കടപ്പുറത്താണ് കലയാഴം

Wednesday Jan 4, 2023

കോഴിക്കോട്
അറബിക്കടലിന്റെ തീരത്ത് ഗസലുകളുടെ കടലൊഴുക്കായിരുന്നു. ശാന്തമായ അറബിക്കടലിനരികിലെ സ്വാതന്ത്ര്യചത്വരത്തിൽ റാസയും ബീഗവും സൈനുവും മോഹനരാഗങ്ങളുടെ സന്ധ്യയെ തൊടുകയായിരുന്നു. കേരളത്തിൽ അങ്ങിങ്ങായി പ്രത്യക്ഷപ്പെടുന്ന തുരുത്തുകളെ മായ്ച്ചുകളയുന്ന കലോത്സവമാണ് ഹൃദയവായ്പേറ്റുന്നതെന്നാണ് അതിഥിയായ എം മുകുന്ദൻ സദസ്സിനോട് പറഞ്ഞത്. ഗസലും നൃത്തവും വർത്തമാനവും ഒരേ താളത്തിലാണ് സദസ്സ്‌ ഏറ്റുവാങ്ങിയത്.

ജാതികേരളത്തിന്റെ ഇരുട്ടിനെ പകർത്തിയ റിയ രമേശിന്റെ ‘ചണ്ഡാലഭിക്ഷുകി’ നൃത്തഭാഷ്യം നൂറുകൊല്ലത്തിനിപ്പുറവും ഇരുട്ട് നേർത്തതേയുള്ളൂ, മാഞ്ഞുപോയിട്ടില്ലെന്നാണ് ഓർമപ്പെടുത്തിയത്. ജാതിചോദിച്ചില്ല ഞാൻ സോദരീ എന്ന വരികളുടെ ചന്തവും കടലാഴവും നടനമുദ്രകളായി മാറി.സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി കടപ്പുറത്ത് തുടക്കമായ സാംസ്കാരികസന്ധ്യ കോഴിക്കോടൻപെരുമയെ അടയാളപ്പെടുത്തി.

മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും അതിഥികളായി. എഴുത്തുകാരൻ എം മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എ പ്രദീപ്‌കുമാർ അധ്യക്ഷനായി. എം എ സാജിദ്, വടേക്കണ്ടി നാരായണൻ എന്നിവർ സംസാരിച്ചു. സാംസ്കാരികസന്ധ്യ ആറിന് സമാപിക്കും.