ചുരമിറങ്ങി 
ചരിത്രചിലങ്ക

Friday Jan 6, 2023
സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ഷരുൺ 
അധ്യാപിക ജയശ്രീക്കൊപ്പം

കോഴിക്കോട്‌
കാടിന്റെ കുളിരിൽനിന്ന്‌ ചുരമിറങ്ങി ഷരുൺ വെള്ളിയാഴ്‌ച ചരിത്രത്തിലേക്ക്‌ ചിലങ്ക കെട്ടും. വയനാട്ടിലെ കാട്ടുനായ്‌ക്ക വിഭാഗത്തിൽനിന്ന്‌ ആൺകുട്ടികളുടെ നാടോടിനൃത്തത്തിൽ ആദ്യമത്സരാർഥി. നൂൽപ്പുഴ രാജീവ്‌ഗാന്ധി സ്‌മാരക മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പത്താംക്ലാസ്‌ വിദ്യാർഥിയാണ്‌. നൃത്തം അത്രമേൽ ഇഷ്ടമാണ്‌ ഷരുണിന്‌. അതേ ഇഷ്ടത്തിന്റെ പേരിലാണ്‌ സ്‌കൂളിൽനിന്ന്‌ കൊഴിഞ്ഞുപോകാതെ അധ്യാപകർ കാക്കുന്നതും. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ്‌ നൃത്തം അഭ്യസിപ്പിക്കുന്നത്‌. പുൽപ്പള്ളി ചേകാടി തുരമ്പൂർ കോളനിയിലാണ്‌ വീട്‌. സ്‌കൂൾ കലോത്സവത്തിന്‌ ഡാൻസ്‌ കളിക്കണമെന്ന മോഹം സഫലമാക്കാൻ അധ്യാപകനെ വച്ച്‌ നാടോടിനൃത്തം പരിശീലിപ്പിച്ചു.

സ്‌കൂളിലെ അധ്യാപിക ടി ജയശ്രീക്കൊപ്പം വ്യാഴാഴ്‌ച കോഴിക്കോട്ടെത്തി. ടീച്ചറുടെ കോഴിക്കോട്ടെ വീട്ടിലാണ്‌ താമസം. തളി സാമൂതിരി സ്‌കൂളിലെ വേദിയായ കൂടല്ലൂരിൽ വെള്ളി പകൽ മൂന്നിനാണ്‌ മത്സരം. നൃത്താധ്യാപകൻ സമീർ കൽപ്പറ്റ കഴിഞ്ഞദിവസങ്ങളിലും പരിശീലിപ്പിച്ചു. വയനാട്‌ സബ്‌കലക്ടർ ആർ ശ്രീലക്ഷ്‌മി വിജയാശംസ നേർന്നു. ഷരുണിന്റെ ചുവടുകളിലേക്ക്‌ ഹൃദയംചേർത്ത്‌ കാത്തിരിക്കുകയാണ്‌ സഹപാഠികൾ.