കോട്ടപ്പള്ളി ഞെട്ടി; ആ വീണയാണോ ഇത്
Wednesday Jan 4, 2023
എ എസ് ജിബിന
കോഴിക്കോട്
‘ഇത് നമ്മുടെ പ്രശാന്തൻ കോട്ടപ്പള്ളിയല്ലേ...?' കലോത്സവത്തിന്റെ ഓർമപുതുക്കി മന്ത്രി വീണാ ജോർജ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ച പത്രക്കടലാസിലെ പരിചിതമുഖം തിരിച്ചറിഞ്ഞവർ ഏറെ. എന്നാൽ, പ്രശാന്തൻ കോട്ടപ്പള്ളി എന്ന ഡോ. രാഹുൽ ലക്ഷ്മണന് ചോദിക്കാൻ മറ്റൊന്നുണ്ട്. തിരൂരിലും കാസർകോട്ടും ഏകാഭിനയത്തിൽ സമ്മാനം നേടിയ ആ വീണാ കുര്യാക്കോസായിരുന്നോ നമ്മുടെ ആരോഗ്യമന്ത്രി വീണാ ജോർജ്?
മന്ത്രി പങ്കുവച്ച പത്രക്കടലാസ് വർഷങ്ങളായി രാഹുലും സൂക്ഷിക്കുന്നുണ്ട്. പക്ഷേ, തനിക്കൊപ്പം ചിത്രത്തിലുള്ളത് മന്ത്രി വീണാ ജോർജെന്ന് തിരിച്ചറിയാൻ മന്ത്രിയുടെ ഫെയ്‌സ്ബുക് കുറിപ്പ് വേണ്ടിവന്നു. ‘സന്ദേശം’ സിനിമയിൽ പ്രഭാകരൻ കോട്ടപ്പള്ളിയുടെയും പ്രകാശൻ കോട്ടപ്പള്ളിയുടെയും അനുജനായ പ്രശാന്തൻ കോട്ടപ്പള്ളി ട്രോളന്മാരുടെയും ട്രോൾ ആസ്വാദകരുടെയും പ്രിയകഥാപാത്രമാണ്. അതുകൊണ്ടുതന്നെ മന്ത്രി പങ്കുവച്ച ചിത്രത്തിലെ കൗമാരക്കാരനെ തിരിച്ചറിയാൻ ആർക്കും ബുദ്ധിമുട്ടേണ്ടി വന്നില്ല. 1988 മുതൽ 1992 വരെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഏകാഭിനയത്തിലും മിമിക്രിയിലും ഒന്നാംസ്ഥാനക്കാരനാണ്. കലാഭവൻ മണി, മഞ്ജു വാര്യർ, മന്ത്രി വീണാ ജോർജ്, ഗിന്നസ് പക്രു, വിനോദ് കോവൂർ എന്നിവർക്കൊപ്പമുള്ള യുവജനോത്സവകാലം ഇന്നും ഒളിമങ്ങാതെ ഓർമയിലുണ്ട്. സത്യൻ അന്തിക്കാടും ശ്രീനിവാസനും ചേർന്നൊരുക്കിയ ‘സന്ദേശ’ത്തിൽ പ്രശാന്തൻ കോട്ടപ്പള്ളിയെ അവതരിപ്പിക്കാൻ അവസരം കിട്ടിയത് കലോത്സവത്തിലൂടെയാണെന്നും അദ്ദേഹം പറയുന്നു.
‘സന്ദേശ’ത്തിനുശേഷം സിനിമയോട് മുഖംതിരിച്ചു. ഇന്ന് കൊച്ചിയിലെ തിരക്കേറിയ അർബുദചികിത്സകൻ. കോഴിക്കോട് മെഡിക്കൽ കോളേജിൽനിന്ന് ബിരുദവും അമൃത മെഡിക്കൽ കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഡോ. രാഹുൽ ലക്ഷ്മൺ, 21 വർഷമായി അർബുദബാധിതരെ ചികിത്സിക്കുന്നു.