നൂറ്റിപ്പതിനേഴര... ഹമ്മേ!

Tuesday Jan 3, 2023

കോഴിക്കോട് > 'തെരക്കാക്കണ്ട, മ്മക്ക് ആറേകാലുവരെ സമയമുണ്ടല്ലോ'-- സ്‌കൂള്‍ കലോത്സവത്തിന്റെ നൂറ്റിപ്പതിനേഴരപ്പവന്‍ കപ്പ് കാണാന്‍ മാനാഞ്ചിറയിലേക്ക് ഒഴുകിയത് നിരവധിപേര്‍. തിങ്കള്‍ വൈകിട്ട് 5.30 മുതലാണ് മാനാഞ്ചിറ സ്‌ക്വയറില്‍ സ്വര്‍ണക്കപ്പ് പ്രദര്‍ശിപ്പിച്ചത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.

പാലക്കാട്ടുനിന്ന് കൊണ്ടുവന്ന കപ്പ് പകല്‍ രണ്ടോടെ ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ സ്വീകരിച്ചു. ഘോഷയാത്രാ വരവേല്‍പ്പോടെ ഏറ്റുവാങ്ങി നാലോടെ മുതലക്കുളം മൈതാനത്തെത്തി. വിളംബരജാഥയ്ക്കൊപ്പം തുറന്ന ജീപ്പില്‍ മാനാഞ്ചിറ മൈതാനം ചുറ്റി സ്‌ക്വയറില്‍ പ്രദര്‍ശനത്തിന് വച്ചു.

വിളംബരജാഥയില്‍ ചെണ്ടമേളം, ബാന്‍ഡ് മേളം, ഒപ്പന, കോല്‍ക്കളി എന്നിവയുണ്ടായി. കെ എം സച്ചിന്‍ദേവ് എംഎല്‍എ, കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ, മേയര്‍ ബീന ഫിലിപ്പ് എന്നിവര്‍ പങ്കെടുത്തു.