ഇതാണ് കോഴിക്കോടന്‍ വൈബ്

Thursday Jan 5, 2023

കോഴിക്കോട്‌ > ഒപ്പന തട്ടേക്കേറിയാൽ കോഴിക്കോട്ടുകാരെ പിടിച്ചാക്കിട്ടില്ലെന്നാണ്‌ പണ്ടേക്കുപണ്ടേ കോഴിക്കോടൻ കലോത്സങ്ങളെക്കുറിച്ച്‌ പറയാറ്‌. കേവലമൊരു പറച്ചിലല്ല അത്‌. കടന്നൽക്കൂടിളകിയപോലെ കോഴിക്കോട്ടുകാർ കലോത്സവവേദികളിലേക്ക്‌ ഇരമ്പിക്കയറുക അപ്പോഴാണ്‌. ഒപ്പനയില്ലാത്ത കുഞ്ഞുവേദികൾപോലും സൂചികുത്താനിടമില്ലാത്തവിധമാകും പിന്നങ്ങോട്ട്‌. വെറും കാഴ്‌ചക്കാരാകില്ല സദസ്സ്‌. ഒപ്പനത്താളത്തിനൊപ്പം ആടുകയും പാടുകയും ചെയ്‌ത്‌ മങ്ങലപ്പൊരപോലാകും സദസ്സ്‌. ഒപ്പനയും നാടകവുംപോലുള്ള കോഴിക്കോടൻ ഹരങ്ങളുള്ളിടത്ത്‌ പുലരാൻ കാലത്തുപോലും പതിനായിരങ്ങളുണ്ടാകും. ഫ്രീക്കന്മാരും അമ്മമാരും കുഞ്ഞുമക്കളും ‘ഉറക്കമിളയ്‌ക്കാനൊന്നും വയ്യ മക്കളേ’ എന്ന്‌  ആവലാതി പറയുന്ന കാർന്നോന്മാരുമൊക്കെ ഏത്‌ അർധരാത്രിയിലുമുണ്ട്‌. അതാണ്‌ കോഴിക്കോടൻ വൈബ്‌.

ഒന്നാംദിനം രാത്രി കോഴിക്കോട്‌ ഫുൾ വൈബിലായിരുന്നു. കടപ്പുറത്തെ മത്സരമില്ലാവേദിയിൽ റാസയും ബീഗവും കുഞ്ഞുമകൾ സൈനുവും ഗസൽ പാടിയപ്പോൾ കടൽപോലെ ജനമുണ്ടായിരുന്നു. റാസയും ബീഗവും മാത്രമല്ല, കടപ്പുറത്തെത്തിയ സകലമനുഷ്യരും ഗസലായി. 

ഒന്നാംവേദിയിലെ 30,000 പേരെ ഉൾക്കൊള്ളാവുന്ന വേദിയിൽ രണ്ടാംദിനമായ ബുധൻ രാവിലെ നാടോടിനൃത്തം നടക്കവേ ആളുകൾ എത്തിത്തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഉച്ചയോടെ ഒപ്പനയ്‌ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങുംമുമ്പേ ജനം നിറഞ്ഞു. വൈകിട്ടോടെ അടുക്കിവച്ചതുപോലെയായി ജനം. മോഹിനിയാട്ടം, പൂരക്കളി വേദിയായ തളിയിലും ഭരതനാട്യം, കുച്ചിപ്പുടി വേദിയായ നടക്കാവിലും പതിഞ്ഞതാളത്തിലായിരുന്നു തുടക്കം. ഉച്ച പിന്നിട്ടതോടെ ഇവിടവും ഉഷാർ.
-കലോത്സവം വേദികളിൽമാത്രമല്ല, കോഴിക്കോടൻ രുചികൾ വിൽക്കുന്നിടത്തെല്ലാം പൂരത്തിരക്കാണ്‌. ആ തിരക്ക്‌ മിഠായിത്തെരു*വിലേക്കും കടപ്പുറത്തേക്കും *മാനാഞ്ചിറയിലേക്കും *പടർന്നുകഴിഞ്ഞു.