കലയെ സമാശ്വാസത്തിന്റെ ഉപാധിയാക്കണം: മുഖ്യമന്ത്രി

Tuesday Jan 3, 2023
സ്വന്തം ലേഖകന്‍

കോഴിക്കോട് > സമാശ്വാസത്തിന്റെ ഉപാധിയായി കലയെ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 61--ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം വിക്രം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോവിഡ് അനന്തരം  കലയ്ക്ക് നിറവേറ്റാനുള്ള സാമൂഹ്യ രാഷ്ട്രീയ ദൗത്യങ്ങളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ ലോകം തയ്യാറാവുകയാണ്. കലയെ കാരുണ്യത്തിനുള്ള ഉപാധിയായി ഉപയോഗപ്പെടുത്തണമെന്ന ചര്‍ച്ച ലോകമെമ്പാടും നടക്കുന്നു. വേദനയും ദുഃഖവും അനുഭവിക്കുന്ന മനുഷ്യരെ സമാശ്വസിപ്പിക്കാനും സാമൂഹ്യജീവിതത്തില്‍ ഒപ്പംനിര്‍ത്താനും കല ഉതകണമെന്നതാണ് പുതിയ കാഴ്ചപ്പാട്. മുമ്പും ഇത്തരം ചിന്തകള്‍ പ്രബലമായിരുന്നു. വാണിജ്യവല്‍ക്കരണം സകലമേഖലയിലും കടന്നുവന്നതോടെ ഇത്തരം ആശയങ്ങള്‍ പിന്തള്ളപ്പെട്ടു. കൈമോശം വന്ന ആശയം കോവിഡ് അനന്തരം കൂടുതല്‍ ശക്തമായി അവതരിക്കുകയാണ്. അതിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാന്‍ കലോത്സവത്തിനാകണം. 

മാറുന്ന കാലത്തിലേക്കു പിടിച്ച കണ്ണാടിയാണ് കലോത്സവങ്ങള്‍. സാമൂഹ്യവിമര്‍ശത്തിന്റെയും നവീകരണത്തിന്റെയും ചാലുകീറുന്നതിനായി പുതുതലമുറ ഇത്തരം വേദികളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ജാതിക്കും മതത്തിനും അതീതമാണ് കല. സ്നേഹംകൊണ്ട് എല്ലാ മനസ്സുകളെയും ഒരുമിപ്പിക്കാനാകുമെന്ന് സമൂഹത്തിന് കാണിച്ചുകൊടുക്കാനാകണം. കുട്ടികളില്‍ മനുഷ്യപക്ഷം ചേര്‍ന്നുള്ള ചിന്തകളും പ്രവൃത്തികളും ഉണ്ടായാല്‍മാത്രമേ പുരോഗമനോന്മുഖമായ സമൂഹം കെട്ടിപ്പടുക്കാനാകൂ.  കുട്ടികള്‍ക്കാവശ്യമായ സാമൂഹ്യസുരക്ഷ ഒരുക്കല്‍ സര്‍ക്കാരിന്റെ കടമയാണ്. കുട്ടികളെ ലക്ഷ്യംവയ്ക്കുന്ന മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള സാമൂഹ്യവിപത്തുകളെ ചെറുത്തുതോല്‍പ്പിക്കാനുതകുന്ന പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നു. കലോത്സവങ്ങള്‍ അത്തരം ക്യാമ്പയിന്‍ ശക്തിപ്പെടുത്താനുള്ള വേദിയായി മാറണം.

കലോത്സവത്തില്‍ പങ്കെടുക്കുന്നതുതന്നെ അംഗീകാരമായി കാണാന്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സാധിക്കണം. നാടിന്റെ ഐക്യം ഊട്ടിയുറപ്പിക്കുംവിധമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയണമെന്നും എങ്കില്‍മാത്രമേ ശാന്തിയുടെയും സന്തോഷത്തിന്റെയും മതനിരപേക്ഷതയുടെയും മണ്ണായി കേരളത്തെ നിലനിര്‍ത്താന്‍ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.