കിർമീരവധത്തിലെ ലളിത
Wednesday Jan 4, 2023
സ്വന്തം ലേഖിക
കോഴിക്കോട് > മറ്റൊരു സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞപ്പോൾ മനസ്സ് നിറയ്‌ക്കുന്ന പഴയ ഓർമകൾ. അന്നത്തെ സ്കൂൾ വിദ്യാർഥിനി ഉള്ളിൽ തുള്ളിക്കളിക്കുന്നപോൽ. മന്ത്രി ആർ ബിന്ദു കലോത്സവ ഓർമകൾ പങ്കുവയ്‌ക്കുന്നു.
‘ഇരിങ്ങാലക്കുട ഗവ. ഗേൾസ് ഹൈസ്കൂളിൽനിന്നാണ് കലോത്സവത്തിന് മത്സരിക്കാൻ എത്തിയിരുന്നത്. രണ്ടാംക്ലാസിൽ പഠിക്കുമ്പോൾ ബാലകലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാംസ്ഥാനവുമായാണ് അരങ്ങിലേക്കുള്ള ആദ്യവരവ്. അഞ്ചാംക്ലാസ് മുതൽ കലോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായി. ഗുരു പറവൂർ സുരേന്ദ്രനായിരുന്നു. പിന്നീട് ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ കഥകളി പഠിക്കാനെത്തി. കലാനിലയം രാഘവൻ ആശാനായിരുന്നു ഗുരു. കലാമണ്ഡലം സീതാലക്ഷ്മിയുടെ കീഴിൽ ഭരതനാട്യവും അഭ്യസിച്ചു. 15 വർഷം കഥകളിയും 10 വർഷം ഭരതനാട്യവും പഠിച്ചു. തുടർന്ന് കഥകളിയിൽമാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു.
ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിനൊപ്പം നിരവധി വേദികളിൽ കഥകളി അവതരിപ്പിച്ചു. കിർമീരവധത്തിലെ ലളിതയായി ഏറെ വേദികളിലെത്തി.
ഇരിങ്ങാലക്കുട ഗവ. ഗേൾസ് സ്കൂളിൽ സ്കൂൾ ലീഡറായിരുന്ന കാലത്താണ് ആദ്യമായി വിദ്യാഭ്യാസ ഉപജില്ലാ മത്സരത്തിൽ സ്കൂളിന് ഒന്നാംസ്ഥാനം ലഭിച്ചത്. സമാപനസമ്മേളനത്തിൽ എന്നോളമുള്ള ട്രോഫിയും കിട്ടി.
ഏറ്റുമാനൂർ കണ്ണൻ, കെ ടി ഉഷ, രാധിക രാമചന്ദ്രൻ, ഡോ. രാജാ ഹരിപ്രസാദ് എന്നിവരെല്ലാം മത്സരാർഥികളായി ഉണ്ടായിരുന്നു. എല്ലാവരുടെയും ബിന്ദുവേച്ചിയായിരുന്നു ഞാൻ. എല്ലാം മധുരമുള്ള ഓർമയായുണ്ട്.
കോഴിക്കോട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിലെല്ലാം സംസ്ഥാനമത്സരത്തിൽ പങ്കെടുത്തു. കിർമീരവധത്തിലെ ലളിതയായി കഥകളിയിൽ ഒന്നാംസ്ഥാനം നേടി.
മോണോആക്ടിൽ അന്ന് സമ്മാനിതനായ കലാഭവൻ നൗഷാദ് തന്റെ ഓർമകൾക്കൊപ്പം എന്റെ വിജയംകൂടി ഓർത്തെടുത്തത് യാദൃച്ഛികമെങ്കിലും മനോഹരമായി തോന്നുന്നു. ഞങ്ങൾ ഒരുമിച്ച് മത്സരിച്ച ഓർമകൾ പങ്കിട്ട ചിത്രം
നൗഷാദ് സമൂഹമാധ്യമങ്ങളിൽ ഇട്ടിരുന്നു. പത്താംക്ലാസിൽ പഠിക്കുമ്പോൾ കണ്ണൂരിലാണ് അവസാന സംസ്ഥാനമത്സരം. അന്ന് കഥകളിയിലും കഥാരചനയിലും സമ്മാനം വാങ്ങിയായിരുന്നു മടക്കം’–- മന്ത്രി ആർ ബിന്ദു പറഞ്ഞു.
Highlights : മന്ത്രി ആർ ബിന്ദു കലോത്സവ ഓർമകൾ പങ്കുവയ്‌ക്കുന്നു