വെറുമൊരു സ്‌ക്രിപ്റ്റല്ല; ഇത്‌ മൻസിയയുടെ കഥ

Thursday Jan 5, 2023

ആരാണ്ടാ... ആരാണ്ടാ ഈ പണി ചെയ്തേ? ഹലാക്ക് പിടിച്ച കുരിപ്പോളെ. ഈ ദുനിയാവ് കുത്തിപ്പൊട്ടിക്കാനുള്ള കലിപ്പ് വരുന്നുണ്ട്. പിന്നാരാണ്ടാ, പിന്നാരാണ്ടാ ഈ പെണ്ണിനെ സ്റ്റേജിലേക്ക് വിളിച്ചുകയറ്റിയേ... മോണോആക്ട് വേദിയിൽ കൗമുദി നിറഞ്ഞാടിയപ്പോൾ നർത്തകി വി പി മൻസിയ അത് ചേർത്തുപിടിച്ച് ഫെയ്‌സ്ബുക്കിൽ ഇങ്ങനെ കുറിച്ചു: "വെറുതെ ഒരു സ്ക്രിപ്റ്റല്ലിത്. ഇതിലെ ഓരോ ഡയലോ​ഗും എന്റെ ജീവിതമാണ്. എന്റെ ജീവിതത്തിൽ ഞാൻ കേട്ടതാണ്'.

മുസ്ലിം സമുദായത്തിൽനിന്ന് ഭരതനാട്യം അഭ്യസിച്ച നർത്തകി മൻസിയ നേരിട്ട വിവേചനങ്ങൾ, മുസ്ലിം പെൺകുട്ടി സ്റ്റേജിൽ കയറി സമ്മാനം വാങ്ങുന്നത് വിലക്കുന്ന സമകാലികസംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉൾച്ചേർത്താണ് കൗമുദി അവതരിപ്പിച്ചത്. മൻസിയയ്ക്ക് കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചതടക്കം കൗമുദി ഓർമപ്പെടുത്തി.

കോഴിക്കോട് മേപ്പയൂർ ജിവിഎച്ച്എസ്എസ്‌ വിദ്യാർഥിനിയായ കൗമുദി കളരിക്കണ്ടി ഹയർ സെക്കൻഡറി വിഭാ​ഗത്തിലാണ് എ ​ഗ്രേഡ് നേടിയത്. സത്യൻ മുദ്രയാണ് പരിശീലകൻ. സംസ്ഥാനതലത്തിൽ മൂന്നാംതവണയാണ് എ ഗ്രേഡ് നേടുന്നത്.