ഞാള് ഓലകൊണ്ടൊരു "കലക്ക് കലക്കും"
Tuesday Jan 3, 2023
കോഴിക്കോട് > ''ഈടെ പ്ലാസ്റ്റിക്ക് പടിക്കുപുറത്താ. എല്ലാം പ്രകൃതിസൗഹൃദം''-- തെങ്ങോലയാല്‍ ചവറ്റുകുട്ട ഉണ്ടാക്കുന്ന തിരക്കിലാണ് അന്നമ്മ ടീച്ചര്‍. നടക്കാവ് പ്രൊവിഡന്‍സ് സ്‌കൂളിലാണ് ഹരിതചട്ടം പാലിച്ചുള്ള കുട്ടനിര്‍മാണം. അധ്യാപകരും രക്ഷിതാക്കളും കുട്ടികളും അന്നമ്മ വര്‍ഗീസിനൊപ്പമുണ്ട്. ഓലമെടയാന്‍ അറിയാത്തവരെ പഠിപ്പിച്ചതും ടീച്ചര്‍തന്നെ.
മുളകൊണ്ടുള്ള കുട്ടയ്ക്കു ചുറ്റുമാണ് ഓലമെടയല്‍. ഇങ്ങനെ 12 കുട്ടകള്‍ സ്ഥാപിക്കും. സ്‌കൂളിനുമുന്നില്‍ പ്രൊവിഡന്‍സിലേക്ക് സ്വാഗതമോതുന്ന ബോര്‍ഡും, ചാക്കും കുരുത്തോലയും ഉപയോഗിച്ച് ഇവര്‍തന്നെയാണ് നിര്‍മിച്ചത്. സ്വാഗത ബോര്‍ഡിന് സമീപം 'ഞങ്ങള്‍ കണ്ട കോഴിക്കോട്' ബോര്‍ഡുമുണ്ട്. ഇവിടെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും മറ്റുള്ളവര്‍ക്കും കോഴിക്കോടിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.