പന്തിപ്പാട്ട് ജോര്‍

Tuesday Jan 3, 2023

'വന്നോളി വേഗങ്ങോട്ട്
കോയിക്കോട്ട്
പള്ള നിറയ്ക്കാന്‍ പന്തലുയര്‍ന്നേ കോയിക്കോട്ട്
കഥകളിയൊന്ന് കഴിഞ്ഞിട്ട്
കരിമഷിയങ്ങു പുരണ്ടിട്ട്
കരമിണയംഗുലീമുദ്രകളാല്‍
കാഥികനങ്ങു വരുന്നുണ്ട്'
പള്ളപ്പാട്ട് പിന്നേം തുടരുന്നു...

പാട്ടും പാടി വന്ന് പള്ള നിറച്ച് പോകാമെന്ന സന്തോഷം പങ്കുവയ്ക്കുകയാണ് 'പന്തിപ്പാട്ട്' സംഘം. സംസ്ഥാന സ്‌കൂള്‍ കലോത്സവ ഭക്ഷണക്കമ്മിറ്റിക്കുവേണ്ടി തയ്യാറാക്കിയ ഒഫീഷ്യല്‍ തീം സോങ് കേട്ടവരെല്ലാം ഏറ്റുപാടുകയാണ്.
ടീച്ചേഴ്‌സ് തിയറ്റര്‍ അറ്റ് കലിക്കറ്റാണ് വീഡിയോ ആല്‍ബം തയ്യാറാക്കിയത്.

രചന ശിവദാസ് പൊയില്‍ക്കാവും സംഗീതം സന്തോഷ് നിസ്വാര്‍ഥയുമാണ്. ആശയവും സംഘാടനവും മിത്തു തിമോത്തി. ടി മണ്‍സൂര്‍ എഡിറ്റിങ്ങും ഷജിത് ക്യാമറയും നിര്‍വഹിച്ചു.

തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കളര്‍ ബോക്‌സ് തിയറ്റര്‍ ഗ്രൂപ്പ്, നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബട്ടര്‍ഫ്‌ലൈ തിയറ്റര്‍ ഗ്രൂപ്പ് അംഗങ്ങളാണ് അഭിനയിച്ചത്. കൃഷ്ണ ബിജു, നിരഞ്ജന ശശി, അമൃതവര്‍ഷിണി, ഇന്‍സാഫ് അബ്ദുള്‍ ഹമീദ് എന്നിവരാണ് പാടിയത്. വീഡിയോഗാനം ഭക്ഷണപ്പന്തലില്‍ മന്ത്രി വി ശിവന്‍കുട്ടി മന്ത്രി വീണാ ജോര്‍ജിന് പെന്‍ഡ്രൈവ് നല്‍കി പ്രകാശിപ്പിച്ചു.