തക്കാരപ്പന്തലിലെന്തെല്ലാം
Thursday Jan 5, 2023
കോഴിക്കോട് > കോഴിക്കോട്ടുകാർ ഭക്ഷണപ്പുരയിലും കലയാണ് വിളമ്പുന്നത്. ഭക്ഷണമൂലകളുടെ പേരിലുണ്ട് ഒന്നൊന്നരക്കല. പാലൈസ്, തണ്ണീർപ്പന്തൽ, സമോവർ, മധുരത്തെരുവ്, കല്ലുമ്മക്കായ്, സുലൈമാനി, കുലുക്കി സർബത്ത്, സാൾട്ട് ആൻഡ് പെപ്പർ, ഉന്നക്കായ, ഗ്രേറ്റ് കിച്ചൻ ഭക്ഷണമൂലയുടെ ചന്തപ്പേരുകളിൽ കോഴിക്കോടിന്റെ കലയും കടലും പഴമയും തക്കാരവമുണ്ട്.
മലബാർ ക്രിസ്ത്യൻ കോളേജിൽ ഒരുക്കിയ ‘ചക്കരപ്പന്തൽ' ഭക്ഷണശാല പേരുകളുടെ മധുരമത്രയും വിളമ്പുന്നുമുണ്ട്. പേരുപോലെ വ്യത്യസ്തമാണ് ഭക്ഷണശാലയിലെ കാഴ്ചകളും. ഗേറ്റ് കടന്നുചെല്ലുന്നത് ഒരേസമയം 2000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന ഭക്ഷണശാലയിലേക്കാണ്. നിരനിരയായി 10 കൗണ്ടറുകൾ. ഓരോ കൗണ്ടറിലും ഭക്ഷണമാഹാത്മ്യം ചുവരെഴുത്തായി നിറയുന്നു. വിളമ്പുന്നതിനായി 1200 അധ്യാപകർ. നാലുനേരങ്ങളിലായി രാവിലെ ഏഴുമുതൽ രാത്രി 10 വരെ ഇടതടവില്ലാതെ ഭക്ഷണപ്പുര പ്രവർത്തിക്കുന്നു. രാവിലെ 8000 പേരും ഉച്ചയ്‌ക്ക് 15,000 പേരും വൈകിട്ട് 5000 പേരും രാത്രി 7000 പേരുമാണ് ഭക്ഷണം കഴിക്കാൻ എത്തിയത്.
പൈനാപ്പിൾ പച്ചടി, അവിയൽ, അരിപ്പായസം തുടങ്ങി 12 കൂട്ടം വിഭവങ്ങളാണ് ഒന്നാംദിനം വിളമ്പിയത്. ഭക്ഷണശേഷം മധുരമായി കോഴിക്കോടൻ ഹൽവയും തിന്നാം. ഒന്നാംദിനം കുട്ടികൾക്കൊപ്പം ഭക്ഷണം കഴിക്കാൻ മന്ത്രിമാരായ വി ശിവൻകുട്ടിയും പി എ മുഹമ്മദ് റിയാസും ഉണ്ടായിരുന്നു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ഭക്ഷണമൊരുക്കുന്നത്. 70 പേരടങ്ങുന്ന സംഘമാണ് പഴയിടത്തിന്റേത്. ടി പി രാമകൃഷ്ണൻ എംഎൽഎ ചെയർമാനും വി പി രാജീവൻ കൺവീനറുമായുള്ള കമ്മറ്റിയാണ് ചക്കരപ്പന്തലുകാർ.