ശാന്തേട്ടാ... നിങ്ങളിതാ അരങ്ങിൽ

Thursday Jan 5, 2023


കോഴിക്കോട്
സൗഹൃദങ്ങളുടെ അരങ്ങിൽനിന്ന്‌ ശാന്തൻ പോയെങ്കിലും ആ ഓർമയുടെ തോളിൽ കൈയിട്ട്‌ കോഴിക്കോട്‌. നാടകത്തെ ഉയിരും ഉണർവുമാക്കിയ അദ്ദേഹം ഓരോ മനസ്സിലും നിറഞ്ഞു. 

എ ശാന്തകുമാർ രചന നിർവഹിച്ച "ബെസ്റ്റ് ആക്ടർ’ നാടകം ഇരിങ്ങാലക്കുട എസ്എൻ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ചു. നാടകാരംഭത്തിൽ ശാന്തകുമാറിന്റെ ചിത്രം അരങ്ങിലെത്തിയതോടെ സദസ്സ്‌ കൈയടിച്ചു. പിന്നീട് പലരും സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു–- ‘‘ശാന്തേട്ടാ... നിങ്ങൾ എവിടെയും പോയിട്ടില്ല’’.

‘ബെസ്റ്റ് ആക്ടർ’ എന്ന റിയാലിറ്റി ഷോയിലേക്ക് എത്തുന്ന പെൺകുട്ടിയാണ്‌ നാടകത്തിന്റെ ഇതിവൃത്തം. അവളോട്‌ വിധികർത്താക്കൾ പറയുന്നു–-  ‘‘നീ നിന്റെ പേര് മറന്നുപോകുന്നു എന്ന വിഷയത്തിൽ അഭിനയിക്കുകയാണ്‌’’ എന്ന്‌. മത്സരാന്ത്യത്തിൽ അവളെ ഷോയിൽനിന്ന്‌ പുറത്താക്കുകയാണ്‌. അവിടെ അവൾ സ്വയം ചോദിക്കുന്നു; സത്യത്തിൽ എന്റെ പേരെന്താണ്. എപ്പോഴാണ് ഓരോ പേരും ഓരോരുത്തരും മറന്നുപോകുന്നവരാകുന്നതെന്നും ചർച്ച ചെയ്യുന്നു. നാടകത്തിൽ എവിടെയും പെൺകുട്ടിയുടെ പേര് പരാമർശിക്കുന്നില്ല.
സ്നേഹ ബിജുവാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. സംവിധാനം സുരേഷ് നന്മ. സഹസംവിധാനം ലതാമോഹൻ.