മാറ്റച്ചിലങ്കയണിഞ്ഞ്‌ മുലയറുത്ത പോരാട്ടം

Thursday Jan 5, 2023
നങ്ങേലിയുടെ പോരാട്ടത്തിന്‌ നൃത്താവിഷ്‌കാരമൊരുക്കിയ പിലിക്കോട്‌ സികെഎൻഎസ്‌ ഗവ. ഹയർ സെക്കൻഡറിയിലെ കുട്ടികൾ

മുലച്ചിപ്പറമ്പിലെ നങ്ങേലിയുടെ ചരിത്രവും പോരാട്ടവും ഓർമപ്പെടുത്തുകയായിരുന്നു പിലിക്കോട്ടെ കുട്ടികളുടെ സംഘനൃത്തം. പെൺരാഷ്ട്രീയം പറയുന്ന സംഭവകഥ പലവട്ടം ആലോചിച്ചാണ്‌ തെരഞ്ഞെടുത്തത്‌. സമ്മാനം കിട്ടിയാലും ഇല്ലെങ്കിലും നങ്ങേലിയുടെ കഥയാകട്ടെ നൃത്തമെന്ന്‌ കുട്ടികളും ഉറ്റവരും കട്ടയ്‌ക്കുനിന്നതോടെ നങ്ങേലിയുടെ പോരാട്ടമായി നൃത്തകഥ.

പെണ്ണഴകിന്‌ കരമൊടുക്കണമെന്ന കൽപ്പനയ്‌ക്കെതിരെ മുലയറുത്ത്‌ പ്രതിഷേധിച്ച നങ്ങേലിയുടെ ജീവിതത്തിലൂടെ സംഘനൃത്തവേദി മാറ്റച്ചിലങ്കയണിഞ്ഞു. യാഥാസ്ഥിതികമായ പ്രമേയങ്ങൾ മുറുകെപ്പിടിക്കുന്ന സംഘനൃത്തത്തിൽ മാറ്റങ്ങളുടെ കൈപിടിച്ച്‌ എ ഗ്രേഡ്‌ നേടിയതിന്റെ ആഹ്ലാദത്തിലാണ്‌ പിലിക്കോട്‌ സികെഎൻഎസ്‌ ഗവ. ഹയർ സെക്കൻഡറിയിലെ കുട്ടികൾ.

നങ്ങേലിയുടെ പോരാട്ടത്തിന്‌ ചിരുതയെന്ന പേരിലൂടെയാണ്‌ നൃത്താവിഷ്‌കാരമൊരുക്കിയത്‌. ‘ചുവചുവക്കട്ടെ ചുവചുവക്കട്ടെ, മാറ്‌ ചിന്തിയ ചോരയാൽ നാട്‌ ചുവക്കട്ടെ’ എന്ന വരികളോടെയാണ്‌ തുടക്കം. രക്തസാക്ഷി മരിക്കുന്നില്ലെന്ന ബാനർ ഉയർത്തിയാണ്‌ വിസ്‌മയ വി രാജും സംഘവും നൃത്തം അവസാനിപ്പിച്ചത്‌. ലക്ഷങ്ങൾ പൊടിക്കുന്ന നൃത്തവേദിയിൽ അനാർഭാടമായാണ്‌ പിലിക്കോടിന്റെ കുട്ടികൾ ആടിത്തിമിർത്തത്‌. അരുൺ നമ്പലത്തും കലാഭവൻ സുമേഷുമാണ്‌ കുട്ടികളെ ഒരുക്കിയത്‌.