കളിക്കട്ടപ്പാ... തിമിര്‍ക്കട്ടെ

Thursday Jan 5, 2023
എച്ച്‌എസ്‌എസ്‌ നാടകം ഫാത്തിമമാതാ എച്ച്‌എസ്‌എസ്‌ കൂമ്പൻപാറ അടിമാലി

ആടെയും ഈടെയും നാടകക്കാരെ തട്ടീട്ടും മുട്ടീട്ടും നടക്കാൻ വയ്യ. വന്നോര്‌ വന്നോര്‌ മുഴോൻ പറയണത്‌ നാടകവർത്താനം മാത്രം. കൊല്ലം രണ്ടായീലേ പെട്ടീം പ്രമാണോം തട്ടേല്‌ കേറ്റീട്ട്‌. കളിക്കട്ടപ്പാ... കളിച്ച്‌ തിമിർക്കട്ടെ ഞങ്ങടെ മക്കൾ. നാടകം കളിച്ച്‌... നല്ല മനുഷ്യരാകട്ടെ.

എച്ച്‌എസ്‌എസ്‌ വിഭാഗം നാടകമത്സരവേദി ‘ഭൂമി’യിൽ രാവേറുംവരെ തിരക്ക്‌. മത്സരം കാണാനെത്തിയവർ രാവിലെതന്നെ സീറ്റ്‌ ഉറപ്പിച്ചു. അരങ്ങിനുമുന്നിൽ വിധികർത്താക്കൾ മാർക്കിടുമ്പോൾ, പേനയും പേപ്പറുമായി സദസ്സിലിരുന്ന്‌ നാടകം വിലയിരുത്തിയവരുമേറെ.

കാടും മേടും മണ്ണും ചരിത്രവും വർത്തമാനവും നീതിയും നെറിയുമെല്ലാം അരങ്ങിലെത്തി. മത്സരിച്ചവരിൽ ഏറെയും പെൺകുട്ടികളായിരുന്നു. അപ്പീലുകൾ ഉൾപ്പെടെ 16 നാടകങ്ങളാണ്‌ മാറ്റുരച്ചത്‌.