ഓള്‌ 
കൊട്ടിക്കസറി

Thursday Jan 5, 2023
അഞ്‌ജന അജി

ആൺകുട്ട്യോള് കൊട്ടിക്കയറണ വേദീല് ഓള് കയറി താളം കൊട്ടി. അച്ഛനും അമ്മയും ഉൾപ്പെടെ ഒമ്പതുപേരടങ്ങുന്ന കുടുംബാംഗങ്ങളും വീർപ്പടക്കി വേദിയിലിരുന്നു. പത്തനംതിട്ടയിൽനിന്ന്‌ കോഴിക്കോട്ടെത്തി പുതിയറ ഹോസ്‌റ്റലിൽ മുറിയെടുത്ത്‌ ഉറക്കമുണരാത്ത കണ്ണുകൾ കൂർപ്പിച്ച്‌ അവരിരുന്നു. ഫലം വന്നപ്പോൾ സന്തോഷത്തിളക്കം. ഹൈസ്‌കൂൾ വിഭാഗം മൃദംഗത്തിൽ പത്തനംതിട്ട എടപ്പരിയാരം എസ്‌എൻഡിപി എച്ച്‌എസ്‌എസിലെ അഞ്‌ജന അജിയുടെ എ ഗ്രേഡിന്‌ മാറ്റേറെ.

അച്ഛന്റെ അനുജൻ ചേന്നാട്ട്‌ ഉദയഭാനു ഇലന്തൂരാണ്‌ അഞ്‌ജനയുടെ ഗുരു. ജില്ലാ കലോത്സവത്തിൽ ഏഴ്‌ ആൺകുട്ടികളെ പിന്തള്ളിയാണ്‌ കോഴിക്കോട്ടേക്ക്‌ വണ്ടികയറിയത്‌. ഇവിടെ 13 സഹമത്സരാർഥികളിൽ 12 പേരും ആൺകുട്ടികൾ. മുള്ളേര്യ വിദ്യാശ്രീ ശിക്ഷണകേന്ദ്ര എച്ച്‌എസിലെ എം വന്ദനയായിരുന്നു മറ്റൊരു പെൺകുട്ടി. വന്ദനയ്‌ക്ക്‌ ബി ഗ്രേഡ്‌ ലഭിച്ചു.