സംസ്‌കൃത നാടകത്തിൽ കർഷകസമരം
Wednesday Jan 4, 2023
ജിഷ അഭിനയ
കോഴിക്കോട് > നിലവിളക്കില്ല... രാജാപ്പാര്‍ട്ട് വേഷങ്ങളുമില്ല... ഒരുകൂട്ടം കുട്ടികളെത്തി ഇന്നിന്റെ കഥകള്‍ പങ്കുവച്ചു. പിന്നെ പറഞ്ഞു. 'ഇതെല്ലാം ഞങ്ങള്‍ക്കറിയാവുന്ന വിഷയങ്ങള്‍. ഞങ്ങള്‍ കേട്ടും വായിച്ചും അറിയുന്ന കാര്യങ്ങള്‍. അതുകൊണ്ട് ഞങ്ങള്‍ പറഞ്ഞു. പറഞ്ഞുകൊണ്ടേയിരിക്കുന്നു.'
കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച 'ആബന്ധഹ' സംസ്‌കൃത നാടകമത്സരത്തില്‍ വേറിട്ട ചിത്രം പതിപ്പിച്ചു. ഏറെയും പുരാണകഥകള്‍ ആവര്‍ത്തിച്ചപ്പോള്‍ വര്‍ത്തമാനവിഷയങ്ങളുമായാണ് നാടകം അരങ്ങിലെത്തിയത്.ആബന്ധഹ അഥവാ ഫ്രെയിം...മനുഷ്യന്‍ ഓരോ ചട്ടക്കൂടിനുള്ളിലാണ്; തുടക്കവും ഒടുക്കവും അറിയാതെ. പൊളിച്ചെഴുത്തുകളെ ഭയക്കുന്ന ഭരണകൂടശക്തികള്‍ ഇവിടെ മുന്‍വിധികള്‍ ഏതുമില്ലാതെ ഒരു ജനതയെ പിടിച്ചുനിര്‍ത്തുമ്പോള്‍ പൊരുതുകമാത്രം. ഇന്ത്യയിലെ ദളിതരും കര്‍ഷകരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നാടകം ഓര്‍മിപ്പിക്കുന്നു.
ഭരണകൂടത്തിനുകീഴില്‍ ഒരു ജനത എപ്രകാരമാണ് പിന്നിടുന്നതെന്ന ആശങ്കയും നാടകം പങ്കുവയ്ക്കുന്നു. ദളിത് വംശത്തിലുള്ള ബിര്‍സയും വരേണ്യനെങ്കിലും ദളിതരോട് ചേര്‍ന്നുനില്‍ക്കുന്ന ലബ്ബയും നാടകത്തിലെ മുഖ്യകഥാപാത്രങ്ങളാകുന്നു. പുതിയ കാലത്തിന്റെ പ്രതിനിധിയാകുന്ന കിഷന്‍ നാടകത്തിന് പുതുമുഖം നല്‍കുന്നു.
നേട്ടങ്ങളുടെ പട്ടിക ഏറെയാണ്. എന്നാല്‍, അവിടെ ആരൊക്കെയോ ചേര്‍ന്ന് മായ്ച്ചുപോകുന്ന ചരിത്രത്തിന്റെ ഏടുകള്‍. ഇവിടെ പടുത്തുയര്‍ത്തുകയാണ് പുതിയൊരു നാളെ. ഭഗത് സിങ്ങും അംബേദ്കറും ഗാന്ധിജിയുമെല്ലാം ഓര്‍മപ്പെടുത്തലായി അരങ്ങുനിറയുന്നു. കാര്‍ഷിക സംസ്‌കൃതിയെ തിരിച്ചുപിടിക്കുക എന്ന ശക്തമായ ആവശ്യവും നാടകം മുന്നോട്ടുവയ്ക്കുന്നു.
കര്‍ഷകസമരവും ട്രാക്ടര്‍ റാലിയുമെല്ലാം അരങ്ങിലെത്തുമ്പോള്‍ സദസ്സ് കൈയടിയോടെ നാടകത്തെ ഏറ്റുവാങ്ങി. നാടകരചന സുരേഷ് ബാബു ശ്രീസ്ഥ. സംവിധാനം പ്രേമന്‍ മുചുകുന്ന്.