അതിർത്തി 
മായ്‌ച്ച കഥ

Friday Jan 6, 2023

കോഴിക്കോട്‌
‘എത്രനാൾ കാത്തിരിക്കണം’–- കഥയിലേക്ക്‌ ഈ തലക്കെട്ട്‌ ചേർക്കുമ്പോൾ മഹാലക്ഷ്‌മി കുറിച്ചത്‌ നേരനുഭവങ്ങൾ. എഴുത്തിലൂടെ കാസർകോട്‌ അതിർത്തിയിലെ കൊറഗ സമുദായത്തിൽനിന്നുള്ള ആദ്യ മത്സരാർഥിയും എ ഗ്രേഡുകാരിയുമായി അവൾ. മിയാപദവ്‌ എസ്‌വിവിഎച്ച്‌എസ്‌എസിലെ പ്ലസ്‌ടു വിദ്യാർഥിനിക്ക്‌ ഹിന്ദി കഥാരചനയിലാണ്‌ നേട്ടം.

അനുഭവങ്ങൾ കഥയ്‌ക്കപ്പുറമാണ്‌ മഹാലക്ഷ്മിക്ക്‌. കോളനികളിൽ പഠനം പാതിയിൽ നിർത്തി കൂലിപ്പണിക്ക്‌ പോകുന്നവർ, ലഹരിയിൽ നശിച്ചവർ, അക്ഷരവെളിച്ചം അന്യമാകുന്ന കുടിലുകൾ... ആ നോവുകൾ അക്ഷരങ്ങളിലാക്കി.

തുളു സംസാരിക്കുന്ന മഹാലക്ഷ്‌മിക്ക്‌ കോഴിക്കോടൻ ആരവം പുതിയ കാഴ്‌ചയായി. മത്സരം കഴിഞ്ഞ്‌ പുറത്തിറങ്ങിയ ഉടൻ അധ്യാപികയുടെ ഫോണിൽ അമ്മയെ വിളിച്ചു. അമ്മ ശശികലയ്‌ക്ക്‌ ബീഡിതെറുപ്പുജോലിയാണ്‌. അച്ഛൻ ബാബു ഒരുവർഷംമുമ്പ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചു. അനിയൻ കൃഷ്‌ണപ്രകാശ്‌.