പ്രിയപ്പെട്ടവരേ... ഈ പ്രസംഗത്തിലെ ജീവിതം കാണൂ ; മെറിൻ കെ മാത്യുവിന്റെ നേട്ടത്തിന് ഏറെയുണ്ട് തിളക്കം
Thursday Jan 5, 2023
കോഴിക്കോട്
പൊലിമയുടെ ഘോഷങ്ങളിലേക്ക് അലിയാതെ അവൾ അമ്മൂമ്മയ്‌ക്കൊപ്പം കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിൽ ഇരുന്നു. ഉറക്കം കനംവച്ച് തൂങ്ങിയ പുലരിയിലും തളർന്നില്ല. സ്‌റ്റാൻഡിൽനിന്നുതന്നെ പ്രാഥമികകൃത്യങ്ങൾ കഴിഞ്ഞ് വേദിയിലേക്ക്. വാക്കൊഴുക്കിന്റെ ആശയത്തെളിമയിൽ പ്രസംഗമത്സരത്തിൽ നിറഞ്ഞു. എറണാകുളം രാമമംഗലത്തുനിന്ന് വന്ന മെറിൻ കെ മാത്യുവിന്റെ നേട്ടത്തിന് ഏറെയുണ്ട് തിളക്കം. ‘മാറുന്ന കേരളവും മങ്ങുന്ന മലയാളവും' വിഷയത്തിൽ മെറിൻ പ്രസംഗം തുടങ്ങിയപ്പോഴേ സദസ്സിൽ കൈയടി ഉയർന്നു.
ബുധൻ പുലർച്ചെ രണ്ടിനാണ് അമ്മൂമ്മ അന്നക്കുട്ടിക്കൊപ്പം മെറിൻ കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയത്. യാത്രച്ചെലവിനും മറ്റുമായി അധ്യാപകർ നൽകിയ പണം പരിമിതമായി ഉപയോഗിക്കണമെന്ന് മനസ്സിലുറപ്പിച്ച് ഇരുവരും അവിടെത്തന്നെ ഇരുന്നു. അമ്മ ജിഷ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ആയയാണ്. മെറിനും അന്നക്കുട്ടിയും അപ്പൂപ്പൻ തങ്കച്ചനും ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ഏകവരുമാനം ജിഷയുടേതാണ്. ഒരുദിവസത്തെ വേതനനഷ്ടംപോലും സാരമായി ബാധിക്കുമെന്നതിനാൽ ജിഷ അവധിയെടുത്ത് വന്നില്ല. എച്ച്‌എസ്, എച്ച്‌എസ്‌എസ് വിഭാഗം മലയാളം പ്രസംഗത്തിൽ മാറ്റുരച്ചവർക്കെല്ലാം എ ഗ്രേഡ് ലഭിച്ചു.