തക്ഷൻകുന്നിലെ സെൽഫികൾ
Thursday Jan 5, 2023
കോഴിക്കോട് > കോഴിക്കോട്ടെ പ്രിയഎഴുത്തുകാർക്കും കലാകാരന്മാർക്കുമൊപ്പം സെൽഫിയെടുത്താലോ? 16–--ാം വേദിയായ തക്ഷൻകുന്നിലേക്ക് (കാരപ്പറമ്പ് ഗവ. എച്ച്എസ്എസ്) വരൂ. ബഷീറും എം ടിയും എസ് കെ പൊറ്റെക്കാട്ടും പി വത്സലയും കുതിരവട്ടം പപ്പുവും മാമുക്കോയയും സുരഭിലക്ഷ്മിയും അടക്കം 17 പേർക്കൊപ്പം ഫോട്ടോയെടുക്കാം. വേദിയിലേക്ക് വരുമ്പോൾ ഇവരുടെ കാരിക്കേച്ചർ സ്ഥാപിച്ച സെൽഫി കോർണറാണ് വരവേൽക്കുക.
ഹൈസ്‌കൂൾ വിഭാഗം മലയാളം പ്രസംഗമത്സരശേഷം കണ്ണൂർ കൂടാളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അനുശ്രേയ അജയേന്ദ്രൻ നേരെ എത്തിയത് ഈ സെൽഫി കോർണറിലേക്കാണ്. ഇഷ്ടപ്പെട്ട എഴുത്തുകാരൻ ടി പത്മനാഭനെ അന്വേഷിച്ചെങ്കിലും കോഴിക്കോട്ടുകാരനല്ലാത്തതിനാൽ കണ്ടെത്താനായില്ല. കോഴിക്കോട്ടെ പ്രതിഭകളെ കൂട്ടത്തോടെ കണ്ടതോടെ അവർക്കൊപ്പമുള്ള ഫോട്ടോ സന്തോഷത്തോടെ ഫോണിലാക്കി. എച്ച്‌എസ്‌എസ് വിഭാഗം മലയാളം പ്രസംഗമത്സരത്തിൽ പങ്കെടുക്കാനെത്തിയ പാലക്കാട് മൂത്തൻതറ സ്‌കൂളിലെ കെ കൃഷ്‌ണേന്ദുവും പിറകെയെത്തി. മത്സരാർഥികളും കൂടെവന്നവരും ആസ്വാദകരും... ഇവിടെ തിരക്കൊഴിയുന്നേയില്ല. കലാകാരന്മാർക്കൊപ്പം റീലെടുത്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കുന്നവരും നിരവധി.