മിമിക്രി: അതൊരു കുടുംബകാര്യം
Thursday Jan 5, 2023
കോഴിക്കോട് > അമ്മ കുടുംബശ്രീ താരം. അനുജത്തി ചാനലുകളിലും വിലസുന്നു. തനിക്കും താരമാകണമെന്നായി വർഷയുടെ ചിന്ത. അമ്മയുടെ ശിക്ഷണത്തിൽ മിമിക്രി പഠിച്ച് സംസ്ഥാന സ്കൂൾ കലോത്സവ വേദിവരെ എത്തി കാസർകോട് ഇരിയണ്ണി ജിവിഎച്ച്എസിലെ ഈ മിടുക്കി.
മിമിക്രി താരങ്ങളായ അമ്മ സരിത, അനുജത്തി ശിവാനി, കുഞ്ഞനുജത്തി നയോമിക എന്നിവർക്കൊപ്പമാണ് കോഴിക്കോട്ട് വണ്ടിയിറങ്ങിയത്. വേദിയിൽ മികച്ച പ്രകടനവും നടത്തി. സരിത തുടർച്ചയായി മൂന്നുവർഷം കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ മിമിക്രി വിജയിയാണ്. ചാനൽ ഷോകളിലും താരമായി. ശിവാനിയും മിമിക്രി വേദികൾ കൈയടക്കി തരംഗമായി. ഇവർക്കൊപ്പം പിടിച്ചുനിന്നതിന്റെ ആഹ്ലാദത്തിലാണ് വർഷ. ഒപ്പം മിമിക്രികുടുംബം എന്ന പേരുമെടുത്തു. അച്ഛൻ ശിവൻ ഡ്രൈവറാണ്.