കോഴിക്കോട്ടങ്ങാടിയിൽ കരിങ്കോഴി പാഞ്ഞേ...
Thursday Jan 5, 2023
കോഴിക്കോട് > നട്ടുച്ചനേരത്ത് കോഴിക്കോട്ടങ്ങാടിയിലൊരു കരിങ്കോഴി പാഞ്ഞു. നാട്ടാരെല്ലാം പുറകേയും. ഓടിയോടി ഒടുക്കം അതിനെ പിടിച്ചു. പക്ഷേ, കരിങ്കോഴീടെ തലയില് ചുവന്ന പൂട. പിന്നെ ഒന്നും നോക്കീല കറുത്ത പെയിന്റടിച്ച് അത്യുഗ്രൻ കരിങ്കോഴിയാക്കി. എല്ലാ പിഴവും തീർത്തു. പത്തനംതിട്ട അങ്ങാടിക്കൽ എസ്എൻവി എച്ച്എസ്എസ് വിദ്യാർഥികൾ അവതരിപ്പിച്ച "കരിങ്കോഴി’ നാടകം നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് ഏറ്റുവാങ്ങിയത്.
യുക്തിവാദിയായ ദാസപ്പന്റെ മരണം. രാഹുകാലത്ത് അടക്കാനാകില്ലെന്ന നാട്ടുകാരുടെ വിധികൽപ്പനയിൽ കുഴഞ്ഞത് കെട്ട്യോളും. പ്രതിവിധി പറയാൻ ജ്യോത്സ്യനായി അരങ്ങിലെത്തിയ റോജിൽ റോയി സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചു. ദാസപ്പന്റെ ഭാര്യ സുഭദ്രയായി അലീന ബാബുവും അരങ്ങിലെത്തി. ധനാകർഷണയന്ത്രത്തിനായുള്ള നെട്ടോട്ടം വിദ്യാർഥികൾ അവതരിപ്പിച്ചതും കൈയടി നേടി. ആഭിചാരക്കൊലയും ദുർമന്ത്രവാദവും തുടച്ചുനീക്കേണ്ട കാലം അതിക്രമിച്ചെന്ന് പത്തനംതിട്ടയിൽനിന്ന് എത്തിയ കുരുന്നുകൾ ഓർമിപ്പിച്ചു. സംവിധാനം അനിൽ കാരേറ്റ്.