കണ്ടുപിരിഞ്ഞു; ഹൃദയം കോര്‍ത്ത്

Wednesday Jan 4, 2023

കോഴിക്കോട് > അകക്കണ്ണിലവര്‍ കണ്ടു, ഹൃദയത്തില്‍ തൊട്ടു, കൈകോര്‍ത്ത് നടന്നു. കാഴ്ചയ്ക്കപ്പുറം കല വിരിഞ്ഞുനിന്നു. കാസര്‍കോട്ടുനിന്ന് എത്തിയ അഭിഷേകും മലപ്പുറത്തിന്റെ നജാഹും. ഹയര്‍ സെക്കന്‍ഡറി മിമിക്രി വേദിയില്‍ കാണാതെ കണ്ടുമുട്ടിയവര്‍. നൂറ് ശതമാനം കാഴ്ചപരിമിതര്‍. ഉള്‍ക്കാഴ്ചയില്‍ മത്സരിച്ചു. ഫലം വന്നപ്പോള്‍ ഇരുവര്‍ക്കും ബി ഗ്രേഡ്. ആദ്യം മുഖമൊന്ന് മങ്ങി. പിന്നെ പ്രകാശിച്ചു. 'ഞങ്ങള്‍ കണ്ടല്ലോ, അതുമതി'. ഹൃദയത്തില്‍ മിഴികള്‍ കൊരുത്ത് അവര്‍ നിന്നു. എല്ലാ കാഴ്ചകളും അവിടെ തോറ്റുമടങ്ങി.

കാസര്‍കോട് ചെമ്മനാട് ജിഎച്ച്എസ്എസില്‍നിന്നാണ് അഭിഷേക് സംസ്ഥാനമത്സരത്തിന് എത്തിയത്. നജാഹ് അരീക്കോട് സുല്ല മുസ്സലാം ഓറിയന്റല്‍ എച്ച്എസ്എസില്‍നിന്നും. ഉള്ളുതൊട്ട ശബ്ദങ്ങളാണ് വേദിയില്‍ പകര്‍ത്തിയത്. അഭിഷേകിന് ജന്മനാ കാഴ്ചയില്ല. നജാഹിന് പത്താംവയസ്സിലാണ് കാഴ്ച നഷ്ടമായത്. മനസ്സിലെ വര്‍ണങ്ങള്‍ക്ക് നിറംപകര്‍ന്ന് നജാഹ് പുസ്തകവും ഇറക്കി. ശാസ്ത്രീയസംഗീതത്തിലും അഭിഷേകിന് അഭിരുചിയുണ്ട്.  ഇനിയും 'കാണാം' എന്നു പറഞ്ഞ് ഇരുവരും കൈകൊടുത്ത് പിരിയുമ്പോള്‍ കലാമേളയുടെ അഴക് കണ്ടും കേട്ടും അറിയുന്നതിനുമപ്പുറത്തേക്ക് വളര്‍ന്നു.