നാടകത്തില്‍ നിള മികച്ച നടി, അര്‍ജുന്‍ നടന്‍

Thursday Jan 5, 2023
എച്ച്‌എസ്‌എസ്‌ വിഭാഗം നാടകത്തിൽ മികച്ച നടി 
നിള നൗഷാദ്‌, മികച്ച നടൻ സി പി അർജുൻ

യാക്കോബേ, ഇങ്ങള്‌ നല്ല നടിയാ

‘സൂചിക്കുഴയിൽ ഒരു യാക്കോബി’ലെ യാക്കോബിനെ ഉജ്വലമാക്കിയ നിള നൗഷാദ്‌ എച്ച്‌എസ്‌എസ്‌ വിഭാഗം നാടകത്തിൽ മികച്ച നടി. കോഴിക്കോട്‌ നടക്കാവ്‌ ഗേൾസ്‌ സ്‌കൂളിന്റെ നാടകം എ ഗ്രേഡും നേടി.
എങ്ങനെ എളുപ്പത്തിൽ സ്വർഗത്തിൽ പോകാമെന്ന ദുഷ്‌ടനായ യാക്കോബിന്റെ ആലോചനയാണ്‌ നാടകം പറയുന്നത്‌. ടി വി കൊച്ചുബാവയുടെ ചെറുകഥയെ നാടകരൂപത്തിലാക്കിയത്‌ സതീഷ്‌ കെ സതീഷ്‌. സംവിധാനം: കെ വി വിജേഷ്‌, എം സി സന്തോഷ്‌. പൂക്കാട്‌ കലാസമിതിയിലെ നാടകപ്രവർത്തകരായ നൗഷാദ്‌ ഇബ്രാഹിമിന്റെയും ജയ നൗഷാദിന്റെയും മകളാണ്‌ നിള.

ഒറ്റ കുറിപ്പിൽ നാടകം ഓകെ

ഒറ്റ ഫെയ്‌സ്‌ബുക് കുറിപ്പ്‌–- അതേറ്റു. അങ്ങനെ ‘സത്യൻ’ അരങ്ങിൽ ഉദിച്ചു. അധ്യാപികയുടെ കുറിപ്പിന്‌ മറുപടി എത്തിയപ്പോൾ കണ്ണൂർ പെരളശേരി എകെജിഎസ്‌ ഗവ. എച്ച്‌എസ്‌എസിന്‌ എച്ച്‌എസ്‌എസ്‌ വിഭാഗം നാടകത്തിൽ എ ഗ്രേഡ്‌.  
‘‘ഒരു കാര്യം പറയാനുണ്ട്‌... പരിശീലനത്തിന്‌ അനുവദിച്ച ഒരാഴ്‌ചകൊണ്ട്‌ നാലു നാടകങ്ങൾ ഉണ്ടാക്കിയെടുത്ത്‌ സ്‌റ്റേജിൽ തകർത്തഭിനയിച്ച മിടുക്കരായ കുട്ടികളുണ്ട്‌ എന്റെ സ്‌കൂളിൽ. സർക്കാർ സ്‌കൂളാണ്‌. സാധാരണക്കാരുടെ മക്കളാണ്‌ കൂടുതലും. ഒരുമാസംകൊണ്ട്‌ 50,000 രൂപയ്‌ക്കു താഴെയേ മുടക്കാനാകൂ. ഈ കുട്ടികളെ പഠിപ്പിക്കാൻ സന്നദ്ധതയുള്ള നാടകപ്രവർത്തകരുണ്ടെങ്കിൽ സമീപിക്കുമോ?’’–- ഇതായിരുന്നു അധ്യാപിക സ്‌മിത പന്ന്യന്റെ കുറിപ്പ്‌.
ദിവസങ്ങൾക്കുള്ളിൽ ദേ മറുപടി. സുജിൽ മാങ്ങാട്‌ എന്ന സംവിധായകനും റെഡി. നാടകം പഠിപ്പിച്ചു, നേടി. സത്യനായി അരങ്ങിലെത്തിയ സി പി അർജുൻ മികച്ച നടനായി.
സത്യാനന്തരകാലത്തെ സത്യമാണ്‌ ഇതിവൃത്തം. ഈ നാടിന്റെ ആവാസവ്യവസ്ഥതന്നെ കളവിൽ ഉറച്ചുനിൽക്കുന്നുവെന്ന  ഡയലോഗ്‌ വലിയ കൈയടിയോടെയാണ്‌ സദസ്സ്‌ ഏറ്റുവാങ്ങിയത്‌.