കേറിവാ മക്കളേ
Tuesday Jan 3, 2023
പി പി സതീഷ്‌കുമാര്‍
കോഴിക്കോട് > കലയുടെ നൗക പൈതൃകനഗരിയുടെ തീരത്ത് നങ്കൂരമിട്ടു. മനുഷ്യപക്ഷം ചേര്‍ന്നുള്ള ചിന്തകളാല്‍ കാലത്തിനു നേരെപിടിച്ച കണ്ണാടിത്തെളിച്ചത്തോടെ കലയുടെ പെരുന്നാളിന് കൊടിയേറ്റമായി. കല സമാശ്വാസത്തിലേക്ക് കൊളുത്തിയ വിളക്കാകണമെന്ന വിളംബരത്തോടെയാണ് 61--ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായത്. വിക്രം മൈതാനത്തെ മുഖ്യവേദിയായ അതിരാണിപ്പാടത്ത് കൂറ്റന്‍ ഗിത്താറിന്റെ മാതൃകയില്‍ ഒരുക്കിയ കൊടിമരത്തിലാണ് കലോത്സവപതാക ഉയര്‍ന്നത്. നൂറോളം വിദ്യാര്‍ഥികള്‍ അണിനിരന്ന ദൃശ്യവിസ്മയപ്പെരുമയോടെയാണ് വേദിയുണര്‍ന്നത്. സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പൈതൃകനൃത്തമായിരുന്നു ദൃശ്യപ്പൊലിമയോടെ അരങ്ങില്‍ ആദ്യം നിറഞ്ഞത്. പുല്‍പ്പള്ളിയിലെ കലാകാരന്മാരുടെ കളരിപ്പയറ്റ് പിന്നാലെയെത്തി. കുറ്റിക്കാട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ ശിങ്കാരിമേളത്തിനൊപ്പം സദസ്സ് ഒന്നടങ്കം താളമിട്ടു.
കോഴിക്കോടിന്റെ ആതിഥേയമധുരം അത്രയുമുണ്ടായിരുന്നു സ്വാഗതഗാനത്തില്‍. ദൃശ്യഭംഗിയാല്‍ ഹൃദയംതൊട്ടു രംഗാവിഷ്‌കാരം. പൊതുവിദ്യാലയങ്ങളിലെ 61 വിദ്യാര്‍ഥികളാണ് 'പദംനിറഞ്ഞ് കളംനിറഞ്ഞ് നടനമാട്' എന്ന വരികളില്‍ തുടങ്ങിയ സ്വാഗതഗാനത്തിന്റെ ഗായകര്‍. നമ്മളുത്സവത്തിലേക്ക് കോഴിക്കോടിനെ നിറയ്ക്കുന്നതായിരുന്നു സ്വാഗതഗാനം. കോഴിക്കോടിന്റെ ദേശപ്പെരുമയും പൗരാണിക ചരിത്രവും പെരുമകളും പകര്‍ന്നാടവേ 60,000 ചതുരശ്ര അടിയുള്ള മുഖ്യവേദി പുരുഷാരത്താല്‍ നിറഞ്ഞു.
ഉദ്ഘാടനസമ്മേളനത്തിനുപിന്നാലെ വേദികളില്‍ മത്സരങ്ങള്‍ക്ക് തുടക്കമായി. കോഴിക്കോടിന്റെ അക്ഷരപ്പെരുമയേറ്റിയ രചനകളിലെ ദേശങ്ങളുടെ പേരിലുള്ള 24 വേദികളിലാണ് മത്സരങ്ങള്‍. മുഖ്യവേദിയായ അതിരാണിപ്പാടത്ത് ഹൈസ്‌കൂള്‍ മോഹിനിയാട്ടത്തോടെ മത്സരത്തുടക്കമായി. തളി സാമൂതിരി സ്‌കൂളിലെ കൂടല്ലൂരില്‍ ഭരതനാട്യത്തിനും പ്രൊവിഡന്‍സിലെ തസ്രാക്കില്‍ കുച്ചിപ്പുടിക്കും സെന്റ് ജോസഫ്സ് ബോയ്സിലെ നാരകപുരത്ത് മോണോആക്ടിനും ചാലപ്പുറം ഗണപതിലെ പാലേരിയില്‍ മിമിക്രിക്കും തിരശ്ശീല ഉയര്‍ന്നു. വേദികളിലേക്ക് ജനം ഒഴുകുകയാണ്. മഹാമാരിക്കാലത്തിനിപ്പുറം എല്ലാ മനുഷ്യരും ഒത്തുചേര്‍ന്ന് ഒഴുകുകയാണ്. മാറ്റിവച്ച ആഹ്ലാദങ്ങളുടെ നഷ്ടങ്ങളെയെല്ലാം മായ്ച്ചുകളയുന്നുണ്ട് ഒരുമ.