഎച്ച്‌എസിലെ തിരുവാതിരസംഘത്തെ പരിചയപ്പെടാം. എച്ച്‌എസ്‌ വിഭാഗം മത്സരത്തിനായി ബുധനാഴ്‌ച സംഘം കോഴിക്കോട്ടേക്ക്‌ പുറപ്പെടും. ഏറെ പറഞ്ഞുകേട്ട തെരുവിന്റെ ഭംഗി ആസ്വദിച്ച്‌ കലയുടെ മധുരം നുണയണം. വ്യാഴം പകൽ കൂടല്ലൂർ തളിയിൽ സാമൂതിരി സ്‌കൂൾ ഗ്രൗണ്ടിലാണ്‌ മത്സരം. ജില്ലയിൽ ഒന്നാമതെത്തിയതോടെ പൊരിഞ്ഞ പരിശീലനമായിരുന്നു. സംഘത്തിലെ അധികംപേരും ആദ്യമായാണ്‌ കോഴിക്കോട്ടേക്ക്‌. ട്രെയിനിൽ തിരക്കേറെയെങ്കിലും അടിപൊളി ടൂറാണ്‌ പിള്ളേരുടെ മനസ്സിൽ. അവിടെ എത്തിയാൽ ആടണം, സമ്മാനം അടിക്കണം, കൂട്ടുകാർക്കായി അസ്സല്‌ കോഴിക്കോടൻ ഹൽവയും വാങ്ങണം.

തിരുവനന്തപുരം ബാലരാമപുരം ഉപജില്ലയിലെ നെല്ലിമൂട്‌ സെന്റ്‌ ക്രിസോസ്‌റ്റംസ്‌ ജിഎച്ച്‌എസിലെ തിരുവാതിരസംഘം പരിശീലനത്തിൽ

തിരുവനന്തപുരം ബാലരാമപുരം ഉപജില്ലയിലെ നെല്ലിമൂട്‌ സെന്റ്‌ ക്രിസോസ്‌റ്റംസ്‌ ജിഎച്ച്‌എസിലെ തിരുവാതിരസംഘം പരിശീലനത്തിൽ

കാസർകോട്ടുനിന്ന്‌ 20 കിലോമീറ്റർ അകലെ പെർഡാല നവജീവന സ്‌കൂളിലെ എച്ച്‌എസ്‌ യക്ഷഗാനസംഘമാണ്‌ ഏറെ വടക്കുനിന്നുള്ളവർ. ബാലരാമപുരം നെല്ലിമൂട്‌ സ്‌കൂളിൽനിന്ന്‌ അറുന്നൂറോളം കിലോമീറ്റർ ദൂരെയാണിത്‌. ബുധനാഴ്‌ച മൂപ്പിലശേരി ചാലപ്പുറം അച്യുതൻ ഗേൾസ്‌ സ്‌കൂളിലാണ്‌ മത്സരം. പെർഡാല സ്‌കൂളിലെ നിരഞ്ജന്റെ നേതൃത്വത്തിൽ ഏഴു കൂട്ടുകാരും നാലു പക്കമേളക്കാരും അടക്കം എല്ലാം വാരിക്കെട്ടി ചൊവ്വാഴ്‌ചതന്നെ കോഴിക്കോട്ടേക്ക്‌ തിരിക്കും. അവിടെ ഹൽവയുടെ മധുരത്തിനൊപ്പമൊരു കലക്ക്‌ കലക്കണം. കോഴിക്കോട്ടുകാർക്ക്‌ അത്ര പരിചയമില്ലാത്ത യക്ഷഗാനത്തിലൂടെ ഒന്നമ്പരപ്പിക്കണം.